ഹയര്‍ സെക്കന്‍ഡറി മലയാളം



എന്‍റെ മലയാളം
എന്‍റെ മലയാളം

കൈപ്പാട്( kaippaad )

കൈപ്പാട് ‌- സംവിധായകൻ
(director, kaippaad)


കൈപ്പാട് ഡോക്യുമെന്ററിയിൽ നിന്ന് ചില ചിത്രങ്ങൾ




കടലിനോടോ പുഴയോടോ ചേർന്ന് കാണപ്പെടുന്ന ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പുനിലം.കോൾനിലങ്ങൾ. ഇവിടെ നടക്കുന്ന കൃഷി. വടക്കൻ കേരളത്തിൽ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളിലെ പരമ്പരാഗത കൃഷിരീതിയാണ് കൈപ്പാട് കൃഷി. ശാസ്ത്രീയമായ കൃഷിരീതികളിലൂടെ ഇത്തരം മേഖലകളിലെ കാർഷിക പരീക്ഷണങ്ങൾ സംഘടിപ്പിക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ പണ്ട് മുതൽക്കേ ഉള്ള കൈപ്പാട് നെൽകൃഷി വളരെ പ്രസിദ്ധമാണ്

കൂടുതൽ വിവരങ്ങൾക്ക് താഴെ ക്ലിക്ക് ചെയ്യുക
http://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D





കൈപ്പാട്  ഡോകുമെന്ററി ഇവിടെ കാണാം 

 ചുവടെ ക്ലിക്ക് ചെയ്യുക 






മലബാറിന്‍റെ സ്വന്തം ‘കൈപ്പാട് അരി’ ഭൗമശാസ്ത്ര സൂചികയില്‍

കണ്ണൂര്‍ : നവര, പാലക്കാടന്‍ മട്ട, പൊക്കാളി, വയനാടന്‍ ഗന്ധകശാല ജീരകശാല എന്നീ നെല്ലിനങ്ങള്‍ക്ക് പിന്നാലെ മലബാറിന്റെ സ്വന്തം കൈപ്പാട് അരിയും ഭൗമശാസ്ത്ര സൂചികയില്‍ ഇടം നേടി. മറ്റ് മൂന്ന് ഉല്‍ന്നങ്ങള്‍ക്കൊപ്പം കേരളത്തില്‍ നിന്നുള്ള ഒരേയൊരിനമായാണ് കൈപ്പാട് അരി ഇത്തവണ സൂചികയിലിടം നേടിയത്.
അന്താരാഷ്ട്ര വിപണിയില്‍ അരിയ്ക്ക് സവിശേഷ സ്ഥാനം നേടിക്കൊടുക്കുന്നതാണ് ഈ പദവിലബ്ധി.
 ഭൂമിശാസ്ത്ര പ്രത്യേകതയുള്ള ഉല്‍പനന്നങ്ങളുടെ ഗുണമേന്‍മയുടെ അടിസ്ഥാനത്തിലുള്ളതാണ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്‌സിന്റെ ആഗോളാംഗീകാരമുള്ള ഈ പട്ടിക.
മലബാറിലെ പരമ്പരാഗത കൃഷി രീതിയായ കൈപ്പാട് കൃഷിയിലൂടെയാണ് കൈപ്പാട് അരി ഉല്‍പാദിപ്പാക്കുന്നത്. കടലിനോടോ പുഴയോടോ ചേര്‍ന്നുള്ള ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പിലാണ് കൈപ്പാട് കൃഷി. ഉപ്പുരസത്തെ അതിജീവിക്കാന്‍ കഴിയുന്ന നെല്ലിനങ്ങള്‍ മാത്രമേ ഈ നിലങ്ങളില്‍ യോജിക്കൂ. കേരള കാര്‍ഷിക സര്‍വ്വകലാശാല പടന്നക്കാട് കാര്‍ഷിക കോളജ് അധ്യാപിക ഡോ ടി വനജയുടെ നേതൃത്വത്തില്‍ ഏഴോം മലബാര്‍ ഫാര്‍മേഴ്‌സ് സൊസൈറ്റിയാണ് സ്ഥാനലബ്ധിക്കായി പ്രവര്‍ത്തിച്ചത്.
ഉല്‍പാദനം കുറവായിരുന്ന കുതിര്, ഓര്‍ക്കയമ, ഓര്‍പ്പാണ്ടി, ഒടിയന്‍ തുടങ്ങിയ പരമ്പാരഗത വിത്തിനങ്ങള്‍ക്ക് പുറമെ ഏഴോം ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളും കൈപ്പാട് കൃഷിയ്ക്കായി ഡോ വനജയുടെ നേതൃത്വത്തില്‍ വികസിപ്പിക്കപ്പെട്ടു.
രാസവളപ്രയോഗമില്ലാതെ ജൈവരീതിയിലാണ് കൈപ്പാട് കൃഷി. നിലങ്ങളിലെ സൂഷ്മജീവികള്‍ മുതല്‍ ദേശാടനക്കിളികള്‍ വരെ കൃഷിയെ സ്വാധീനിക്കുന്നു. വര്‍ഷത്തില്‍ ഒറ്റത്തവണയുള്ള നെല്‍കൃഷി ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ്. നവംബറില്‍ കൊയ്ത്ത്. ശേഷം മത്സ്യകൃഷി. ഏപ്രിലിലെ മത്സ്യക്കൊയ്ത്തിന് ശേഷം വീണ്ടും നെല്‍കൃഷി. ഇതാണ് കൈപ്പാട് രീതി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി നാലായിരത്തിലധികം ഹെക്ടര്‍ വരുന്ന കൈപ്പാട് നിലങ്ങളില്‍ പകുതിയിലേറെ ഇന്ന് ഉപയോഗശൂന്യമാണ്.
ഭൂമിശാസ്ത്ര സൂചികയിലേക്ക് കയറുന്ന കൈപ്പാട് കൃഷി ഭാവിയില്‍ സമൃദ്ധമായ ഒരു കൊയ്ത്തുകാലം പ്രതീക്ഷിക്കുന്നു.

(വാർത്ത, ഇന്ത്യാ വിഷൻ, 5 Aug 2013 06:56:



മാധ്യമം ആഴ്ചപ്പതിപ്പ് കൈപ്പാട് എന്ന ഡോക്യുമെന്ററിയെക്കുറിച്ച് എഴുതുന്നു..

കൈപ്പാട് കൊയ്യുന്നത്‌

രവിശങ്കര്‍ പി.ടി

അന്ന് ആ ആപ്പിള്‍ ന്യൂട്ടന്റെ തലയില്‍ വീഴാതെ കുറച്ച് അപ്പുറത്തേക്ക് മാറി വീണിരുന്നെങ്കില്‍ ഒരുപക്ഷേ, അദ്ദേഹമത് എടുത്ത് തിന്നുമായിരുന്നു.അങ്ങനെയായിരുന്നെങ്കില്‍ സര്‍വചരാചരങ്ങള്‍ക്കും ചലനത്തിലേര്‍പ്പെടുന്നതിന് തലക്ക് മുകളിലെ മറ്റൊരു പ്രഹരത്തിനായി കാത്തിരിക്കേണ്ടിവരുമായിരുന്നു.

'കാന'ത്തിനുശേഷം ബാബു കാമ്പ്രത്ത് ചൂണ്ടിക്കാണിക്കുന്ന തികച്ചും പാരിസ്ഥിതികമായ ഡോക്യുമെന്ററിയാണ് കൈപ്പാട്- the back water paddy and fish field. മുറ്റത്തെ കിണറ്റിലെ അവസാന തുള്ളിയും വറ്റിയതിനുശേഷം, തൊടിയിലെ അവസാന പൂവും വാടിയതിനുശേഷം, കാലടിയിലെ അവസാന തരിക്കായി പരക്കംപായുന്ന മനുഷ്യകുലത്തിന്റെ മുറവിളികള്‍ക്ക് നിസ്സംഗതയാണ് മറുപടി. തലക്ക് മുകളിലെ 'ആ പ്രഹരം' എല്ലാ നിയമങ്ങളും എഴുതിച്ചേര്‍ക്കുന്നു.

അഗ്രിബിസിനസ്,അഗ്രിക്കള്‍ച്ചര്‍ എന്നീ സങ്കരപദങ്ങളെ കൂട്ടിവായിച്ച് വ്യത്യാസം രേഖപ്പെടുത്താനാണ് ചിത്രം ആവശ്യപ്പെടുന്നത്. കൃഷി സംസ്‌കാരമായിരുന്ന നാട്ടില്‍ അതിവേഗ ഭക്ഷണത്തിന്റെ(fast food) വിത്തുകള്‍ അധിനിവേശ എക്‌സിക്യൂട്ടിവുകള്‍ പാകിയപ്പോഴാണ് പാടങ്ങളില്‍ കടുംകൃഷിയുടെ വിപണനതന്ത്രങ്ങള്‍ തലപൊക്കിയത്. കാലത്തിനും ദേശത്തിനും നാട്ടാരുടെ വയറിനും അനുസൃതമായ പൈതൃക കാര്‍ഷികതയെ കൈവിട്ട് കച്ചവട കൃഷിയെ പുല്‍കിയപ്പോള്‍ മുന്നിലും പിന്നിലും ശേഷിച്ചത് കള്ളിമുള്ളുപോലും വളരാത്ത കട്ടപൊട്ടിയ പാടങ്ങള്‍ മാത്രം.
പുഴ കടലില്‍ ചേരുന്ന അഴിമുഖതീരത്തിന് പിറകിലായി, ഓരുജലം കയറിനില്‍ക്കുന്ന കായലിനോട് ചേര്‍ന്ന് ഏറ്റിറക്കങ്ങളില്‍ പുഷ്ടിപ്രാപിക്കുന്ന ചതുപ്പ്‌നിലങ്ങളാണ് കൈപ്പാട് നിലങ്ങള്‍. വടക്കന്‍ മലബാറിന്റെ സ്വന്തം കാര്‍ഷികനിലങ്ങള്‍. പ്രകൃതിയുടെ മനക്കണക്കുകള്‍, പ്രാദേശികതയെ ഊട്ടിയിരുന്നതിന്റെ അന്യംനിന്നുപോവാത്ത ഒരുതുണ്ട് കൃഷിയിടം സംവിധായകന്‍ 'കൈപ്പാടി'ലൂടെ കാണിച്ച് തരുന്നു.

മേടത്തിലെ വിഷുകഴിഞ്ഞ് കാലവര്‍ഷത്തിന് മുമ്പായി കൈപ്പാടിന്റെ കൃഷിക്കാലം ആരംഭിക്കുന്നു. ചേര്‍ന്നുകിടക്കുന്ന കായലില്‍നിന്ന് ബന്ധം മുറിച്ച നിലം കൂനകൂട്ടി വേനലിന്റെ ചൂടില്‍ ഉണക്കാന്‍ ഇടുന്നു. ഫലഭൂയിഷ്ഠമായ മേല്‍മണ്ണ് സംരക്ഷിക്കുക, കഴിഞ്ഞ ഏറ്റിറക്കങ്ങളില്‍ മണ്ണില്‍ കലര്‍ന്ന ഉപ്പിന്റെ അംശം നീക്കം ചെയ്യുക എന്നിവയാണ് ഉദ്ദേശ്യം. ഇടവപ്പാതി കഴിയുമ്പോള്‍ പാഞ്ഞെത്തുന്ന ആദ്യ മഴയില്‍തന്നെ കൈപ്പാടില്‍ പുതഞ്ഞുകിടക്കുന്ന ഉപ്പുരസം ഒഴുകിപ്പോകുന്നു. ഇനി കൃഷിയിറക്കാം.
കേരളത്തിലെ മറ്റ് നെല്‍പാടങ്ങളെ അപേക്ഷിച്ച് കൈപ്പാട്‌നിലം നേരിടുന്ന പ്രധാന വെല്ലുവിളി തൊട്ടുചേര്‍ന്ന് കിടക്കുന്ന കായലാണ്. തീര്‍ത്തും പ്രാദേശികമായ ഭക്ഷ്യസംസ്‌കാരവും കൃഷിരീതിയും എങ്ങനെ ഉരുത്തിരിയുന്നു എന്നതിന്റെ അവശേഷിക്കുന്ന ഉദാഹരണമാണ് ഈ നിലം. ഉപ്പിന്റെയും വെള്ളത്തിന്റെയും ഭീഷണി അതിജീവിക്കുന്ന കുതിര്, ഓര്‍കൈമ എന്നീ നെല്ലിനങ്ങളാണ് കൈപ്പാടില്‍ വിതക്കാറ്. അമേരിക്കയിലെ വിളറിയ പാടങ്ങളിലോ കാറ്റൂതി പറക്കുന്ന യൂറോപ്യന്‍ കൗണ്ടികളിലോ വിതക്കുന്ന തൊലി വെളുത്ത നെല്‍മണികള്‍ ഇവിടെ വാഴില്ലെന്ന് സാരം.

തൂക്കനാംകുരുവികളുടെ രാഷ്ട്രീയം
എവിടെനിന്നെന്നറിയാത്ത എണ്ണമറ്റ തൂക്കനാംകുരുവികള്‍ പറന്നെത്തി കര്‍ഷകരോട് പറയും, വിത്തിറക്കാന്‍ നേരമായി. മുളപ്പിച്ച നെല്‍വിത്താണ് മണ്‍കൂനകള്‍ക്ക് മുകളില്‍ വിതക്കുക. വിതക്കുന്നതില്‍ ഒരു പങ്ക് തൂക്കനാംകുരുവികള്‍ക്ക് അവകാശപ്പെട്ടതാണ്. കുരുവിയാഹരിച്ചതിനുശേഷം ബാക്കിയുള്ളവ കൂനകള്‍ക്ക് മുകളില്‍ കിടന്ന് മുള പൊട്ടും. തൂക്കനാംകുരുവികളുടെ ജീവിതത്തോട് അത്രകണ്ട് ചേര്‍ന്നു നില്‍ക്കുന്നു കൈപ്പാട് നിലം.

കൂനക്ക് മുകളില്‍ കിളിര്‍ത്തുപൊന്തുന്ന നെല്‍ച്ചെടികള്‍ പറിച്ചുനടുകയല്ല, കൈക്കോട്ടുകൊണ്ട് കൊത്തിമാറ്റുകയാണ് ചെയ്യുക. അത് ഈ മണ്ണിന്റെ മാത്രം കൃഷിരീതി. അഗ്രി ബിസിനസിന്റെ കടുംകൃഷി തഴച്ചുവളരുന്ന മണ്ണില്‍ കൃഷി ഒരു സംസ്‌കാരമാകുന്നതെങ്ങനെയെന്ന് 'കൈപ്പാട്' കാണിച്ചുതരുന്നു. പരിചരണമേതുമില്ലാതെ പ്രകൃതി വളര്‍ത്തുന്ന നെല്‍പാടം.
രാസവളമോ ജൈവവളമോ ഉപയോഗിക്കാത്ത ഈ പാടത്ത് നെല്‍കൃഷി വളരുന്നതിനോടൊപ്പം ജലജീവികളുടെയും പോട്ടപുല്ലുകളുടെയും ഒരു സമാന്തര ആവാസവ്യവസ്ഥ മുളപൊട്ടുന്നു. കഞ്ഞിക്കലം തിളച്ചുമറിയുന്നതിന് പ്രകൃതിനിയമങ്ങളെ മാനിച്ചേ തീരൂ എന്ന് ഇത്തരം ചിട്ടവട്ടങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

നെല്ലോലയും തെങ്ങോലയുടെ നാരും ഉപയോഗിച്ചാണ് തൂക്കനാംകുരുവികള്‍ കൂടു കെട്ടുന്നത്. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്ന സമയത്ത് കതിരുഭാരത്താല്‍ നെല്‍ച്ചെടി മറിഞ്ഞുവീഴുന്നു. നെല്‍ച്ചെടി വിളയുന്നത് ആര്‍ക്കുവേണ്ടി എന്ന ചോദ്യം അവശേഷിക്കുന്നു. കൂന കൂട്ടുന്ന നെല്‍കൂമ്പാരത്തിന്റെ ഒരു ഓഹരിയില്‍ തൂക്കനാംകുരുവിയുടെ അടുത്ത തലമുറ വളരുന്നു.സംവിധായകന്‍ തുറന്ന കാമറയുമായി കൈപ്പാടില്‍ ഒരാണ്ടിലധികം അലഞ്ഞതിന്റെ ഫലമാണ് 100 ശതമാനം നാച്ചറല്‍ ഫ്രെയിംസ്. കൈപ്പാടിന്റെ തനത് സൗന്ദര്യവും കൈപ്പാടിന്റെ മാ്രതം ജൈവഘടനയും മായമൊട്ടുമില്ലാതെ നിരത്താനായതില്‍ ബാബുവിന് സന്തോഷിക്കാം.
കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തിലേക്ക് വേലിയേറ്റത്തില്‍ ഓരുജലം വീണ്ടും കയറിവരുന്നു. ഈ ഓരുജലത്തിലാണ് കൊയ്തിറക്കിയ വൈക്കോല്‍ അഴുകുന്നതും ആല്‍ഗകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതും. 'കൈപ്പാടി'ന്റെ രണ്ടാം ഭാഗം ഇവിടെ തുടങ്ങുന്നു.

ഇനി ചെമ്മീന്‍കെട്ടിന്റെ കാലം
ഓരുജലം കയറിയ ജൈവാംശമുള്ള ഈ വെള്ളക്കെട്ടില്‍ ചെമ്മീന്‍ സുലഭമായി വളരുന്നു. ചെറു പരല്‍, മാലാന്‍, ചൂട്ടാച്ചി എന്നീ മത്സ്യങ്ങളും. ഈ ജൈവലോകത്തേക്ക് ജനിതക ഓര്‍മകളും പേറി ഭൂഖണ്ഡങ്ങള്‍ താണ്ടി ദേശാടനക്കിളികള്‍ പറന്നിറങ്ങുന്നു. ഐബിസ്, എരണ്ട, കാട, കൊക്ക് തുടങ്ങി 45 ഇനത്തില്‍പ്പെട്ട പരദേശിപ്പക്ഷികള്‍ക്ക് കൈപ്പാട് വിരുന്നൊരുക്കുന്നു. നെല്ലോലകള്‍ തലയാട്ടുന്ന പച്ചപ്പില്‍നിന്ന് ചെമ്മീനുകളും മീന്‍പിടിയന്‍ പറവകളും പുളക്കുന്ന വെള്ളക്കെട്ടിലേക്ക് സംവിധായകന്‍ നമ്മെ കൊണ്ടുപോകുന്നു.

കൈപ്പാടും കായലും ചേരുന്നിടത്ത് ബണ്ട് കെട്ടി മഞ്ചയിട്ടുള്ള ചെമ്മീന്‍കെട്ടുകളാണ് ഇവിടത്തെ പരമ്പരാഗത മീന്‍പിടിത്ത രീതി. കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ തഴച്ചുവളരുന്ന പോട്ടപ്പുല്ലുകള്‍ അരിഞ്ഞെടുത്ത് കായലില്‍നിന്ന് മുങ്ങിയെടുത്ത ചളിയില്‍ കുഴച്ചാണ് ബണ്ട് കെട്ടുന്നത്. വേലിയേറ്റത്തില്‍ കയറിവരുന്ന ഓരുവെള്ളത്തിലെ ചെമ്മീന്‍കുഞ്ഞുങ്ങളെ കൈപ്പാടിന്റെ ജൈവസമൃദ്ധിയില്‍ വളര്‍ത്തി വേലിയിറക്കത്തില്‍ മഞ്ചയിട്ട് പിടിക്കുന്നു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ചെമ്മീന്‍കെട്ട് കാലം. വിഷുവിന് മുമ്പ് മഞ്ചയെടുത്ത് കായലുമായുള്ള ബന്ധം മുറിച്ച് കൈപ്പാടിനെ ഉണക്കാനിടുന്നു. വെള്ളം വറ്റുന്ന പാടത്തിലെ ചളിപ്പരപ്പില്‍ ഊളിയിടുന്ന ചെറുവിരകളും ദേശാടനത്തിന്റെ അവസാന നാളുകള്‍ താണ്ടുന്ന പക്ഷികളും തീര്‍ക്കുന്നത് ജൈവവൈവിധ്യത്തിന്റെ വേറൊരു മുഖം. കാര്യമാത്രപ്രസക്തമായ വെറും വോയ്‌സ് ഓവര്‍ നരേഷന്‍ മാത്രമുള്ള ഈ ഡോക്യുമെന്ററി നിര്‍ദേശമോ ഉപദേശമോ രേഖപ്പെടുത്തുന്നില്ല. കൈപ്പാടിനെ തുറന്നുകാണിച്ചു, പ്രകൃതിയുടെ കരവിരുത് വരച്ചുചേര്‍ത്തു, അത്രമാത്രം.

No comments:

Post a Comment