ഹയര്‍ സെക്കന്‍ഡറി മലയാളം

എന്‍റെ മലയാളം
എന്‍റെ മലയാളം

സന്ദർശനം കവിത (Sandarsanam poem)

സന്ദർശനം കവിത ചൊല്ലുന്നത് കേൾക്കാം..

Sandarsanam video song by Venugopal
(സന്ദർശനം , വേണു ഗോപാൽ ചൊല്ലുന്നു)
താഴെ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=bNoBQGnU10U

Sandarsanam Song by Chullikkaad (സന്ദർശനം കവിത,ചുള്ളീക്കാട് ചൊല്ലുന്നു)
https://www.youtube.com/watch?v=Rq2tMm44dlo

Sandarsanam song in Mampazham (മാമ്പഴം എന്ന പരിപാടിയിൽ ‘സന്ദർശനം‘ ചൊല്ലുന്നു.ബാലചന്ദ്രൻ ചുള്ളിക്കാട്, ഈ കവിതയെക്കുറിച്ച് സംസാരിക്കുന്നത്  കാണാം
https://www.youtube.com/watch?v=Usq1Jm4g4QIക്ക്

.............................................................................................................................................................

സന്ദർശനം കവിതയ്ക്ക് അനുബന്ധമാ‍യി
ഇത് വായിക്കൂ..

 ബൈബി്‌ളിലെ തന്നെ വാക്യം കടമെടുത്താല്‍ " പ്രേമം
മരണത്തെപ്പോലെ ശക്തമാണ്‌. അതിന്റെ ജ്വാലകള്‍ അഗ്നിജ്വാലകളാണ്‌. അത്യുഗ്രമായ തീനാളം. ജലരാശിക്കു പ്രേമത്തെ കെടുത്താനാവില്ല ; പ്രളയത്തിന്‌ അതിനെ മുക്കികൊല്ലാനും ആവില്ല. ഒരുവന്‍ പ്രേമത്തിനുവേണ്ടി തന്റെ ഭവനത്തിലെ മുതലെല്ലാം നല്‍കിയാലും അതു തൃണതുല്യം." ഒരിക്കലെങ്കിലും ജീവിതത്തില്‍ പ്രണയിച്ചിട്ടുള്ളവര്‍ക്ക്‌ മേല്‍പ്പറഞ്ഞ വാക്യങ്ങള്‍ അക്ഷരംപ്രതി ശരിയാണെന്നു ബോധ്യപ്പെടാതിരിക്കില്ല.

മനുഷ്യര്‍ ഉണ്ടായതു മുതല്‍ പ്രണയവും ഉണ്ടായിരുന്നിരിക്കണം. ലോകത്തെവിടെയും അതിനു ഒരു ഭാഷയാണ്‌. ഒരേ സമയം ആനന്ദത്തിന്റെയും സങ്കടങ്ങളുടെയും കണ്ണീര്‍ പുരണ്ടതായിരിക്കും പ്രണയം. കൂടിച്ചേരലിന്റെ ആനന്ദവും വിരഹത്തിന്റെ നീറ്റലും കണ്ണീരില്‍ അവസാനിക്കുന്ന മറ്റൊരു സന്ദര്‍ഭവും ജീവിതത്തില്‍ ഇതുപോലെ കാണില്ല. അതുകൊണ്ടാണ്‌ കവി ഇങ്ങനെ പറഞ്ഞത്‌.
" അരുത്‌ ചൊല്ലുവാന്‍ നന്ദി. കരച്ചലിന്‍ അഴിമുഖം നമ്മള്‍
കാണാതിരിക്കുക. സമയമാകുന്നു പോകുവാന്‍- രാത്രി തന്‍
നിഴലുകള്‍ നമ്മള്‍- പണ്ടേ പിരിഞ്ഞവര്‍"
(സന്ദര്‍ശനം, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌)

പ്രണയത്തിന്റെ മധുരമായ ഓര്‍മ്മകളെ എത്ര സുന്ദരമായാണ്‌ യുവകവികളില്‍ ശ്രദ്ധേയനായ മുരുകന്‍ കാട്ടാക്കട വരച്ചുകാട്ടുന്നതെന്നു നോക്കൂ
" ദുരിതമോഹങ്ങള്‍ക്ക്‌ മുകളില്‍ നിന്നൊറ്റയ്‌ക്ക്‌
ചിതറി വീഴുന്നതിന്‍ മുമ്പല്‌പമാത്രയില്‍
ക്ഷണികമായെങ്കിലും നാം കണ്ട കനവിന്റെ
മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ ..........."
എല്ലാം ക്ഷണിക സ്വപ്‌നങ്ങളായി അവസാനിച്ചുപോകുന്ന ലോകത്തില്‍ അതുകൊണ്ട്‌ തന്നെയായിരിക്കണം ഓര്‍മ്മകളെ നാം മുറുകെ പിടിക്കുന്നത്‌. എല്ലാവരും മാറിപ്പോകുമ്പോഴും മാറാതെ മനസ്സില്‍ നമ്മുടെ ഓര്‍മ്മകള്‍ എങ്കിലും മാറാതെ നില്‍ക്കുമല്ലോ !

പുതിയകാലത്തെ യൗവനങ്ങള്‍ പുതിയ രീതിയില്‍ ഏറ്റവും വലിയ തമാശയായ്‌ പ്രണയത്തെ കാണുന്നത്‌ എന്തുകൊണ്ടായിരിക്കും. ആരുടെ എന്ത്‌ അനുഭവങ്ങളാണ്‌ ഇവരെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക ?
ഒരു പക്ഷെ, ആര്‍ക്കുവേണ്ടിയും കാത്തിരിക്കാന്‍ മനസ്സില്ലാത്ത തിരക്കുപിടിച്ച ജീവിതപാച്ചലില്‍ അതിതീവ്രമായ്‌ പ്രണയിച്ച്‌ അതിന്റെ ആനന്ദവും കണ്ണീരും വിയര്‍പ്പും മധുരവും ഏറ്റുവാങ്ങാന്‍ അവര്‍ക്ക്‌ സമയമില്ലാതെ പോകുന്നതാകം .
"ആരെയും പ്രണയിക്കരുത്‌ പ്രണയിച്ചാല്‍ മറക്കരുത്‌ മറന്നാല്‍ ഓര്‍ക്കരുത്‌ ഓര്‍ത്താല്‍ കരയരുത്‌ കരഞ്ഞാല്‍ ആരും കാണരുത്‌ ആരും കാണാതെ കരയുന്നതാണ്‌ പ്രണയം"
പുതിയ കാലത്തിലെ എസ്‌.എം.എസ്‌ പ്രണയവും അതിലെ സന്ദേശങ്ങളും കപടവും ഉപരിപ്ലവുമായിരിക്കുന്നു. താല്‌ക്കാലികമായി തട്ടിക്കൂട്ടാം എന്ന ബോധ്യത്തില്‍ തന്നെ പ്രണയം ആരംഭിക്കുന്ന യൗവനങ്ങള്‍ക്ക്‌ പഴയ ചെമ്മീനിലെ പ്രണയരംഗങ്ങളും കറുത്തമ്മയും - പഴനിയും - പരീക്കുട്ടിയുമെല്ലാം നേരമ്പോക്കിനുള്ള കളിതമാശകളില്‍ അവസാനിക്കുന്ന കോമാളിക്കഥാപാത്രങ്ങളായി മാറിയിരിക്കുന്നു.

വിഷാദ കാമുകന്മാരായി "ഈ കടപ്പുറത്ത്‌ പാടിപ്പാടി മരിക്കും "എന്നു കരുതുന്നവര്‍ ഈ ലോകത്തില്‍ ജീവിക്കാന്‍ അര്‍ഹരല്ലെന്ന്‌ അവര്‍ വിധിയെഴുതിക്കഴിഞ്ഞു. " പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക ; സ്‌നേഹിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക ; ആശിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക ഈ മൂന്നിലുമാണ്‌ ലോകത്തിലെ സുഖം. എന്നാല്‍ ഇവയിലെല്ലാം എനിക്ക്‌ നിരാശയാണ്‌ അനുഭവം" എന്നെഴുതിവച്ച്‌ ഭനപ്രണയത്തിന്റെ രക്തസാക്ഷിയായ കവി പുതുതലമുറയ്‌ക്ക്‌ മറവിയുടെ പുസ്‌തകത്തിലെ ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരുനാമം മാത്രമാണ്‌ - ഇടപ്പള്ളി രാഘവന്‍പ്പിള്ള.

പുതുതലമുറയുടെ പ്രണയസങ്കല്‌പം എന്നു പറയുന്നത്‌ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ "ഒരു കാമുകന്റെ ഡയറി" എന്ന കവിതയിലെ വരികള്‍ പോലെ രതികാമനകളുടെ അഗ്നിജ്വാലകള്‍ മാത്രമാണ്‌. "മെഴുകിന്റെയും മഞ്ഞക്കിളിയുടെയും പ്രവാഹമാണ്‌ നീ - പഴയപത്രങ്ങളും കുപ്പിച്ചില്ലും കുത്തിനിറച്ച എന്റെ ശരീരം നിന്നീലൂടെ ഒഴുകിപ്പോകുന്നു. ശബ്ദരഹിതമായ സാന്ധ്യലോകങ്ങളിലേക്ക്‌ ആസക്തിയുടെ അഗ്നിപീഠമാണ്‌ നിന്റെ അരക്കെട്ട്‌ അതിന്മേല്‍ പ്രകാസരൂപിയായ ഒരു വൃക്ഷം നൃത്തം ചവിട്ടുന്നു.
എന്തുകൊണ്ടാണ്‌ ഒരു തലമുറയുടെ പ്രണയസ്വപ്‌നങ്ങള്‍ മുഴുവന്‍ ലൈംഗികതയില്‍ ഒടുങ്ങിപ്പോയി ?
ആധുനിക സമൂഹ ശാസ്‌ത്രത്തിന്റെ (Modern sociology) സ്ഥാപകരിലൊരാളായ എമിലി ദര്‍ക്കൂം (Emile Durkkiem) പറയുന്നത്‌ വ്യക്തികള്‍ എന്നു പറയുന്നത്‌ ഒരൊറ്റപ്പെട്ട തുരുത്തല്ല. സങ്കീര്‍ണ്ണമായ സാമൂഹിക സമ്മര്‍ദ്ദങ്ങളുടെ ഉല്‌പന്നമാണവര്‍. സാമൂഹ്യസാഹചര്യങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി അതിനു പുറത്ത്‌ വെച്ച്‌ അവരെ വിലയിരുത്തുന്നത്‌ അര്‍ത്ഥശൂന്യമായിരിക്കുമെന്നാണ്‌.
ഒരു സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തിയുടെ സാമൂഹികാവബോധം എന്നത്‌ അദ്ദേഹം സമാര്‍ജ്ജിക്കുന്ന ജീവിതാനുഭവങ്ങളുടെ ആകെത്തുകയായിരിക്കും. എങ്കില്‍ നമ്മുടെ യൗവനങ്ങള്‍ ഇങ്ങനെയൊക്കെ ആയിത്തീര്‍ന്നുവെന്ന്‌ നിങ്ങള്‍ കരുതുന്നുവെങ്കില്‍ ജീവിതവും അനുഭവങ്ങളും അവനെ അങ്ങനെ പഠിപ്പിച്ചിട്ടുണ്ട്‌ എന്നുവേണം നാം അനുമാനിക്കാന്‍.
എല്ലാം ആഗോളവത്‌ക്കരണം എന്ന ഒറ്റപദത്തിലൊതുക്കിയാല്‍ എല്ലാമായി എന്നു കരുതുന്ന ഒട്ടനവധി സുന്ദരവിഢികളുണ്ട്‌ നമ്മുടെ നാട്ടില്‍. എല്ലാം വാണിഭമായി മാറിയിരിക്കുന്നു. ഇതിനുള്ള കാരണം ഇതാണ്‌. നമ്മുടെ എല്ലാ കടമകളും അവസാനിച്ചിരിക്കുന്നു എന്നു കരുതി ഒരിക്കല്‍ നാം എതിര്‍ത്തതിന്റെയും തള്ളിപ്പറഞ്ഞതിന്റെയും ഉപഭോക്താവും പ്രയോക്താവും വക്താവുമായി നാം മാറുമ്പോള്‍ ഓര്‍ക്കുക നിസ്വാര്‍ത്ഥമായ പ്രണയം പോലും വഴിവാണിഭത്തിലെ ലേലം വിളികളില്‍ കച്ചവടം ഉറപ്പിക്കുന്ന പരിഹാസ്യമായ ഇടപാടുകളായ്‌ മാറിപ്പോകുന്നു എന്ന്‌.
അതുകൊണ്ടുതന്നെയാണ്‌ നമ്മുടെ പ്രണയിതാക്കള്‍ പ്രണയത്തെയും ജീവിതത്തെയും ഏറ്റവും വലിയ ആക്ഷേപഹാസ്യമായ്‌ കാണുന്നതും. നോക്കൂ... പുതിയകാലത്തെ എസ്‌.എം.എസ്‌ സന്ദേശങ്ങള്‍ നിങ്ങള്‍ തുറന്നുവായിക്കുമ്പോള്‍ എന്താണു കാണുന്നത്‌ !
Last night I ്‌ dream of u (കഴിഞ്ഞരാത്രിയില്‍ ഞാന്‍ നിന്നെ സ്വപ്‌നം കണ്ടു. This morning my first thought was u ( ഇന്നു കാലത്ത്‌ എന്റെ ആദ്യവിചാരം നീയായിരുന്നു) I think of u the all the day (ഞാന്‍ ദിവസം മുഴുവന്‍ നിന്നെ ഓര്‍ക്കുന്നു) I think I like u ( ഞാന്‍ കരുതുന്നു ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നുവെന്ന്‌) ഈ സന്ദേശം ഇത്രവരെ വായിക്കുന്ന ഏതൊരാളും പ്രണയാതുരനായിപ്പോകും. എന്നാല്‍ നാം പ്രതീക്ഷിക്കാത്ത ആക്ഷേപ ഹാസ്യത്തിന്റെ ഒരു കീഴ്‌മേല്‍മറിയല്‍ നമ്മുക്ക്‌ അടുത്ത വാക്യത്തിലെ കാണാന്‍ കഴിയൂ. Tomorrow I think 'v' then w, x, y and z ( നാളെ ഞാന്‍ വിയെക്കുറിച്ച്‌ ഓര്‍ക്കും തുടര്‍ന്ന്‌ ഡബ്ല്യൂ, എക്‌സ്‌, വൈ, സെഡ്‌) ഇംഗ്ലീഷിലെ അക്ഷരത്തെക്കുറിച്ചും തുടര്‍ന്നു വരുന്ന അക്ഷരങ്ങളെക്കുറിച്ചുമാണ്‌ എന്റെ സന്ദേശം എന്ന്‌ പൊലിപ്പിക്കുന്നതിലൂടെ നീ എന്ന വലിയ ഒരു ലോകമാണ്‌ ഏറ്റവും ഉപരിപ്ലവമായ കറുത്ത ഫലിതമായ്‌ അവസാനിക്കുന്നത്‌.
ഇതിനെക്കാള്‍ പ്രതിലോമപരവും സങ്കുചിതവും നെരാശ്യജനകവുമായ ഒട്ടനവധി സന്ദേശങ്ങള്‍ മൊബൈലുകളില്‍ നിന്നും മൊബൈലുകളിലേക്കും സൈറ്റില്‍ നി്‌ന്നും സൈറ്റിലേക്കും പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്‌. നമുക്ക്‌ ചിന്തിക്കാന്‍പോലും കഴിയാത്ത വിധം അനേകകോടി കൊച്ചുകൊച്ചു സന്ദേശങ്ങള്‍ നമ്മുടെ നീട്ടിവലിയും പരത്തിയും പറഞ്ഞ കെട്ടുകണക്കിനു കടലാസുകള്‍ തിരുകിയ കത്തുകള്‍ക്ക്‌ വംശനാശം സംഭവിച്ച കാലത്തെ പുതിയ ക്ഷണപ്രഭാ ഭംഗികള്‍.

ചിരിയും ചിന്തയും ഉണര്‍ത്തുന്ന പുതിയകാലത്തെ സന്ദേശങ്ങള്‍ രസകരമാണെന്നു പറയാതിരിക്കാന്‍ വയ്യ. " God made man and rested, then made women and noone rested ( ദൈവം പുരുഷനെ സൃഷ്ടിച്ചു അല്‌പം വിശ്രമിച്ചു. തുടര്‍ന്ന്‌ സ്‌ത്രീയെ സൃഷ്ടിച്ചു. പിന്നെയൊരാളും സമാധാനമായിരുന്നിട്ടില്ല).
ട്രെയിനിലൊരു ഭിക്ഷക്കാരന്‍ കോഫികുടിക്കാന്‍ ഒരു യാത്രികനോട്‌ 12രൂപ ചോദിച്ച തമാശ കേള്‍ക്കൂ..... എന്തിനാണ്‌ 12രൂപ ഒരു കോഫിക്ക്‌ 6 രൂപയല്ലേയുള്ളൂ എന്നു ചോദിച്ച യാത്രികനോട്‌ ഭിക്ഷക്കാരന്‍ പറഞ്ഞു ഒന്നെന്റെ കാമുകിക്ക്‌ വേണ്ടിയാണ്‌. ആത്മഗതംപോലെ " ഭിക്ഷക്കാരനും കാമുകിയോ " എന്നു പറഞ്ഞ യാത്രക്കാരനോട്‌ ഭിക്ഷക്കാരന്‍ പറഞ്ഞു. സാര്‍ അങ്ങനെയല്ല അവളാണ്‌ എന്നെ വെറും തെണ്ടിയാക്കിയതെന്നാണ്‌.

പുരോഗമന മഹിളാമണികള്‍ എന്നു പറഞ്ഞ്‌ നാടുനീളെ പ്രസംഗിക്കുന്നവര്‍ക്ക്‌ വേണമെങ്കില്‍ ഇതൊക്കെ പുരുഷാധിപത്യ സമൂഹത്തിന്റെ സ്‌ത്രീവിരുദ്ധതയുടെ നേര്‍കാഴ്‌ചയാണിതന്നൊക്കെ പറയാം. എങ്കിലും പ്രണയിച്ച്‌ ജീവിതം കൈവിട്ട്‌ കളിച്ച്‌ കുത്തുപാളയെടുത്തുപോയ ശുദ്ധമനസ്‌ക്കരും നമുക്ക്‌ ചുറ്റും ഉണ്ട്‌ എന്നും കാണാതിരുന്നുകൂടാ.
കവി മുരുകന്‍ കാട്ടാക്കട ഈ സത്യം വളരെ പച്ചയ്‌ക്ക്‌ തന്റെ രേണുക എന്ന കവിതയില്‍ ഈ കപടപ്രണയത്തെ തുറന്നുകാണിക്കുന്നുണ്ട്‌. " ഭ്രമമാണു പ്രണയം ; വെറും ഭ്രമം..... വെറും വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്‌ഫടികസൗധം" വെറും പൊള്ളയായ പഞ്ചാര വാക്കുകളില്‍ ഭ്രമിച്ചു ചതിക്കപ്പെട്ട തനിക്കു ചുറ്റുമുള്ള മനുഷ്യരുടെ ജീവിതകാഴ്‌ചകളായിരിക്കാം കവിയെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്‌.

എന്നാല്‍ എല്ലാം കെട്ടുപോയിരിക്കുന്നു. ഇങ്ങിനിതിരിച്ചു വരാത്തവണ്ണം എല്ലാം നശിച്ചിരിക്കുന്നു എന്ന്‌ പറഞ്ഞ്‌ നിരന്തരമായി വിലപിക്കുന്നവരുണ്ട്‌. ശുഭാപ്‌തിവിശ്വാസം നഷ്ടപ്പെട്ട ഇക്കൂട്ടരുടെ ഒച്ചവെക്കലുകള്‍ക്ക്‌ വലിയ സാംഗത്വം ഉണ്ടെന്നു തോന്നുന്നില്ല.

പുതുതലമുറ പ്രണയത്തെയും ബന്ധങ്ങളെയും നോക്കികാണുന്നത്‌ വെറും ഭ്രമമായാമെന്ന പൊതുതത്വത്തിലേക്കെത്തുന്നത്‌ അര്‍ത്ഥശൂന്യമായിരിക്കും. ഏറ്റവും തീഷ്‌ണമായ പ്രണയം മനസ്സില്‍ കാത്തുസൂക്ഷിച്ച്‌ പരിപാലിച്ച്‌ അതിനെ താലോലിച്ച്‌ അതിന്റെ വളര്‍ച്ചയില്‍ ആനന്ദിച്ചും തളര്‍ച്ചയില്‍ ദുഃഖിച്ചും ജീവിക്കുന്ന ഒട്ടനവധി മനുഷ്യര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്‌.
' അടിച്ചുപൊളി ' യുടെയും ചെത്തിനടക്കലിന്റെയും സമയംകൊല്ലി പഞ്ചാരവര്‍ത്തമാനങ്ങളുടെയും ക്ഷണികസൗന്ദര്യങ്ങള്‍ തേടിനടക്കാതെ ഗാഢവും ഗൂഢവുമായ പ്രണയസ്വപ്‌നങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ അവരാണ്‌ യഥാര്‍ത്ഥ പ്രണയിതാക്കള്‍.
" എപ്പോള്‍ ഞാന്‍ തനിച്ചായിരിക്കുന്നുവോ അപ്പോള്‍ എനിക്ക്‌ നീ അരികിലില്ലാ എന്ന നീറ്റല്‍ അനുഭവപ്പെടുന്നു. എപ്പോള്‍ ഞാന്‍ മറ്റുള്ളവരോടൊപ്പമിരിക്കുന്നുവോ അപ്പോള്‍ എനിക്ക്‌ നിന്റെ അസാന്നിദ്ധ്യത്തിന്റെ വിലയറിയുന്നു. നീ എന്നോടൊപ്പം ഉള്ള നിമിഷങ്ങളാണ്‌ എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടത്‌ " എന്നു മനസ്സ്‌ തുറന്നുപറയുന്ന ഒളിച്ചുവെച്ച ഇരുവരും മാത്രം അറിയുന്ന പ്രണയനിര്‍ഭരമായ സാക്ഷ്യങ്ങള്‍ ആരുടെ മനസ്സിലാണ്‌ നിറയ്‌ക്കാതിരിക്കുക.

നാളെ ഒരുദിനം ജനാലക്കരികില്‍ നീ തനിച്ചിരിക്കുമ്പോള്‍ പുറത്തുപെയ്യുന്ന മഴത്തുള്ളികളുടെ താളാത്മകമായ ശബ്ദത്തോടൊപ്പം ചിന്താഭരിതനായി നീ ഇറ്റുവീഴുന്ന മഴത്തുള്ളികളെ നോക്കി സ്വയംമറന്ന്‌ ഓര്‍ത്തിരിക്കുന്നതെന്താവാം ! നാം തമ്മില്‍ ഒന്നിച്ച്‌ കഴിഞ്ഞ ആ നല്ല കാലത്തെക്കുറിച്ച്‌ തന്നെയാവുമോ ? നിന്റെ കണ്‍കോണില്‍ ഓര്‍മ്മയുടെ മധുരനൊമ്പരമായ്‌ ഒരുതുള്ളി കണ്ണീര്‍ വന്നു നിറയുമ്പോള്‍ നിന്നില്‍ തെളിയുന്ന രൂപം എന്റേതുമാത്രമായിരിക്കുമോ ! വിശ്വസിക്കുക.... ആ രൂപം എന്റേതാണെങ്കില്‍ ഞാന്‍ ധന്യനായ്‌. കാരണം നിന്റെ ഓര്‍മ്മയിലെ മന്ദഹാസത്തിനു ഞാന്‍ കാരണക്കാരനായില്ലേ.... അതുകൊണ്ട്‌ തന്നെ ഞാന്‍ നിന്റെ കണ്ണീരിനെ ഏറ്റവും ഉദാത്തമായ്‌ കരുതുന്നു.
ആത്മ " സ്‌മരണതന്‍ ദൂരസാഗരം തേടിയെന്‍ ഹൃദയരേഖകള്‍ നീളുന്നു പിന്നെയും കനക മൈലാഞ്ചിനീരില്‍ത്തുടുത്ത നിന്‍ വിരല്‍തൊടുമ്പോള്‍ കിനാവു ചുരന്നതും, നെടിയക്കണ്ണിലെ കൃഷ്‌ണകാന്തങ്ങള്‍ തന്‍ - കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും - മറവിയില്‍ മാഞ്ഞുപോയ നിന്‍ കുങ്കുമത്തരിപുരണ്ട ചിദംബര സന്ധ്യകള്‍ " ( സന്ദര്‍ശനം - ചുള്ളിക്കാട്‌)

പ്രണയവും പ്രണയസ്‌മൃതികളും എന്നും കവികളെയും സാഹിത്യകാരന്മാരെയും ആകര്‍ഷിച്ച വിഷയങ്ങള്‍ തന്നെ. എന്തിനേറെപ്പറയുന്നു മനുഷ്യരുടെ ഓരോ ജീവശ്വാസത്തിലും ചലനത്തിലും വാക്കിലും നിശ്ശബ്ദതയിലും അവന്റെ പ്രണയസ്വപ്‌നങ്ങളും സങ്കല്‌പങ്ങളും ഉണ്ട്‌ എല്ലാ ബന്ധങ്ങളെയും നിശ്ചിയിക്കുന്നതും നിര്‍ണ്ണയിക്കുന്നതും നിലനിര്‍ത്തുന്നതും പ്രണയം തന്നെയാണ്‌.
പ്രണയിക്കുന്നവര്‍ക്ക്‌ നിലാവുമാത്രമല്ല നിശ്ശബ്ദതയും അസഹ്യമായിരിക്കും. വിരഹത്തിന്റെയും വേര്‍പാടിന്റെയും നീറ്റല്‍ ഏറ്റവും അസ്വസ്ഥദായകമാകുന്നത്‌ ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌. അതുകൊണ്ടാണ്‌ പ്രണയിതാക്കള്‍ പറയുന്നത്‌ നിന്റെ വാക്കുകള്‍ എനിക്ക്‌ അസ്വ്‌സ്ഥത നിറയ്‌ക്കുന്നത്‌. ആയതുകൊണ്ട്‌ നീ എന്നോട്‌ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്കുക.
ഇങ്ങനെ നിര്‍ത്താതെ പറയുന്നത്‌ കാണുമ്പോഴാണ്‌ സമൂഹം അസ്വസ്ഥമാകുന്നത്‌. " എന്താണ്‌ ഇവര്‍ക്ക്‌ ഇത്രയും പറയാനുള്ളത്‌." എന്നു ചുറ്റുംകൂടി നില്‍ക്കുന്നവര്‍ അവരെ അപഹസിക്കുന്നു. പക്ഷെ പ്രണയിക്കുന്നവരുടെ നോവും നീറ്റലും വിലങ്ങും ആര്‍ക്കു മനസ്സിലാവും.
പ്രണയത്തെ സംബന്ധിക്കുന്ന ഏറ്റവും സ്വീകാര്യമായ വചനം " നിങ്ങളുടെ പ്രാണനാഥനില്‍ നിങ്ങളെ വിട്ടുപോകുന്ന നിമിഷത്തിലല്ല നിങ്ങളുടെ മനസ്സ്‌ ഏറ്റവും തീവ്രമായ്‌ വേദനിക്കുക ; യഥാര്‍ത്ഥത്തില്‍ അത്‌ ഏറ്റവും തീഷ്‌ണമായ കുത്തിനോവിക്കുന്ന നീറ്റലായ്‌ നിറയുക ഓരോ ദിവസവും അവന്‍ - അവള്‍ ഇല്ലാതെ അവന്റെ - അവളുടെ ഓര്‍മ്മകളുമായ്‌ നിങ്ങള്‍ ജീവിതത്തില്‍ തനിച്ചായിരിക്കുമ്പോഴാണ്‌."

ഒറ്റപ്പെടലിന്റെ ഇത്തരം മുറിവുകളില്‍ ജീവിതാവസാനംവരെ ഓര്‍മ്മകളില്‍ ജീവിക്കുന്നവരുടെ സങ്കടങ്ങളില്‍ നിന്നാണ്‌ നാം ജീവിതത്തില്‍ 4 കാര്യങ്ങള്‍ നാം തീര്‍ച്ചയായും പാലിക്കണമെന്ന്‌്‌ പറയുന്നത്‌. 1) നിങ്ങളെ ഇഷ്ടപ്പെടുന്നവരോട്‌ ഒരിക്കലും "സോറി " എന്നു പറയരുത്‌ 2) നിങ്ങളില്‍ അഗാധമായ വിശ്വാസം പുലര്‍ത്തുന്ന ഒരാളെയും ഒരിക്കലും കുറ്റപ്പെടുത്തരുത്‌ 3) നിങ്ങളെ മാത്രം ഓര്‍ത്തിരിക്കുന്ന ഒരാളെയും നിങ്ങള്‍ മറക്കരുത്‌ 4) നിങ്ങളെ ആഗാധമായ്‌ ആഗ്രഹിക്കുന്ന ഒരാളോടും "വിട" എന്നു പറയരുത്‌.
കാരണം പ്രണയം മുറിഞ്ഞുപോകുമ്പോള്‍ നാം ഒച്ചയൊന്നും കേള്‍ക്കില്ല. പക്ഷെ അതിന്റെ വേദന അതികഠിനമായിരിക്കും. പ്രണയത്തിനുവേണ്ടി ജീവിതം മുഴുവന്‍ അലഞ്ഞ കവയിത്രി കമലസുരയ്യ പറഞ്ഞതുപൊലെ " അവസാന നാളുകളിലെ ഓര്‍മ്മ സ്‌നേഹത്തിന്റേതായിരിക്കും. സ്‌നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖിരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണ്‌."
"ഞാന്‍ മഴയില്‍ നനഞ്ഞുനടക്കാന്‍ ആഗ്രഹിക്കുന്നു. കാരണം അപ്പോള്‍ ഞാന്‍ കരയുന്നത്‌ ആരും കാണുകയില്ലല്ലോ ! "എന്നു മനസ്സുനീറിപ്പറയുന്നവരുടെ നൊമ്പരക്കണ്ണിന്റെ വില ഒരുകാലത്തും സമൂഹം തിരിച്ചറിഞ്ഞിരുന്നില്ല. എന്നതു പ്രണയത്തെ സംബന്ധിക്കുന്ന ഒരു ദുഃഖസത്യമാണ്‌. സിനിമയില്‍ നായികയ്‌ക്കും നായകനും സംഭവിക്കുന്ന പ്രണയനഷ്ടത്തെ ഓര്‍ത്തുകണ്ണീര്‍ വാര്‍ക്കുന്ന ജനം നിത്യജീവിതത്തില്‍ നാട്ടുമ്പുറത്തും നഗരത്തിലും ഒരൊറ്റ പ്രണയത്തെയും സ്വാഭാവികമായ്‌ വിടരാന്‍ വിടാതെ മൊട്ടിലേ തല്ലിക്കൊഴിക്കുന്നു വില്ലന്മാരായ്‌ മാറുന്നതെന്തുകൊണ്ട്‌ എന്നത്‌ പഠനാര്‍ഹമായ വിഷയമാണ്‌.
സ്‌നേഹിച്ചു മതിവരാത്ത ആത്മാക്കളെ, സ്‌നേഹം പങ്കുവെക്കാനാഗ്രഹിക്കുന്ന ഹൃദയങ്ങളെ, വിരഹവേദന അനുഭവിക്കുന്ന മനസ്സുകളെ, പ്രണയസ്വപ്‌നങ്ങളില്‍ പാറിനടക്കുന്ന ഇണക്കുരുവികളെ ..... നിങ്ങള്‍ പ്രണയത്തിന്റെ മഹാകാരങ്ങളില്‍ നിരങ്കുശമായ്‌ നിസ്വാര്‍ത്ഥമായ്‌ വിഹരിക്കൂ.......
16008 ഗോപികമാര്‍ക്ക്‌ പ്രണയം ചുരത്തിനല്‍കിയ ഗോപാലന്റെ നാടാണിത്‌. ഇവിടെ പ്രമോദ്‌ മുത്തലിക്കുമാര്‍ക്കും മതമൗലികവാദത്തിന്റെ വാറോലകള്‍ ഉയര്‍ത്തുന്നവര്‍ക്കും സദാചാരത്തിന്റെ ഉത്സാഹകമ്മിറ്റികള്‍ക്കും സങ്കുചിത രാഷ്ട്രീയബോധത്തിന്റെയും വ്യക്തിവിദ്വേഷം തീര്‍ക്കാന്‍ നടക്കുന്നവര്‍ക്കും യാതൊരുസ്ഥാനവുമില്ല.
എപ്പോഴോ തട്ടി തകര്‍ന്നുവീഴുന്നു നാം. നഷ്ടങ്ങളറിയാതെ നഷ്ടപ്പെടുന്നു നാം. സന്ധ്യയും മാഞ്ഞൂ, നിഴല്‍മങ്ങി നോവിന്റെ മൂകാന്ധകാരം കനക്കുന്ന രാവിതില്‍ നമ്മള്‍ നിന്നു നിശ്ശബ്ദശബ്ദങ്ങളായ്‌ പകലുവറ്റിക്കടന്നുപോയ്‌ കാലവും, പ്രണയമൂറ്റി ചിരിപ്പൂ രൗദ്രങ്ങളും. പുറകിലാരോ വിളിച്ചതായ്‌ തോന്നിയോ..... പ്രണയമരുതെന്നുരഞ്ഞതായ്‌ തോന്നിയോ." 
(രേണുക മുരുകന്‍ കാട്ടാക്കട)

മരുഭൂപോലെ മനസ്സുവരണ്ടുപോയവര്‍ തെരുവില്‍ കൊലവിളി നടത്തട്ടെ.സ്വാര്‍ത്ഥവാഹകസംഘം മുന്നോട്ട്‌ തന്നെ. കാരണം കാലമെത്ര കഴിഞ്ഞിട്ടും രീതികള്‍ എത്ര മാറിയിട്ടും സാങ്കേതിക വിദ്യകള്‍ എത്ര സൗകര്യങ്ങള്‍ ഒരുക്കിയിട്ടും ഇന്നും പ്രണയിക്കുന്നവരുടെ മനസ്സിന്റെ ഉന്മാദവും പ്രണയനഷ്ടത്തിന്റെ നോവും ഇന്നും അതുപോലെ തന്നെ മാറ്റമില്ലാതെ തുടരുന്നു.
പ്രണയത്തിന്റെ നൈതികതയും ശരീരഭാഷയ്‌ക്കും പ്രതിഫലനങ്ങള്‍ക്കും കണ്ണിന്റെ തിളക്കത്തിനും ലോകത്തിലെല്ലായിടത്തും ഒരേ ഭാഷയാണ്‌.
അതുകൊണ്ടാണ്‌ കവി പറഞ്ഞത്‌ " രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നുവെന്ന്‌ " ലോകത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്‌ചപ്പാട്‌ മതം മാറ്റുന്നതാണ്‌ പ്രണയം. നിങ്ങള്‍ അന്നേവരെ കണ്ടതുപോലെയല്ല പിന്നെ ലോകത്തെ നോക്കിക്കാണുക. ലോകത്തിലെ സര്‍വ്വതും
 സുന്ദരമായ്‌ നിങ്ങള്‍ക്ക്‌ തോന്നാം.
(അമര്‍നാഥ്‌ കെ.ചന്തേര,.kasaragodvartha.com)
.................................................................................................................................................................
ന്ദ്രള്ളിക്കാടമായി ര്യുടിമു

ചോദ്യം വിജയലക്ഷ്മി ; ഉത്തരം ചുള്ളിക്കാട് !
( മനോരമയുടെ പഴയ ഒരു ലക്കം സണ്‍‌ഡേ സപ്ലിമെന്റില്‍ വാ‍യിച്ച അപൂര്‍വ്വമായ ഈ അഭിമുഖം ഇവിടെ പോസ്റ്റ് ചെയ്യുന്നു . വായിക്കത്തവര്‍ക്ക് വേണ്ടിയും ഇതിന്റെ അപൂര്‍വ്വത ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്കും വേണ്ടി )

വിജയലക്ഷ്മി: നാളെ ജൂലൈ 30നു താങ്കള്‍ക്ക് 50 വയസ്സു തികയുകയാണല്ലോ. എന്തു തോന്നുന്നു?

ബാലചന്ദ്രന്‍ ചുള്ളിക്കാട്:അദ്ഭുതം തോന്നുന്നു. ഇത്രകാലം ജീവിച്ചിരിക്കുമെന്നു പ്രതീക്ഷിച്ചതല്ല. ഒരുപാടു കാലം കഴിഞ്ഞുപോയതുപോലെ. ഉല്‍സവം കഴിഞ്ഞ അമ്പലമുറ്റംപോലെ മനസ്സ് ഒഴിഞ്ഞുകിടക്കുന്നു. വൈലോപ്പിള്ളിയുടെ വരികളാണ് ഓര്‍മവരുന്നത്.
“പണ്ടു നാം സ്നേഹിച്ചവര്‍അകന്നോ മൃതിപ്പെട്ടോവന്‍ പകയോടെ ചേരിമാറിയോ പൊയ്പോകുന്നുക്ഷുബ്ധമായ് കലുഷമായ്പ്രവഹിക്കുന്നൂ കാലം.”
ഇന്ന് ആകപ്പാടെ ആലോചിക്കുമ്പോള്‍ എന്റേതല്ലാത്ത മറ്റൊരു ലോകത്തില്‍, എന്റേതല്ലാത്ത മറ്റൊരു കാലത്തില്‍, അനഭിമതവും അനാവശ്യവും അപ്രസക്തവുമായ ഒരു ദുശ്ശകുനമാണ് എന്റെ സാന്നിധ്യം എന്നു തോന്നിപ്പോകുന്നു.

ചോദ്യം : ഇത്രയും കാലത്തിനിടയില്‍ നൂറില്‍താഴെ കവിതകള്‍ മാത്രമേ താങ്കളുടേതായി പുറത്തുവന്നിട്ടുള്ളു. താങ്കള്‍ കുറെക്കാലമായി കവിതകള്‍ എഴുതുന്നുമില്ല. എന്തുകൊണ്ടാണിങ്ങനെ?

ഉത്തരം: ആരും ആവശ്യപ്പെട്ടിട്ടല്ല ഞാന്‍ കവിതയെഴുതാന്‍ തുടങ്ങിയത്. എനിക്കു കവിതയെഴുതാന്‍ തോന്നിയപ്പോള്‍ എനിക്കു തോന്നിയതുപോലെ, തോന്നിയതൊക്കെ എഴുതി; അത്രമാത്രം. കുറെക്കാലമായി കവിതയെഴുതാന്‍ തോന്നുന്നില്ല. അതുകൊണ്ട് എഴുതുന്നില്ല. പ്രചോദനമില്ലാതെ എഴുതാനാവില്ല. പ്രചോദനമാകട്ടെ, ഇച്ഛാനുസരണം ഉണ്ടാവുന്നതുമല്ല.
ആയുഷ്കാലം മുഴുവന്‍ കവിതയെഴുതിക്കൊള്ളാമെന്നോ ആയിരക്കണക്കിനു കവിതകളെഴുതിക്കൊള്ളാമെന്നോ ആരുമായും എനിക്കു കരാറില്ല. കവിതാരംഗത്തു നിലനില്‍ക്കാന്‍വേണ്ടി ആഴ്ചതോറും നിര്‍ബന്ധിതമായി കവിതയെഴുതേണ്ട ഗതികേടും എനിക്കില്ല. അതുകൊണ്ട്, എഴുതാന്‍ കഴിയാത്തതിനെക്കുറിച്ചു യാതൊരു ഉത്കണ്ഠയുമില്ല. ചിലപ്പോള്‍ ഇനിയൊരിക്കലും ഒന്നുമെഴുതിയില്ലെന്നുവരാം.കാവ്യകലയെക്കുറിച്ചുള്ള എന്റെ വലിയ സങ്കല്‍പങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരു കവിത എഴുതാന്‍ എനിക്കൊരിക്കലും കഴിയില്ല എന്നു ബോധ്യമായി. ഈ ബോധ്യം രചനാപരമായ എന്റെ ഉല്‍സാഹം നഷ്ടപ്പെടുത്തിയിട്ടുണ്ട്.

ചോദ്യം : ഏറ്റവും പ്രിയപ്പെട്ട സ്വന്തം കവിത ഏതാണ്?

ഉത്തരം: 1984ല്‍, 27-ാം വയസ്സില്‍ എഴുതിയ ‘ഗസല്‍’ എന്ന കവിതയാണ് എനിക്കേറ്റവുമിഷ്ടം. വൈയക്തികാനുഭവം, ചരിത്രാനുഭവം, സംഗീതാനുഭവം എന്നിവയെ സമന്വയിക്കണം എന്ന മോഹം സാക്ഷാത്കരിക്കാന്‍ ആ കവിതയിലാണു ഞാന്‍ ശ്രമിച്ചത്. ഗുലാം അലി കേരളത്തില്‍ വരുമെന്നോ പാടുമെന്നോ ‘ഗസല്‍” എന്ന കവിത എഴുതിയ 1984ല്‍ ഞാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചിരുന്നില്ല. പാക്കിസ്ഥാന്‍ പൌരനായ ഗുലാം അലിക്ക് ബോംബെയില്‍ പാടാന്‍ അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ ദുഃഖവും പ്രതിഷേധവും തോന്നിയിരുന്നു. അക്കാലത്ത് അനേകം വേദികളില്‍ ഞാന്‍ ഗസല്‍ എന്ന കവിത ചൊല്ലിയിട്ടുണ്ട്. എന്റെ വികാരങ്ങളെ ശ്രോതാക്കള്‍ കരഘോഷത്തോടെ അംഗീകരിച്ചിരുന്നു.

ചോദ്യം: മദ്യത്തെ ഇത്രമേല്‍ ആശ്രയിക്കുന്ന അവസ്ഥ ചെറുപ്പത്തില്‍ എങ്ങനെയുണ്ടായി?

ഉത്തരം: എന്റെ ചെറുപ്പത്തില്‍ ഞാനാരാധിച്ച കലാകാരന്മാരും എഴുത്തുകാരും നന്നായി മദ്യപിക്കുന്നവരായിരുന്നു. അവരോടൊപ്പം മദ്യപിക്കാന്‍ കൌമാരകാലത്തുതന്നെ എനിക്കവസരം കിട്ടി. തകഴി, വൈക്കം ചന്ദ്രശേഖരന്‍നായര്‍, തോപ്പില്‍ ഭാസി, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ഒ. വി. വിജയന്‍, കാക്കനാടന്‍, നരേന്ദ്രപ്രസാദ് തുടങ്ങിയ എഴുത്തുകാര്‍, പി. കുഞ്ഞിരാമന്‍നായര്‍, കടമ്മനിട്ട രാമകൃഷ്ണന്‍, എ. അയ്യപ്പന്‍ തുടങ്ങിയ കവികള്‍, പി. ജെ. ആന്റണി, കൊട്ടാരക്കര ശ്രീധരന്‍നായര്‍, തിക്കുറിശ്ശി, നെടുമുടി വേണു, സുരാസു, സോമന്‍, സുകുമാരന്‍ തുടങ്ങിയ നടന്മാര്‍, അരവിന്ദന്‍, ജോണ്‍ ഏബ്രഹാം, ഭരതന്‍, പത്മരാജന്‍, പവിത്രന്‍ തുടങ്ങിയ ചലച്ചിത്രസംവിധായകര്‍....ഇവരോടൊക്കെ ഒപ്പമാണ് എന്റെ ചെറുപ്പത്തില്‍ ഞാന്‍ മദ്യപിച്ചിരുന്നത്. കലയും സൌഹൃദവും മദ്യവും ചേര്‍ന്ന സൌന്ദര്യലഹരി അന്നേ എന്നെ വശീകരിച്ചുകളഞ്ഞു.

ചോദ്യം: ഞാന്‍ പരിചയപ്പെടുന്ന കാലത്തു താങ്കള്‍ സ്വന്തമായി വരുമാനമോ വീടോ കിടക്കാനൊരു സ്ഥലമോ ഇല്ലാത്ത വെറുമൊരു തെണ്ടിയായിരുന്നു. മുഷിഞ്ഞു പിഞ്ഞിയ പഴഞ്ചന്‍ വസ്ത്രങ്ങളുമായി കാലില്‍ ചെരിപ്പുപോലുമില്ലാതെ കാടുപിടിച്ച മുടിയുമായി, കുളിക്കാതെയും പല്ലുതേക്കാതെയും നടന്നിരുന്ന ആ പ്രാകൃതനെ പഴയ സുഹൃത്തുക്കള്‍ ഇന്നും ഓര്‍ക്കുന്നുണ്ടാവണം. ഭക്ഷണത്തിനും യാത്രച്ചെലവിനുമൊക്കെയായി എന്നോടും ചെറിയ തുകകള്‍ യാചിക്കാന്‍ വന്നിരുന്ന ദരിദ്രകവി. നഗ്നപാദ കവി എന്ന് അയ്യപ്പപ്പണിക്കര്‍ താങ്കളെ വിശേഷിപ്പിച്ചതോര്‍ക്കുന്നു. കുറെക്കാലം തെണ്ടിയായി ജീവിച്ചതിന്റെ ചില ശീലങ്ങള്‍ ഇപ്പോഴും താങ്കളില്‍ ഞാന്‍ നിരീക്ഷിക്കാറുണ്ട്. തെണ്ടിയായി ജീവിച്ച ആ കാലത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടോ?

ഉത്തരം: ഭേദപ്പെട്ട കുടുംബത്തില്‍ ജനിച്ചതാണ്. വിധിവശാലും കയ്യിലിരിപ്പുകൊണ്ടും കൌമാരകാലത്തുതന്നെ തെണ്ടിയാകേണ്ടിവന്നു. വീടും നാടും വിടേണ്ടിവന്നു. ഭിക്ഷയാചിച്ചും കടത്തിണ്ണകളില്‍ അന്തിയുറങ്ങിയും കഴിയേണ്ടിവന്നു. കവിതകാരണം പതുക്കെപ്പതുക്കെ സൌഹൃദങ്ങള്‍ ഉണ്ടായി. കവി എന്ന ലേബല്‍ ‘തെണ്ടിജീവിത”ത്തിനു മാന്യതയും കാല്‍പനിക പരിവേഷവും നല്‍കി. തെണ്ടിയുടെ ജീവിതം എന്നെ വിലപ്പെട്ട ചില പാഠങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ ജീവിച്ചിരിക്കേണ്ടത് എന്റെ മാത്രം ആവശ്യമാണ്.

ഞാന്‍ ഈ പ്രപഞ്ചത്തില്‍ ഒരവശ്യഘടകമേ അല്ല. കോടാനുകോടി കൃമികളില്‍ ഒരു കൃമി. ആര്‍ക്കും വേണ്ടാത്ത ഒരു ജീവന്‍. സ്വന്തമായി ഒന്നുമില്ലാത്ത ഒരു തെണ്ടിയായിരിക്കുന്നതിന്റെ ലാഘവം. പരിത്യക്തതയുടെ വേദന. അതുകൊണ്ട് ഇന്നു ജീവിതത്തോടു നന്ദിതോന്നുന്നു. ഭക്ഷണവും വസ്ത്രവും കിടക്കാന്‍ സ്ഥലവും ഇന്നുണ്ട്. മഹാഭാഗ്യം. ഇനി നാളെ തെരുവിലേക്കുതന്നെ തിരിച്ചുപോകേണ്ടിവരുമോ എന്നറിയില്ല.

ചോദ്യം: കൂടുതല്‍ പണത്തിനും കൂടുതല്‍ പ്രശസ്തിക്കുംവേണ്ടി താങ്കള്‍ കവിതയെ തള്ളിക്കളഞ്ഞു എന്നു ഞാന്‍ ആരോപിച്ചാല്‍?

ഉത്തരം: അതു വളരെ ശരിയാണ്. നിരന്തരമായ കവിതാരചനയ്ക്ക് വലിയ പ്രതിഭയും പാണ്ഡിത്യവും വേണം. ശക്തമായ കാവ്യപ്രചോദനം വേണം. എനിക്കിതൊന്നുമില്ല. കടുത്ത മനക്ളേശവും ആത്മസംഘര്‍ഷവും ഉണ്ടാക്കുന്ന പണിയാണു കവിതാരചന. അതു പലപ്പോഴും മനസ്സിന്റെ സമനില തെറ്റിക്കും. കവിതയ്ക്കു പ്രതിഫലം വളരെ തുച്ഛം. പ്രായം കൂടിയതോടെ കവിതാരചനയുടെ ക്ളേശം സഹിക്കാനുള്ള മനശ്ശക്തിയും ശരീരശക്തിയും എനിക്കില്ലാതായി. ഈ സാഹചര്യത്തില്‍ ഞാന്‍ കവിതയുടെ ലോകം വിട്ടു എന്നു പറയാം. തീര്‍ച്ചയായും ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാനും പ്രശസ്തിയും പ്രതിഫലവും ആഗ്രഹിക്കുന്നു.

ചോദ്യം: മറ്റു പല കവികളെയുംപോലെ, സ്ഥാനമാനങ്ങളോ ബഹുമതികളോ ഉന്നത വിദ്യാഭ്യാസമോ ഉന്നത ഉദ്യോഗമോ നേടിയ ഒരാളല്ല താങ്കള്‍. എങ്കിലും താങ്കളുടെ തലമുറയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും വ്യക്തിഹത്യയ്ക്ക് ഇരയാവുകയും ചെയ്യുന്ന എഴുത്തുകാരന്‍ താങ്കളാണ്. താങ്കളുടെ കവിതകള്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നു. ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ‘ചിദംബരസ്മരണ” കെട്ടുകഥയാണെന്നു പ്രചരിപ്പിക്കപ്പെടുന്നു. സ്വഭാവശുദ്ധിയില്ലാത്തവനാണെന്ന് ആക്ഷേപിക്കപ്പെടുന്നു. എന്നിട്ടും താങ്കളുടെ കവിതാ സമാഹാരങ്ങള്‍ അനേകമനേകം പതിപ്പുകള്‍ വിറ്റുപോകുന്നു. ‘ചിദംബരസ്മരണ” മലയാളത്തില്‍ മാത്രമല്ല, തമിഴ് തര്‍ജമയിലും അനേകം പതിപ്പുകള്‍ വിറ്റുപോകുന്നു. ഇതിനെക്കുറിച്ച് എന്തു തോന്നുന്നു?

ഉത്തരം: കവി എന്ന നിലയില്‍ കുട്ടിക്കാലം മുതല്‍ എനിക്കു ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് എന്നോടു പലര്‍ക്കും ഉള്ള അസഹിഷ്ണുതയുടെ അടിസ്ഥാനം എന്നു ഞാന്‍ വിചാരിക്കുന്നു. സ്ഥാനമാനങ്ങളും ബഹുമതികളും ഉന്നത ബിരുദവും ഉന്നത ഉദ്യോഗവും ഒന്നുമെനിക്കില്ലെങ്കിലും എന്റെ വാക്കുകള്‍ കുറെ മനുഷ്യരുടെ ഹൃദയത്തെ സ്പര്‍ശിച്ചിട്ടുണ്ട്. സത്യവും അസത്യവും വേര്‍തിരിച്ച് അറിയാനുള്ള കഴിവ് മനുഷ്യാത്മാവിനുണ്ടെന്നാണ് എന്റെ വിശ്വാസം.

ആത്മാവിന്റെ സത്യബോധം വായനവേളയില്‍ വായനക്കാരനെ നയിക്കുന്നു എന്നാണ് എന്റെ അനുഭവം. അതുകൊണ്ട് കളവുപറഞ്ഞോ കളവ് എഴുതിയോ വായനക്കാരെ കബളിപ്പിക്കാം എന്ന തെറ്റിദ്ധാരണ എനിക്കില്ല. വായനക്കാര്‍ വിഡ്ഢികളല്ല. എഴുത്തിലെ സത്യവും അസത്യവും സ്വന്തം ആത്മാവില്‍ അവര്‍ തിരിച്ചറിയുകതന്നെ ചെയ്യും. അതിന് എഴുത്തിന്റെ കൂടെ എഴുത്തുകാരന്‍ ജില്ലാ കലക്ടറുടെയോ തഹസില്‍ദാരുടെയോ മറ്റേതെങ്കിലും ഗസറ്റഡ് ഓഫിസറുടെയോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.

എനിക്കെതിരായ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും പരദൂഷണങ്ങളും എന്നെ പ്രസക്തനാക്കുകയും എന്റെ പ്രശസ്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് എന്റെ പുസ്തകങ്ങള്‍ കൂടുതല്‍ ചെലവാകുന്നു. അതിനാല്‍ എല്ലാത്തരം എതിര്‍പ്പുകള്‍ക്കും സ്വാഗതം.

ചോദ്യം: നാം കണ്ടുമുട്ടുന്നതിനു മുന്‍പു താങ്കള്‍ പ്രണയിച്ചിരുന്ന ബാല്യകാലസഖിയെപ്പറ്റി മാത്രമേ താങ്കള്‍ പ്രണയ കവിതകള്‍ എഴുതിയിട്ടുള്ളു. അതും വളരെ കുറച്ചു പ്രണയകവിതകള്‍ മാത്രം. മറ്റു കവികളെല്ലാം ഇപ്പോഴും ധാരാളം പ്രണയകവിതകള്‍ എഴുതിക്കൊണ്ടിരിക്കെ താങ്കളുടെ പ്രണയലോകം ഇത്ര ശുഷ്കമായിപ്പോകാന്‍ എന്താണു കാരണം?

ഉത്തരം: മറ്റു കവികളെപ്പോലെ വ്യാപകമായി സ്ത്രീകളെ ആകര്‍ഷിക്കാനുള്ള കഴിവ് എനിക്കോ എന്റെ കവിതയ്ക്കോ ഇല്ല. സ്ത്രീകള്‍ക്ക് ഇഷ്ടം തോന്നാവുന്ന ഗുണങ്ങളൊന്നും എനിക്കില്ല. സഫലമാകാതെപോയ ആദ്യ പ്രണയത്തിന്റെ വേദനയും യാതനയും എന്നെ പ്രചോദിപ്പിച്ചപ്പോള്‍ ഞാന്‍ ചില പ്രണയകവിതകള്‍ എഴുതി എന്നു മാത്രം. വിവിധവും വിപുലവുമായ പ്രണയാനുഭവങ്ങളൊന്നും എനിക്കില്ല. പ്രണയകാര്യത്തില്‍ മറ്റു കവികളെപ്പോലെ വൈദഗ്ധ്യം എനിക്കില്ല. അതുകൊണ്ടാവാം എന്റെ പ്രണയകവിതകളുടെ എണ്ണം വളരെ കുറഞ്ഞുപോയതും ഒരാളില്‍ മാത്രം ഒതുങ്ങിനിന്നതും.

ചോദ്യം: 50 വയസ്സു തികയുന്ന ഈ വേളയില്‍, യൌവനകാലം മുഴുവന്‍ ഹോമിച്ചു താങ്കള്‍ എഴുതിയ സ്വന്തം കവിതകളെക്കുറിച്ച് എന്തു തോന്നുന്നു? സ്വന്തം കവിതകള്‍ കാലത്തെ അതിജീവിക്കുമെന്നു കരുതുന്നുണ്ടോ?

ഉത്തരം: ലോകത്തിലെ മഹത്തായ കവിതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്റെ കവിതകള്‍ നിസ്സാരമാണ്. അവ കാലത്തെ അതിജീവിക്കുകയില്ല. എന്റെ കാലഘട്ടത്തിലെ എന്റെ സമാനഹൃദയരെ അഭിസംബോധന ചെയ്താണു ഞാന്‍ കവിതകളെഴുതിയത്. ഭാവി തലമുറ ആ കവിതകള്‍ വായിക്കുമെന്നോ ആസ്വദിക്കുമെന്നോ ഞാന്‍ വിചാരിക്കുന്നില്ല. എന്റെ പരിമിതി എനിക്കു നന്നായി അറിയാം.

(കടപ്പാട്: കെ.പി.സുകുമാരൻ, ശിഥില ചിന്തകൾ)
മഹാകവികളുടെ വംശത്തിലെ അവസാനത്തെ കവിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. മനുഷ്യധര്‍മ്മസങ്കടങ്ങളുടെ ദുഷ്‌കരവിപിനങ്ങളിലേക്കും മരുഭൂമികളിലേക്കും ഉന്മത്തരാത്രികളിലേക്കും ഭ്രാന്തമായ പകലുകളിലേക്കും തീക്ഷ്ണ നരകങ്ങളിലേക്കും മോഹനസ്വപ്നങ്ങളിലേക്കും വാക്കിന്റെ പക്ഷികളെ ദൂതിനയച്ചവരെയാണ് നാം മഹാകവികള്‍ എന്നു വിളിക്കുന്നത്. ആ പക്ഷികള്‍ സാര്‍ത്ഥവാഹകരെപ്പോലെ ഒരു ചെറുമനുഷ്യാത്മാവിന്റെ മുതല്‍  പ്രപഞ്ചാത്മാവിന്റെവരെ സങ്കടങ്ങളും ഉന്മാദങ്ങളും മതിഭ്രാന്തിസന്ദേഹങ്ങളും സ്വപ്നങ്ങളും മോഹങ്ങളും പ്രേമങ്ങളും കാമങ്ങളും ഭയങ്ങളും സ്വകാര്യഭാഷകളും ഭാഷണങ്ങളും മൗനങ്ങളും നിശ്ശബ്ദതകളും ക്രോധങ്ങളും മുറിവുകളും നിലവിളികളും കവിതയിലേക്കു കൊണ്ടുവരുന്നു. ചരിത്രവും ചരിത്രബാഹ്യതയും സ്വന്തം മുറിയുടെ ഗര്‍ഭപാത്രസദൃശമായ ഏകാന്തതയും ഉത്സവത്തിന്റെ ബഹുശബ്ദനിര്‍ഭരമായ ജനാധിപത്യവും ജനാരണ്യത്തിന്റെ ബഹുശാഖിയായ ഋതുവ്യൂഹവും ഓര്‍മ്മയും മറവിയും സ്വത്വവും ജാഗ്രതയും നീതിയും വിലാപവും കൊണ്ടുവരുന്നു. ആ കിളിപ്പാട്ടില്‍ ഗോത്രത്തിന്റെ സ്വരലയവും ഏകാകിയുടെ വിങ്ങലും കേള്‍വിപ്പെടും. ശതതന്ത്രിക്കൊപ്പം ഒറ്റക്കമ്പിയും ഒച്ച വേറിട്ടു കേള്‍പ്പിക്കും.
ചെതുമ്പലുകളിലും പവിഴപ്പുറ്റുകളിലും കടല്‍ എഴുതുന്ന ജീവന്റെ പൗരാണിക ലവണചരിത്രവും ഒഴുക്കോരോന്നിലും നദികള്‍ പുതുക്കിയെഴുതുന്ന ജീവനലീലയും മരങ്ങളിലും വള്ളികളിലും കാടെഴുതുന്ന പച്ചയുടെ അമരകോശവും പരേതാത്മാക്കളെയും നക്ഷത്രങ്ങളെയും കഥാപാത്രങ്ങളാക്കി ആകാശമെഴുതുന്ന ബ്രഹ്മാണ്ഡനാടകവും അവ കവിതയുടെ ഗ്രന്ഥശാലയിലേക്കു കൊണ്ടുവരുന്നു. ഗ്രാമത്തിന്റെ ആഴമുള്ള പരിചയങ്ങളും നഗരത്തിന്റെ അലറിപ്പായുന്ന വേഗങ്ങളും രക്തംനിറയെ കുയിലുകളുള്ള കാമുകരുടെ മേഘദൂതുകളും നാടോടിയുടെ ലിപികളില്ലാത്ത ഭാഷയും ഭാവപരകോടിയില്‍ അഭാവത്തിന്‍ സ്വഭാവമറിഞ്ഞ ഋഷിയുടെ ജ്ഞാനോദയവും ഇണകളുടെ ദിഗംബരനടനവും ഭാഷയുടെ മണ്ണടരുകള്‍ കുഴിച്ചെടുത്ത് അവര്‍ കവിതയിലേക്കു വീണ്ടെടുക്കും. അങ്ങനെയുള്ളവരെ മഹാകവികള്‍ എന്ന് നാം വിളിക്കുന്നു. ഒരു മരത്തില്‍ മാത്രമായി അവര്‍ കൂടുവയ്ക്കാറില്ല. കുയിലിനെയും മയിലിനെയും ജിപ്‌സിയെയുംപോലെ ഒരിടത്തു മാത്രമായി കുടിപാര്‍ക്കുന്നുമില്ല. പല സ്വരങ്ങളില്‍ അവര്‍ എപ്പോഴും നമ്മോടു സംവദിച്ചുകൊണ്ടിരിക്കുന്നു. എപ്പോഴും സംവദിക്കാന്‍ കഴിയുന്ന ആ കവിതയില്‍ നമ്മുടെ ആത്മകഥയും സംസ്‌കാരത്തിന്റെ ആത്മകഥയും വായിക്കാനാവും. ഓരോ പാന്ഥനും വന്നുകൂടി ഓരോ കഥ കേട്ടും പറഞ്ഞും താന്‍താന്‍ വഴിപിരിയാനും വീണ്ടും വീണ്ടും വരാനും കഴിയുന്ന പെരുവഴിയമ്പലമാണ് അത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയും അങ്ങനെയാണ്. മലയാളകവിതയുടെ ചരിത്രത്തിലെ ഒരു നെടുമ്പാതയുടെ ഇങ്ങേയറ്റത്തെ ബാലചന്ദ്രന്റെ കവിത അടയാളപ്പെടുത്തുന്നു. ഇതിഹാസാഭിലാഷം ഉള്ളിലടക്കി ലോകാനുഭവത്തിന്റെ സമഗ്രതയത്രയും എഴുതിയ കാവ്യചരിത്രപാരമ്പര്യത്തിന്റെ ഒടുവില്‍ നില്ക്കുന്നതുകൊണ്ട് ബാലചന്ദ്രനെ മഹാകവികളുടെ വംശത്തിലെ അവസാനത്തെ കവിയെന്നു വിളിക്കാം.
ഇല വിരിഞ്ഞുവരുന്ന സമകാലിക കാവ്യഭാവുകത്വത്തില്‍ അങ്ങനെയൊരഭിലാഷമില്ല. സമീപഭൂതകാലത്തിലെ ആധുനികത ഉള്‍പ്പെടെ പാരമ്പര്യവിച്ഛേദത്തിന്റെ ഋതുക്കള്‍ പലതവണ മലയാളകവിതയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയിലെല്ലാം പല രൂപങ്ങളില്‍ നിലനിന്നിരുന്ന ആദിമപദാര്‍ത്ഥമാണ് ഇതിഹാസാഭിലാഷം. ലോകപ്രകൃതിയുടെയും മനുഷ്യപ്രകൃതിയുടെയും എല്ലാത്തരം സാധ്യതകളും കവിതയില്‍ എഴുതാനുള്ള അഭിലാഷമാണത്. രൂപാനുസരണവും രൂപലംഘനവും നാടോടിത്തവും സ്വാതന്ത്ര്യപ്രവാഹവും അതിന്റെ ഭാഗമാണ്. വ്യാസഹൃദയം പ്രാപിക്കല്‍ . രുദിതാനുസരണം. തിരിച്ചുവരാത്ത ഒരു ലോകത്തെയും ജീവിതത്തെയും ഒരു മഹാഖ്യാനമായി പ്രതിഷ്ഠിക്കുന്ന ബൃഹദ്കഥ പറയുന്ന ഇതിഹാസരൂപത്തെ പ്രാപിക്കലല്ല ഇതിഹാസാഭിലാഷം. സ്ഥൂലത്തിലും സൂക്ഷ്മത്തിലും പ്രപഞ്ചവൈവിധ്യത്തെയാകമാനം പ്രേമവും പ്രേതവും യുദ്ധവും മരണവും ഫലിതവും ഭയവുമെല്ലാമടങ്ങുന്ന രസരാസലോകമത്രയും എഴുതലാണ്. ഒടുങ്ങാത്ത തിരകള്‍പോലെ വാക്കുകള്‍ തോന്നേണമെന്നു പ്രാര്‍ത്ഥിച്ച് മനുഷ്യാനുഭവത്തിന്റെ പെരുമ്പരവയുടെ തീരത്തുനില്പാണ് അവിടെ കവിത. ആ കാവ്യാഭിലാഷത്തിന്റെ വിച്ഛേദം സമകാലികഭാവുകത്വത്തിന്റെ ഭാഗമായതുകൊണ്ട് ബാലചന്ദ്രനില്‍ മഹാകവിവംശം അവസാനിക്കുന്നുവെന്നു പറയാന്‍ കഴിയും. കവിതയുടെ വസന്തര്‍ത്തു അവസാനിച്ചു കഴിഞ്ഞെന്നോ ഇനി ഭൂമി പാഴായും ശൂന്യമായും ഇരിക്കുമെന്നോ പുറന്തോടു പൊട്ടിച്ച് കവികള്‍ പുറത്തുവരില്ലെന്നോ ഉള്ള അതിപ്രസ്താവമല്ല ഇത്. മറിച്ച്, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയെ നമ്മുടെ കാവ്യചരിത്രത്തിന്റെ നീണ്ടവഴിയില്‍ ഈ സന്ധിയിലാണു കാണാന്‍ കഴിയുക. സമീപകാല കവിതയുടെ ഏറ്റവും  തീവ്രമായ മുഖമായ ബാലചന്ദ്രന്റെ കവിത മലയാളകവിതയുടെ ഇതിഹാസാഭിലാഷപാരമ്പര്യത്തിന്റെ അവസാന കാണ്ഡത്തില്‍നിന്നുകൊണ്ട് ഭൂതത്തിലേക്കും ഭാവിയിലേക്കുമുള്ള നോട്ടങ്ങളുടെയും പോക്കുകളുടെയും ബഹുപഥസന്ധിയായി നിലകൊള്ളുന്നു.
വ്യഗ്രതകളുടെ കവിയാണ് ബാലചന്ദ്രന്‍ . വൈദ്യുതവൃക്ഷക്കീഴിലെ ധ്യാനസ്ഥന്റേതുപോലുള്ള ഉത്കടമായ പലതരം വ്യഗ്രതകള്‍. രൂപഭേദത്തിന്റെ ഛന്ദോബദ്ധതയുടെ, മുക്തതയുടെ, വിലാപത്തിന്റെ, കദനത്തിന്റെ, പൊട്ടിത്തെറിക്കലിന്റെ വ്യഗ്രതകള്‍ . തീക്ഷ്ണതകളുടെ അംഗാരശയ്യകളാണ്, ജ്ഞാനിയുടെ പുല്പായകളല്ല ഈ കവിതകള്‍ ശയിക്കാന്‍ തിരഞ്ഞെടുക്കുന്നത്.
ഇതാ എന്റെ വഴി / അനിശ്ചിതത്വത്തിലേക്കു തുറക്കുന്ന / ഈ വാതില്‍ . / യുദ്ധത്തിനും സംഗീതത്തിനും ഇടയ്ക്കുള്ള / ഈ ഒറ്റയടിപ്പാത / മനുഷ്യനിലേക്കുള്ള ചോരപ്പാളം എന്ന് ‘കൂടുമാറ്റ’ത്തിലും,
പരിക്ഷുഭിത ജീവല്‍ഗതാഗതധാരയില്‍
തിരകയാണെന്റെ പിച്ചളക്കണ്ണുകള്‍
ശിഥിലജീവിതത്തിന്‍ ഭ്രാന്തരൂപകം
എന്ന് ‘എവിടെ ജോണി’ലും
കനകമൈലാഞ്ചിനീരില്‍ത്തുടുത്ത നിന്‍ -
വിരല്‍ തൊടുമ്പോള്‍ക്കിനാവുചുരന്നതും
നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങള്‍ തന്‍ / കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും / മറവിയില്‍ മാഞ്ഞുപോയ് നിന്‍ കുങ്കുമ- / ത്തരിപുരണ്ട ചിദംബരസന്ധ്യകള്‍ എന്ന് ‘സന്ദര്‍ശന’ത്തിലും ജലഗിതാറിന്റെ ആ ലൈലാകഗാനങ്ങള്‍ നാം കേട്ടിരുന്നു. സ്വപ്നമോഹിതന്റെ വാചാലതയും ഈണങ്ങളെ വെട്ടിക്കളയുന്ന യുക്തിവാദിയുടെ സംയമിത്വവും മോഹഗായകന്റെ കുഴല്‍വിളിയും ജ്ഞാനിയുടെ വിപരീതോക്തിയും ഗോത്രഗായകന്റെ കെട്ടുപൊട്ടിക്കുന്ന തുടിച്ചൊല്ലുമല്ല, ദുഃസ്വപ്നപീഡിതന്റെ അമ്ലഭാഷണമാണ് ബാലചന്ദ്രന്റേത്. ഹൃദയങ്ങളോടെന്നപോലെ തലച്ചോറിനോടും ഇന്ദ്രിയങ്ങളോടും രക്തത്തോടും മാംസത്തോടും സംവദിക്കാന്‍ ആ കവിതയ്ക്കു കഴിയും. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ചെറുപ്പക്കാര്‍ അവരുടെ ആത്മകഥ ബാലചന്ദ്രന്റെ കവിതയില്‍ വായിച്ചത് അതുകൊണ്ടാണ്. യശസ്വികളായ കവികള്‍ മറ്റുപേര്‍ ഉണ്ടായിരുന്നിട്ടും മറ്റാരിലും അവര്‍ക്ക് അതിനു കഴിഞ്ഞില്ല. ഈ യുവജനപ്രീതിയും കവിതയിലെ ഉത്കടമായ ആത്മനിവേദനങ്ങളുംകൊണ്ടാവണം ബാലചന്ദ്രനെ ചങ്ങമ്പുഴ കൃഷ്ണപിള്ളയുമായി കൂട്ടിച്ചേര്‍ത്തു കാണാനുള്ള വാസന ചില വിമര്‍ശകരെങ്കിലും പ്രകടിപ്പിച്ചിരുന്നു. തീവ്രത, യുവത്വം, പദാന്വയ നവീനത, വാഗ്‌സംഗീതം, നിര്‍മ്മാണകൗശലത്തെ കവിഞ്ഞുപോകുന്ന വാസനാവൈഭവം, സ്വരവൈവിധ്യം, സമ്പൂര്‍ണ്ണമായ സുതാര്യത, അനര്‍ഗളമായ ഊര്‍ജ്ജപ്രവാഹം, മസ്തിഷ്‌കത്തെക്കാള്‍ ഹൃദയത്തിലുള്ള വിശ്വാസം ഇങ്ങനെ ചങ്ങമ്പുഴക്കവിതയുടെ വൈശിഷ്ട്യങ്ങള്‍ പലതും ബാലചന്ദ്രന്റെ കവിതയെ യുവസഹൃദയര്‍ക്കു പ്രിയങ്കരമാക്കുന്നുവെന്ന് ‘ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ ‘ എന്ന സമാഹാരത്തിനെഴുതിയ അവതാരികയില്‍ സച്ചിദാനന്ദന്‍ നടത്തിയ നിരീക്ഷണം ഇതിനുദാഹരണമാണ്.
(ഒരു വ്യഴവട്ടക്കാലത്തിനുശേഷം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പുതിയ കവിതാസമാഹാരം ‘പ്രതിനായകന്‍ ‘ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പുസ്തകത്തിന്റെ അവതാരികയില്‍ പി.കെ രാജശേഖരന്‍ എഴുതിയ ലേഖനത്തില്‍നിന്ന്)
- See more at: http://www.dcbooks.com/blog/tag/fiction/#sthash.NnsvjL5U.dpuf

N.A.NASEER Photos (എൻ.എ.നസീർ)

(courtesy)

plus one malayalam (പ്ലസ് വണ്‍ മലയാളം)