ഹയര്‍ സെക്കന്‍ഡറി മലയാളം



എന്‍റെ മലയാളം
എന്‍റെ മലയാളം

പ്ലസ്‌ വണ്‍.. അധിക വായനയ്ക്ക്


ആനന്ദ ധാര


ചൂടാതെ പോയി നീ നിനക്കായി ഞാന്‍ ചോര ചാറി
ചുവപ്പിചോരെന്‍ പനിനീര്‍ പൂവുകള്‍
കാണാതെ  പോയി നീ നിനക്കായി ഞാന്‍
എന്‍റെ പ്രാണന്‍റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍
ഒന്ന് തൊടാതെ പോയി വിരല്‍തുമ്പിനാല്‍ ഇന്നും
നിനക്കായി തുടിക്കുമെന്‍ തന്ത്രികള്‍
അന്ധമാം സംവല്സരങ്ങള്‍ക്കുമാക്കരെ
അന്തമെഴാതതാം ഓര്‍മ്മകള്‍ക്കക്കരെ
കുംകുമം തൊട്ടു വരുന്ന ശരല്‍ക്കാല
സന്ധ്യയാണിന്നും  എനിക്ക് നീ ഓമനേ
ദുഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം
എന്ത്   ആനന്ദം ആണെനിക്ക്‌ ഓമനേ
എന്നുമെന്നും എന്‍ പാന പാത്രം നിറക്കട്ടെ
നിന്‍ അസാന്നിധ്യം പകരുന്ന വേദന
...........................................................................................................................................................
ഇനി വരുന്നൊരു തലമുറക്ക്‌ ഇവിടെ വാസം സാദ്ധ്യമോ?...

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ ? കാലികമായ ഈ ചോദ്യത്തിനുള്ള ഉത്തരം കാണേണ്ടത് നമ്മൾ ഓരോരുത്തരുമാണ്..
ഇത്രയും ശക്തമായൊരു വരികൾ അടുത്ത നാളുകളിലോന്നും കേട്ടിട്ടില്ല. ഇഞ്ചക്കാട് ബാലചന്ദ്രന്‍റെ രചനയും രശ്മി സതീഷിന്‍റെ ശബ്ദവും കൂടിയായപ്പോള്‍ ശക്തമായ പ്രതിഷേധമായി കവിത മനസുകളിലേക്ക് ആഴ്ന്നിറങ്ങുന്നു...
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ.?
മലിനമായ ജലാശയം അതി-മലിനമായൊരു ഭൂമിയും.
ഇലകള്‍ മൂളിയ മര്‍മ്മരം, കിളികള്‍ പാടിയ പാട്ടുകള്‍,
ഒക്കെയിന്നു നിലച്ചു കേള്‍പ്പതു ഭൂമി തന്നുടെ നിലവിളി.
നിറങ്ങള്‍ മാറിയ ഭൂതലം, വസന്തമിന്നു വരാതിടം,
നാളെ നമ്മുടെ ഭൂമിയോ മഞ്ഞു മൂടിയ പാഴ്നിലം.
തണലു കിട്ടാന്‍ തപസ്സിലാണിന്നിവിടെയോരോ മലകളും,
ദാഹനീരിനു നാവു നീട്ടി വലഞ്ഞു പുഴകള്‍ സര്‍വ്വവും.
കാറ്റുപോലും വീര്‍പ്പടക്കി കാത്തു നില്‍ക്കും നാളുകള്‍,
ഇവിടെയാണെന്‍ പിറവിയെന്നാല്‍-വിത്തുകള്‍ തന്‍ മന്ത്രണം.
പെരിയ ഡാമുകള്‍ രമ്യഹര്‍മ്മ്യം, അണുനിലയം, യുദ്ധവും,
ഇനി നമുക്കീ മണ്ണില്‍ വേണ്ടെന്നൊരു മനസ്സായ്‌ ചൊല്ലിടാം..
വികസനം- അതു മര്‍ത്ത്യ മനസ്സിന്നരികില്‍ നിന്ന് തുടങ്ങണം,
വികസനം അതു നന്മപൂക്കും ലോകസൃഷ്ടിയ്ക്കാകണം.
സ്വാര്‍ത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോര്‍
ചുട്ടെരിച്ചു കളഞ്ഞുവോ ഭൂമിതന്നുടെ നന്മകള്‍
നനവു കിനിയും മനസ്സുണര്‍ന്നാല്‍ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണര്‍ത്തുക കൂട്ടരേ.............
..............................................................................................................................................................

ഒരു ഞരമ്പിപ്പൊഴും.. സച്ചിദാനന്ദൻ


ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടെന്ന്
ഒരില തന്റെ ചില്ലയോടോതി..
ഒരില കൊഴിയാതെയിപ്പോഴും ബാക്കിയെ-
ന്നൊരു ചില്ല കാറ്റിനോടോതി
ഒരു ചില്ല കാറ്റിനോടോതി...

ഒരു ചില്ല കാറ്റിൽ കുലുങ്ങാതെ നില്‍പുണ്ടെ-
ന്നൊരു മരം പക്ഷിയോടോതി..
ഒരു ചില്ല കാറ്റിൽ കുലുങ്ങാതെ നില്‍പുണ്ടെ-
ന്നൊരു മരം പക്ഷിയോടോതി..
ഒരു മരം വെട്ടാതെയൊരു കോണിൽ കാണുമെ-
ന്നൊരു കാടു ഭൂമിയോടോതി

ഒരു സൂര്യനിനിയും ബാക്കിയുണ്ടെന്നൊരു
മല സ്വന്തം സൂര്യനോടോതി...
ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാൻ
അടരുന്ന രാത്രിയോടോതി....
അടരുന്ന രാത്രിയോടോതി....

അതു കേട്ടു ഭൂമിതൻ പീഡിതരൊക്കെയും
പുലരിയോടോപ്പമുണര്‍ന്നു...
അവരുണര്‍ന്നപ്പോഴേ പുഴകൾ പാടി,
വീണ്ടും തളിരിടും കരുണയും കാടും...

പുതു സൂര്യൻ മഞ്ഞിന്റെ തമ്പുരു മീട്ടി, ഹാ,
പുതുതായി വാക്കും മനസ്സും...
ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടെന്ന്
ഒരില തന്റെ ചില്ലയോടോതി...
ഒരില തന്റെ ചില്ലയോടോതി...
ഒരില തന്റെ ചില്ലയോടോതി...


 ഭൂമിക്ക് ഒരു ചരമഗീതം

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം!

അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!

ആതിരകള്‍ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!

നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!

നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍
വന്നപോല്‍ കാറ്റുകള്‍ നടന്നൂ.

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!

ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!
അരിയ നിന്‍ ചിറകിന്റെ-
യൊരു തൂവലിന്‍ തുമ്പി-
ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ!

അതു കെട്ടുപോകട്ടെ! -- നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ...!
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി സ-
ന്താന പാപത്തിന്റെ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്‍ തന്‍ ജ്വാല മാത്രമായി
പോകുമിപ്പോക്കില്‍ സിരകളിലൂടരി-
ച്ചേറുകയല്ലീ കരാളമൃത്യൂ?....

ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയില്‍ നിനക്കാത്മശാന്തി!







...................................................................................................................................................................
പുസ്തകം : മരങ്ങള്‍ നട്ട മനുഷ്യന്‍
രചയിതാവ് : ജീന്‍ ഗിയാനോ/ വിവര്‍ത്തനം : കെ.അരവിന്ദാക്ഷന്‍
 ബുക്ക് മലയാളം




പ്രതീക്ഷകള്‍ നടുന്നവര്‍ക്കറിയാം സന്തോഷത്തിന്റെ കൊയ്ത്തുകാലം വരുകതന്നെ ചെയ്യുമെന്ന്. മഹാവൃക്ഷങ്ങളുടെ വിത്തുകള്‍ പാകി കടന്നുപോയവര്‍ അത് മുളയ്ക്കുന്നതും വളര്‍ന്ന് വടവൃക്ഷമായി തലമുറകള്‍ക്ക് തണലേകുന്നതും പൂക്കള്‍ വിടരുന്നതും കാറ്റ് പരാഗങ്ങള്‍ പരത്തുന്നതും തേന്‍തേടി ശലഭങ്ങള്‍ വന്നുപോകുന്നതും കായകള്‍ പഴുത്ത് കനിയാകുന്നതും കനിതേടി ശിഖരങ്ങളില്‍ പക്ഷികള്‍ കൂടുകൂട്ടുന്നതും അണ്ണാനും കുരങ്ങനും മറ്റനേകം മരങ്കേറിവികൃതികളും വന്നണയുന്നതും തിന്നുതൂറിയ കനികള്‍ വിത്തുകളാകുന്നതും മണ്ണില്‍ പുതിയ കാടിന്റെ ഇലകള്‍ വിരിയുന്നതും ഒറ്റമരം ഒരു കാടായി മാറുന്നതും ഒരു പക്ഷെ, മണ്ണില്‍ സ്വപ്‌നത്തിന്റെ ആദ്യവിത്തിട്ട മനുഷ്യന്‍ അറിഞ്ഞെന്നുവരില്ല. ഇലകളില്‍ സൂര്യന്‍ തിളയ്ക്കുന്നതും വേരുകള്‍ കിനിയുന്നതും അരുവികള്‍ മുളപൊട്ടുന്നതും പിന്നെയും വരാനിരിക്കുന്ന തലമുറകള്‍ക്കായാണ്.

നിസ്വാര്‍ത്ഥമായി ഇനി വരാനിരിക്കുന്ന ജീവകോടികള്‍ക്കായി മണ്ണിന്റെ കനിവിലേക്ക് വൃക്ഷങ്ങളുടെ വിത്തുകളിട്ട് കടന്നുപോയ ഒരു മനുഷ്യന്‍. എല്‍സിയാഡ് ബോഫിയര്‍. ഫ്രഞ്ച് എഴുത്തുകാരനായ ജീന്‍ ഗിയാനോയുടെ 'മരങ്ങള്‍ നട്ട മനുഷ്യന്‍' എന്ന ചെറുനോവലിലാണ് ആ മനുഷ്യനെ കണ്ടുമുട്ടുന്നത്. വന്യമായ മരുപ്രദേശങ്ങളില്‍ ഓക്കിന്റെയും ബീച്ചിന്റെയും ബേര്‍ച്ചിന്റെയും വിത്തുകള്‍ നട്ട് ഈ ഭൂമി മുഴുവന്‍ പുഷ്പിക്കുവാന്‍ ക്ഷമയോടെ നിശബ്ദനായി യത്‌നിച്ച എല്‍സിയാഡ് ബോഫിയര്‍. കുന്നുകളും കാടുകളും കടപുഴക്കുന്ന ഈ കാലത്ത്, കയറ്റിറക്കങ്ങളും പര്‍വ്വതങ്ങളും താഴ്‌വാരങ്ങളും ഇല്ലാതായി സമനിരപ്പാകുന്ന ഭൂമിയില്‍ നിന്നുകൊണ്ട്, നമുക്ക് ഓര്‍മ്മിക്കാനാവുന്ന ഏറ്റവും അഗാധമായ മനുഷ്യപ്പറ്റാണ് ബോഫിയര്‍. ഇന്നോളം വായിച്ച ഏതു പുസ്തകത്തേക്കാളും ബൃഹത്താണ് മുപ്പത് പുറത്തില്‍ താഴെമാത്രം വലുപ്പമുള്ള ഈ പുസ്തകം. പ്രപഞ്ചത്തിന്റെ ചുരുക്കെഴുത്താണ് ഈ നോവല്‍. എത്രവേണമെങ്കിലും നിവര്‍ത്തിവായിക്കാവുന്ന അറ്റമില്ലാത്ത പുസ്തകം. എല്‍സിയാഡ് ബോഫിയര്‍ എന്ന മനുഷ്യന്റെ യഥാര്‍ത്ഥ ജീവിതമാണ് തന്റെ നോവലെന്ന് ജീന്‍ ഗിയാനോ പറയുന്നുണ്ട്. അങ്ങനയൊരാള്‍ ജീവിച്ചിരുന്നു. അജ്ഞാതമായ മരുപ്രദേശങ്ങളില്‍ ഇപ്പോഴും ജീവിക്കുന്നുണ്ടാവാം.
ആല്‍പ്‌സ് പര്‍വ്വതം താഴോട്ടിറങ്ങുന്ന പ്രോവിന്‍സില്‍ ജീവജന്തുക്കള്‍ പാടേ ഉപേക്ഷിച്ച ശൂന്യസ്ഥലത്തിലൂടെ ഏതാണ്ട് നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദീര്‍ഘ യാത്ര ചെയ്യുന്ന ആഖ്യാതാവാണ് (അതൊരുപക്ഷെ, എഴുത്തുകാരന്‍ തന്നെയാവാം) കഥപറയുന്നത്. കര്‍പ്പൂരവള്ളികള്‍ പടര്‍ന്നുചുറ്റിയ പാഴ്ഭൂമിയില്‍ ആവാസ യോഗ്യമല്ലാത്തതിനാല്‍ മനുഷ്യര്‍ ഉപേക്ഷിച്ചുപോയ ഗ്രാമത്തിന്റെ അവശിഷ്ടങ്ങളില്‍ എല്‍സിയാഡ് ബോഫിയര്‍ എന്ന മനുഷ്യനെ എഴുത്തുകാരന്‍ കണ്ടെത്തുന്നു. ആരാലും കണ്ടെത്തപ്പെടാന്‍ വേണ്ടിയോ രേഖപ്പെടുത്തപ്പെടാന്‍വേണ്ടിയോ ആയിരുന്നില്ല അയാളുടെ ജീവിതം. പക്ഷെ, അയാളെ കാണാതെ പോവുക സാധ്യമായിരുന്നില്ല.

ഊഷരമായ മണ്ണിലൂടെയാണ് യാത്ര. തീറ്റസമയത്ത് പ്രകോപിപ്പിക്കപ്പെട്ട സിംഹത്തെപ്പോലെ, അസഹ്യമായ രൗദ്രതയോടെ ചീറുന്ന കാറ്റ്. ഉഷ്ണം തിളയ്ക്കുന്ന ജൂണ്‍ മാസത്തിലെ ഒരു ദിവസമായിരുന്നു അത്. അഞ്ചുമണിക്കൂര്‍ നടന്നിട്ടും ഒരുതുളളി വെള്ളംപോലും കണ്ടെത്താനായില്ല. ആ നടപ്പിന്റെ അന്ത്യത്തിലാണ് എഴുത്തുകാരന്‍ ആ ഇടയനെ കണ്ടെത്തുന്നത്. വിജനമായ ആ മരുപ്രദേശത്ത്, പൊള്ളുന്ന തറയില്‍ ഏതാണ്ട് മുപ്പതാടുകളും ഒരു നായയും അയാളും മാത്രം. യാത്രികന് അയാള്‍ നല്ല തെളിവെള്ളം പകര്‍ന്നു നല്‍കി. അയാളുടെ നിശബ്ദവും ശാന്തവുമായ സ്‌നേഹ പരിചരണങ്ങള്‍ ഏറ്റുവാങ്ങി ആ രാത്രി അയാള്‍ ഇടയന്റെ കുടിലില്‍ തങ്ങി.

രാത്രി ഭക്ഷണത്തിനുശേഷം ആട്ടിടയിന്‍ ഒരു ചെറിയ ചാക്ക് എടുത്തുകൊണ്ടുവന്നു. ഒരു കൂമ്പാരം ഓക്കു വിത്തുകള്‍ മേശമേല്‍ ചൊരിഞ്ഞു. പിന്നീട് അതില്‍ നിന്നും നല്ലവയും കെട്ടവയും തിരഞ്ഞ് മാറ്റി. യാത്രക്കാരന്‍ ആ ജോലിയില്‍ അയാളെ സഹായിക്കാന്‍ മുതിര്‍ന്നു. ഇത് എന്റെ ജോലിയാണെന്നു പറഞ്ഞ് അയാള്‍ അത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. വിത്തുകൂമ്പാരത്തില്‍ നിന്നും ഏറ്റവും മികച്ച നൂറ് വിത്തുകള്‍ തെരഞ്ഞെടുത്ത് വച്ചശേഷം അയാള്‍ ഉറങ്ങാന്‍ പോയി. പിറ്റേന്നു രാവിലെ ആല തുറന്ന് ആടുകളെ പുറത്തു വിട്ട് അയാള്‍ തള്ളവിരലിന്റെ വണ്ണവും ഒന്നരവാര നീളവുമുള്ള ഒരിരുമ്പ് ദണ്ഡുമായി പുറത്തേക്കു പോയി. ആ യാത്രയില്‍ എഴുത്തുകാരന്‍ അയാള്‍ക്കൊപ്പം കൂടുന്നു. നൂറ് വാര അകലെയുള്ള മലമുടിയിലേക്കായിരുന്നു യാത്ര. അവിടെ ഇരുമ്പു ദണ്ഡ് താഴ്ത്തി മണ്ണില്‍ ഓരോ ചെറിയ കുഴിയുണ്ടാക്കി. അതില്‍ ഓരോ ഓക്കുവിത്തിട്ട് മണ്ണിട്ടു മൂടി. ആ ഭൂമി അയാളുടേതായിരുന്നില്ല. ആരുടേതെന്ന് അയാള്‍ക്ക് അറിയുകയുമില്ല. അറിയാന്‍ താല്പര്യവുമുണ്ടായിരുന്നില്ല. ഉച്ചഭക്ഷണത്തിനുമുമ്പ് നൂറ് വിത്തുകളും അയാള്‍ നട്ടു കഴിഞ്ഞിരുന്നു. ഉച്ചക്കു ശേഷവും അയാള്‍ ആ പ്രവര്‍ത്തി തുടര്‍ന്നു. കഴിഞ്ഞ മൂന്ന് കൊല്ലമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അയാള്‍ക്ക് ഏതാണ്ട് അമ്പത്തിയഞ്ച് വയസ്സ് പ്രായമുണ്ട്. പേര് എല്‍സിയാഡ് ബോഫിയര്‍.

അടിവാരത്തെ സ്വന്തം കൃഷിയിടത്തിലായിരുന്നു താമസം. ഭാര്യയും ഒരു മകനുമേ ഉണ്ടായിരുന്നുള്ളു. ആദ്യം മകനും പിന്നീട് ഭാര്യയും നഷ്ടപ്പെട്ടു. അതോടെ ഒറ്റക്കായ ബോഫിയര്‍ തന്റെ നായയും ആടുകളുമായി ഏകാന്ത ജീവിതം തുടരുന്നു. കാര്യമായ മറ്റ് ജോലികളൊന്നും ഇല്ലാത്തതിനാല്‍ മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ പ്രതീക്ഷകളുടെ വിത്തുകള്‍ പാകുകയാണയാള്‍. സഞ്ചാരിയും ബോഫിയറും പിറ്റേന്ന് പിരിഞ്ഞു. ലോകം ഒന്നാം ലോകമഹായുദ്ധത്തിലൂടെ കടന്നുപോയി. ആഖ്യാതാവിന്റെ അഞ്ച് കൊല്ലം യുദ്ധമുഖത്തായിരുന്നു. അതിനിടയില്‍ അയാള്‍ എല്‍സിയാഡ് ബോഫിയറേയും ഓക്കുമരങ്ങളുടെ വിത്തുകളെയും മറിന്നുപോയിരുന്നു. അല്ലെങ്കില്‍ സ്റ്റാമ്പുശേഖരണം പോലെ ഒരു ഹോബിയുമായി നടക്കുന്ന ഒരാള്‍ എന്നതിലപ്പുറം മരങ്ങള്‍ നട്ട ആ മനുഷ്യനെ അയാള്‍ക്ക് ഓര്‍മ്മിക്കാനായില്ല. യുദ്ധം ഒഴിഞ്ഞ കാലം മറ്റൊരു ദീര്‍ഘയാത്രയില്‍ അതേ ആല്പസ് പര്‍വ്വതത്തിന്റെ ചരിവിലൂടെ എഴുത്തുകാരന്‍ വീണ്ടും വരുന്നു. ഒരുദശകം കടന്നുപോയിരുന്നു. ബോഫിയര്‍ ജീവിച്ചിരുപ്പുണ്ടാവുമെന്ന് അയാള്‍ക്ക് ഒരുറപ്പുമില്ല. എന്നാല്‍ ബോഫിയര്‍ ജീവിച്ചിരുപ്പുണ്ടായിരുന്നു. കൂടുതല്‍ ഉന്‍മേഷവാനായി. പത്തുകൊല്ലം മുമ്പ് അയാള്‍ നട്ട ഓക്കുമരങ്ങള്‍ വളര്‍ന്നിരിക്കുന്നു. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നുനില്‍ക്കുന്ന കാടിന്റെ ശൈശവം. ബോഫിയര്‍ തന്റെ ജീവിത രീതിയിലും ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തൈ മരങ്ങള്‍ തിന്നുന്നതുകൊണ്ട് അയാള്‍ ആടുകളുടെ എണ്ണം കുറച്ച് നാലാക്കി. പകരം നൂറ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചു. യുദ്ധം തുടങ്ങിയതും ഒടുങ്ങിയതും അയാളെ ബാധിച്ചിരുന്നില്ല. അയാല്‍ മരങ്ങള്‍ നട്ടുകൊണ്ടേയിരുന്നു. മൂന്നിടങ്ങളിലായി ബോഫിയര്‍ നട്ടുവളര്‍ത്തിയ കാടിന് പതിനൊന്ന് കിലോമീറ്റര്‍ നീളവും മൂന്നു കിലോമീറ്ററോളം വീതിയുമുണ്ടായിരുന്നു. ഒരൊറ്റയാളുടെ വിയര്‍പ്പിലും വിശ്വാസത്തിലും വിടര്‍ന്ന് കാട്. കാറ്റ് വിത്തുകളെ ചിതറിച്ചു. വേരുകള്‍ ജലം തേടി ഭൂമിയുടെ ഉദരത്തിലേക്ക് ആïുപോയി. ഉപേക്ഷിക്കപ്പെട്ട ആ ചാവുനിലങ്ങളില്‍ ജലം കിനിഞ്ഞു തുടങ്ങിയിരുന്നു.
..............................
ശിഖരം മുറിഞ്ഞുപോയ ഒരു ചന്ദനമരത്തിന്റെ മുറിപ്പാടില്‍ മണത്തുനോക്കി. കാറ്റ് ചന്ദനം മണത്തു. ഒരു ചെറിയ മരം ചൂണ്ടിക്കാട്ടി കതിരേശന്‍ പറഞ്ഞു. ''സാര്‍... ഒരു ചന്ദനമരം ഇത്രയുമാകാന്‍ നൂറു വര്‍ഷമെങ്കിലും വേണം. നൂറും ഇരുന്നൂറും മുന്നൂറും വര്‍ഷം പഴക്കമുള്ള മരങ്ങളാണ് ഈ കാട്ടിലുള്ളത്.'' പിന്നീട് ഒരാത്മഗതം പോലെ കതിരേശന്‍ ഇത്രയുംകൂടി പറഞ്ഞു. ''ഒരു ചന്ദനമരം മുറിച്ചുകൊണ്ടുപോകുമ്പോള്‍ നൂറ് കണക്കിന് വര്‍ഷങ്ങളാണ് സാര്‍ മുറിഞ്ഞുപോകുന്നത്...'' ചരിത്രം ആലേഖനം ചെയ്ത ഉടലാണ് വൃക്ഷങ്ങളുടേത്. വാര്‍ഷികവലയങ്ങളില്‍ സൂക്ഷ്മ ലിപികളില്‍ അത് പ്രപഞ്ചത്തിന്റെ ചരിത്രത്തെ വഹിക്കുന്നു. വരാനിരിക്കുന്ന കാലത്തെ പ്രവചിക്കുന്നു. ഒരു മരം മുറിഞ്ഞുവീഴുമ്പോള്‍ പോയ കാലത്തിന്റെ സ്മൃതികളും വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള അറിവുകളുമാണ് ഇല്ലാതാകുന്നത്.

(courtesy: pusthakavichaaram)

......................................................................................................................................................................

മരങ്ങള്‍ നട്ട മനുഷ്യന്‍

mangalam malayalam online newspaperനയ്‌ക്കാതെ പെയ്‌ത മഴയില്‍ കന്നുകാലികളും മനുഷ്യരും ആല്‍മരത്തിനു ചുവട്ടില്‍ കൂട്ടംകൂടി ചേര്‍ന്നുനിന്നു. വെള്ളപ്പാച്ചിലില്‍ ഒലിച്ചുവന്ന കുഞ്ഞുറുമ്പുകള്‍ നിലത്തേക്കു വിരല്‍ പടര്‍ത്തിനിന്ന അരയാലില്‍ വേരുകളില്‍ തൂങ്ങിയാടി. കാറ്റിനൊത്ത്‌ ഇളകിയാടിയ ആല്‍മരച്ചില്ലയിലും മൂവാണ്ടന്‍ മാവിന്‍കൊമ്പിലും മഴയില്‍ കുളിച്ചു ചിറകുവീശി പറന്നെത്തിയ കിളികള്‍ കൂടുതേടി. ജൈവ ജീവിതത്തിന്റെ ആഘോഷം! ദിനംപ്രതി പടര്‍ന്നു പന്തലിക്കുന്ന കോണ്‍ക്രീറ്റ്‌ കാടുകള്‍ക്കിടയില്‍ ഒരിക്കലും കാണാന്‍ കഴിയാത്ത പ്രകൃതിയുടെ നിറക്കാഴ്‌ച്ചയാണു പേങ്ങാട്ടിരിയില്‍. വിരുന്നെത്തുന്നവര്‍ക്കു തണലൊരുക്കി ഇളംകാറ്റിനാല്‍ ചാമരംവീശി പ്രകൃതിയുടെ വരദാനം പോലെ പടര്‍ന്നുപന്തലിച്ച മരങ്ങള്‍. ഒരു നൂറ്റാണ്ടിന്റെ ഇടവേളയില്‍, മരങ്ങളെ മക്കളോളം സ്‌നേഹിച്ച പേങ്ങാട്ടിരി മുണ്ടേട്ടന്റെ ഒറ്റയാന്‍ പോരാട്ടത്തില്‍ വേരാഴ്‌ത്തിയതാണിവ. നാടന്‍ ശീലുകള്‍ ഉറക്കെച്ചൊല്ലി, താന്‍ നടന്ന വഴികളിലെല്ലാം മരങ്ങള്‍ നട്ടുപിടിപ്പിച്ച മുണ്ടന്‍ ഇന്നില്ല. മാസങ്ങള്‍ക്കുമുമ്പ്‌ മരങ്ങളോടു വഴിപിരിഞ്ഞ മുണ്ടന്‍ മണ്ണിലൂടെ, വിത്തുകളിലൂടെ മറ്റൊരു മരമായി പുനര്‍ജനിച്ചിട്ടുണ്ടാകണം ഇപ്പോള്‍! മനുഷ്യര്‍ക്കറിയില്ലെങ്കിലും, പാലക്കാട്‌ ജില്ലയിലെ നെല്ലായ ഗ്രാമപഞ്ചായത്തിലെ പേങ്ങാട്ടിരി ഗ്രാമത്തിലെ പാതയ്‌ക്കിരുവശവും തൊടികളിലും ആകാശം മുട്ടെ പടര്‍ന്നുപന്തലിച്ച്‌ നില്‍ക്കുന്ന വന്‍ മരങ്ങള്‍ക്കും അവയില്‍ കൂടുകൂട്ടിയ കിളികള്‍ക്കും അണ്ണാറക്കണ്ണനും ചോണനുറുമ്പിനുംവരെ മുണ്ടന്റെ മഹത്വമറിയാം. പ്രകൃതിയെച്ചൊല്ലി ഗീര്‍വാണമടിക്കുന്നവര്‍ക്കു മുന്നില്‍ വേറിട്ടൊരു വ്യക്‌തിത്വം. പ്രതിഫലേച്‌ഛ കൂടാതെ ജീവിത യാത്രയില്‍ ഒപ്പം ചേര്‍ത്തതാണു പ്രകൃതി സംരക്ഷണം. ആദ്യദിനം തന്നെ സ്‌കൂള്‍ ജീവിതത്തിനു വിരാമമിട്ടു പച്ചയായ ജീവിതത്തിലേക്കിറങ്ങിയ മുണ്ടന്‍, പേരറിയുന്നതും അറിയാത്തതുമായ ആയിരത്തിലേറെ മരങ്ങളാണു നട്ടു പരിപാലിച്ചത്‌. പത്താംവയസില്‍ മരങ്ങളോടു തുടങ്ങിയ ചങ്ങാത്തം നൂറാംവയസിലും മുടക്കിയില്ല. മക്കളേക്കാള്‍, പെണ്ണിനേക്കാള്‍ മടിക്കുത്തില്‍ പൊതിഞ്ഞു സൂക്ഷിച്ച വിത്തുകളെ സ്‌നേഹിച്ച മുണ്ടന്‍. അങ്ങനെയെരാളെ സര്‍ക്കാരും പ്രകൃതിസംരക്ഷണ കുപ്പായമണിഞ്ഞവരും കണ്ടില്ല. ജീവിതസായാഹ്നത്തില്‍ തണലുകളൊന്നൊന്നായി നഷ്‌ടപ്പെട്ട പേങ്ങാട്ടുകരയിലെ വൃക്ഷസ്‌നേഹി, ജീവിതാന്ത്യത്തില്‍ നയിച്ചതോ നരകതുല്യമായ ജീവിതം. ഒടുവില്‍ പ്രകൃതിജീവിതത്തിനുള്ള പ്രതിഫലങ്ങള്‍ക്കു കാത്തുനില്‍ക്കാതെ 102-ാം വയസില്‍ മറഞ്ഞു.
പലപ്പോഴായി, പലരും മുറിച്ചുമാറ്റിയിട്ടും പേങ്ങാട്ടിരിയില്‍ മുണ്ടന്‍ നട്ട മരങ്ങള്‍ ഇപ്പോഴും ശേഷിക്കുന്നു. നാട്ടുവഴിയിലും നാട്ടുമ്പുറങ്ങളിലും നട്ട തണല്‍ മരങ്ങളും വേരുകള്‍ കെട്ടുപിണഞ്ഞ ആലും ചുറ്റിപ്പിടിക്കാന്‍ വയ്ായത്തവിധം വളര്‍ന്ന മൂവാണ്ടന്‍ മാവും വരിക്കപ്ലാവും എല്ലാം മുണ്ടന്റെ ജീവിക്കുന്ന സ്‌മാരകമായി തലയുയര്‍ത്തി നില്‍ക്കുന്നു. കൂലിപ്പണി ചെയ്‌തും ഇടയ്‌ക്കു വല്ലപ്പുഴ സഹകരണ ബാങ്കിന്റെ കാവല്‍ക്കാരനായി ജോലി തുടര്‍ന്നപ്പോഴും പ്രകൃതി പരിലാളനം കൈയൊഴിഞ്ഞില്ല. ഒഴിവുനേരങ്ങളില്‍ തൈകള്‍നട്ട്‌ അവയ്‌ക്ക് വെള്ളംകോരി വളമിട്ടു വളര്‍ത്തി വലുതാക്കി. ആ സ്‌നേഹത്തിനു മുന്നില്‍ പ്രകൃതി കനിഞ്ഞിറങ്ങി. പേമാരിയേയും വേനലിനേയും നിശ്‌ചയദാര്‍ഢ്യംകൊണ്ടു മുട്ടുകുത്തിച്ച മുണ്ടന്‍ പക്ഷേ, മനുഷ്യനു മുന്നില്‍ തോറ്റുപോയി. ആഡംബരത്തിന്റെയും ആധുനികതയുടേയും പേരില്‍ മരങ്ങള്‍ പിഴുതെടുത്തപ്പോള്‍ കണ്ണുനിറഞ്ഞു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. 'മരമുണ്ടന്‍' എന്ന ഓമനപ്പേരുമാത്രം ബാക്കി. ''പേങ്ങാട്ടിരിയിലെത്തുന്നവര്‍ക്ക്‌ വിശ്രമിക്കാനും കന്നുകാലികള്‍ക്കു തണലും പറവകള്‍ക്കു പാര്‍പ്പിടവുമൊരുക്കാനാണ്‌ ഞാന്‍ മരം നടുന്നത്‌. ഞാന്‍ മരിച്ചാലും എന്റെ മക്കളായ മരങ്ങളെല്ലാം പേങ്ങാട്ടിരിയിലുണ്ടാകും. എല്ലാ മരങ്ങള്‍ക്കും ജീവനും ആത്മാവും ഉണ്ട്‌. ഒരു മരം ഒരായിരം വീടാണ്‌. അങ്ങനെ അതൊരു സംസ്‌കാരമാകുന്നു'' എന്നായിരുന്നു മരംനടീലിനെ പരിഹസിച്ചവര്‍ക്കു മുണ്ടന്റെ മറുപടി.
കാട്ടിലും തൊടിയിലുമുണ്ടാകുന്ന മരത്തൈകളാണു മുണ്ടന്‍ പറിച്ചുനട്ടത്‌. ആലും മാവും അരശും ചേര്‍ത്തു മുണ്ടന്‍ നട്ട 'ആത്മരശ്‌' എന്ന വൃക്ഷസങ്കരം പേങ്ങാട്ടിരിയിലെ അപൂര്‍വ കാഴ്‌ചയായിരുന്നു. സാമൂഹികവിരുദ്ധര്‍ അതു നശിപ്പിച്ചു. ഈ ആത്മരശിനു ചുവട്ടിലാണു പകല്‍ മുണ്ടന്‍ പെട്ടിക്കട നടത്തിയിരുന്നത്‌. രാത്രിയില്‍ ആരോ തീയിട്ടു നശിപ്പിച്ചു. ആ തീയില്‍ മുണ്ടന്റെ ആത്മാവായിരുന്ന ആത്മരശും കത്തിയമര്‍ന്നു. മുണ്ടന്‍ നട്ടുവളര്‍ത്തിയ മരങ്ങളോരോന്നും ഇന്നും രാത്രിയുടെ മറവില്‍ അപ്രത്യക്ഷമാകുന്നു.
കുടുംബക്ഷേത്രമായ മടുപ്പുള്ളി ഭഗവതി നടയില്‍ നട്ട അരയാലിന്‌ 90 വയസുണ്ട്‌. മുണ്ടന്‍ മണ്ണില്‍ വിത്തിട്ടാല്‍ മുളയ്‌ക്കും. വളരും കായ്‌ഫലം നല്‍കും. അതു മുണ്ടന്റെ കൈപ്പുണ്യം. കറുത്ത്‌, എല്ലുന്തി കുപ്പായം ധരിക്കാതെ, ചുണ്ടില്‍ പുഞ്ചിരിയുമായി ലോകത്തെ നോക്കിയ പച്ച മനുഷ്യനു മുന്നില്‍ പ്രകൃതി ഉന്മാദം കൊള്ളുകയായിരുന്നു. ഒരു മരം മുറിക്കുമ്പോള്‍ ഒമ്പതു മരം വയ്‌ക്കാനുള്ള മനസുണ്ടായില്ലെങ്കിലും ഒരു മരമെങ്കിലും വയ്‌ക്കാനുള്ള മനസുണ്ടാകണം. പേങ്ങാട്ടിരിക്ക്‌ മുണ്ടനെപ്പോലെ പ്രകൃതിക്കു മരങ്ങളും വേണം. ചെടികള്‍ക്കും മരങ്ങള്‍ക്കും കിളികള്‍ക്കും സര്‍വചരാചരങ്ങള്‍ക്കും വേണ്ടി ജീവിതത്തിലെ ഏറിയപങ്കും ചെലവഴിച്ച മനുഷ്യന്‍ അവശേഷിപ്പിച്ചുപോയ പച്ചപ്പെങ്കിലും നിലനിര്‍ത്തേണ്ടതുണ്ട്‌.
'മരമൊക്കെ ചുമ്മാതങ്ങ്‌ വെട്ടാന്‍ പാടില്ല. അതും മനുഷ്യരെപ്പോലെ, ജന്തുജാലങ്ങളെപ്പോലെ ദൈവത്തിന്റെ സൃഷ്‌ടിയാണ്‌. വളര്‍ച്ചയും ആയുസും ആത്മാവും ഒക്കെ മരങ്ങള്‍ക്കുമുണ്ട്‌. ഞാന്‍ അധികം നട്ടത്‌ ആലും മാവുമാണ്‌. ആലും മാവും ചേര്‍ന്നാല്‍ ആത്മാവാണ്‌. അപ്പോള്‍ മരം ചുമ്മാ വെട്ടിയിടാന്‍ പാടില്ല. മരത്തെ കൊട്ടി പറവകളോടും ജന്തുജാലങ്ങളോടുമൊക്കെ പുതിയിടത്തേക്കു മാറിപ്പോകാന്‍ പറയണം. പിന്നെ മാപ്പുപറഞ്ഞു കൊമ്പുതൊട്ട്‌ മുറിച്ചെടുക്കണം. പകരം പത്തു തൈ നടണം'-മരം വെട്ടുന്നവരോട്‌ എന്നും മുണ്ടന്‍ പറഞ്ഞിരുന്നെന്ന്‌ പെരിങ്ങാട്ടിരിയില്‍ മുണ്ടനെ അടുത്തറിഞ്ഞിരുന്ന അഫ്‌സലും ബാബുവും പറഞ്ഞു. മരത്തണലിന്റെ സുഖം ആദ്യം മനസിലാക്കിയതു പത്താം വയസില്‍ പണിക്കുപോയപ്പോഴാണ്‌. പണിയെടുത്ത്‌ തളര്‍ന്നു വീട്ടുകാര്‍ തരുന്ന കഞ്ഞികുടിച്ച്‌ മരത്തണലില്‍ വിശ്രമിക്കുമ്പോള്‍ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അന്നു തൊട്ടാണ്‌ നാട്ടുവഴിയരികിലും പറമ്പിന്റെ മൂലയിലുമെല്ലാം മരം വച്ചുതുടങ്ങിയത്‌. മാവും ആലും പ്ലാവുമെല്ലാം എല്ലാ പറമ്പിലും ഇഷ്‌ടംപോലെ കാണും. അതിന്റെയെല്ലാം ചുവട്ടില്‍ ഇഷ്‌ടംപോലെ തൈകളും.
ആ തൈകള്‍ പറിച്ചുനട്ട്‌ ഇല്ലിക്കോലുകൊണ്ട്‌ വളച്ചുകെട്ടും. അല്ലെങ്കില്‍ കാലികള്‍ കടിച്ചുകളയും. പണിയില്ലാത്ത ദിവസം ആ തൈകള്‍ക്ക്‌ തൊടിയില്‍നിന്നു പെറുക്കിയ ചാണകവും വെള്ളവും നല്‍കും. നട്ടുവളര്‍ത്തിയ വൃക്ഷങ്ങളില്‍ പലതും ഇന്നില്ല. റോഡ്‌ വീതി കൂട്ടിയപ്പോള്‍ ഒരുപാട്‌ മരങ്ങള്‍ പഞ്ചായത്ത്‌ മുറിച്ചുമാറ്റി. അതൊക്കെ വലിയ വിലയ്‌ക്കു ലേലംചെയ്‌തു പോയെന്ന്‌ നാട്ടുകാര്‍പറഞ്ഞ്‌ മുണ്ടനറിഞ്ഞു. വിറകിനും തടിക്കുമൊക്കെയായി ബാക്കിയുള്ള മരങ്ങളും മുറിച്ചു. സഹകരണ ബാങ്കിലെ കാവല്‍ക്കാരനായിരുന്ന സമയത്ത്‌ ബാങ്കിനു ചുറ്റും മരങ്ങള്‍ നട്ടു. അതൊക്കെ വികസനത്തിന്റെ പേരില്‍ മുറിച്ചു. ആദ്യമൊക്കെ പകരം മരംനടുമായിരുന്നു. വയ്യാതായതോടെ അതു നിര്‍ത്തി.
മികച്ച പരിസ്‌ഥിതി പ്രവര്‍ത്തകനുള്ള പി.വി. നമ്പി പുരസ്‌കാരം കവയിത്രി സുഗതകുമാരിയില്‍നിന്ന്‌ 2005-ല്‍ ഏറ്റുവാങ്ങിയിട്ടുണ്ട്‌. ഒരു ശതകം കവിഞ്ഞ ജീവിതത്തിനുള്ളില്‍ മുണ്ടന്‍ സന്തോഷിച്ചത്‌ വിരലിലെണ്ണാവുന്ന ഇത്തരം ദിവസങ്ങളില്‍ മാത്രം. എം.പി. വീരേന്ദ്രകുമാര്‍ വനംമന്ത്രിയായ സമയത്ത്‌ ഒറ്റ മരവും മുറിക്കരുതെന്ന്‌ ഉത്തരവിട്ടപ്പോള്‍ ഏറെ സന്തോഷിച്ചു. പാലക്കാട്ടുകാരി കുടിക്കാരി കാളിയാണു മുണ്ടന്റെ ഭാര്യ. മുണ്ടനൊപ്പം കാളിയുമുണ്ടായിരുന്നു മരങ്ങള്‍ നട്ടുനനയ്‌ക്കാന്‍. മൂന്നു പെണ്ണും മൂന്ന്‌ ആണുമായി ആറു മക്കള്‍. മൂന്നുപേര്‍ മരിച്ചു. മണ്ണുതേച്ച വീട്ടില്‍ ഓര്‍മകളുംപേറി കാളി ഒറ്റയ്‌ക്കാണ്‌. ഡോക്‌ടര്‍ കുറിച്ചുകൊടുത്ത ഗുളികകളുമായി ജീവിതം തള്ളിനീക്കുന്നു. മുണ്ടന്‍ മരിച്ചു പത്തുമാസം തികയുമ്പോള്‍, വച്ചുപിടിപ്പിച്ച മരങ്ങളും മരണത്തിന്റെ പാതയിലാണ്‌. 2012 ജൂണ്‍ ഇരുപതിനാണ്‌ മുണ്ടന്‍ മരിച്ചത്‌. ചെറുതുരുത്തി ശാന്തിതീരത്ത്‌ അന്ത്യവിശ്രമം. ഇനിയൊരു പരിസ്‌ഥിതിദിനം കൂടി കടന്നുപോകുമ്പോള്‍ മുണ്ടന്‍ നട്ട മരങ്ങള്‍ അവശേഷിക്കുമോ എന്ന ചോദ്യം ബാക്കിയാകുന്നു.
മഴയുടെ സംഗീതവും കാറ്റിന്റെ ശ്രുതിയും ദലമര്‍മരങ്ങളും പ്രകൃതിയുടെ മാറ്റവും ശ്രദ്ധാപൂര്‍വം മുണ്ടന്‍ വീക്ഷിച്ചിരുന്നു. കല്‍പ്പാത്തിപ്പുഴയുടെ നാടെന്ന്‌ പ്രസിദ്ധിയുള്ള പാലക്കാട്‌ വേനല്‍ച്ചൂടില്‍ കത്തിയെരിഞ്ഞപ്പോള്‍ മുണ്ടന്‍ വിരിച്ചുനല്‍കിയ പച്ചപ്പ്‌ പേങ്ങാട്ടിരിയെ കുളിരണിയിച്ചു. അവസാനകാലത്തുപോലും സഹായം നല്‍കാത്തതിന്‌ ആരോരും അമര്‍ഷമില്ലായിരുന്നു. 'കുന്നും മലയും പുഴയും മരവും മണ്ണും വല്ലാതങ്ങു നശിപ്പിച്ചാല്‍ ദൈവം പിണങ്ങും. പിന്നെ എങ്ങനെ ഭൂമിയില്‍ ആള്‍ക്കാര്‍ ജീവിക്കും. 'ഒരു മരം ഒരായിരം വീടാണ്‌'-ഇതായിരുന്നു മുണ്ടന്റെ മതം
പരിസ്‌ഥിതിയുടെ ഓര്‍മപ്പെടുത്തല്‍ കൊട്ടിഘോഷിച്ചു വീണ്ടുമൊരു ദിനംകൂടി കടന്നുപോകുമ്പോഴാണു കണ്‍മുന്നില്‍ പ്രകൃതിയുടെ കനിവുകള്‍ ഒന്നൊന്നായി കടപുഴകുന്നത്‌. എങ്കിലും, ഒരിക്കല്‍ക്കൂടി വളര്‍ത്തച്‌ഛന്റെ സ്‌നേഹസ്‌പര്‍ശത്തിനായി കാത്തിരിക്കുന്ന മരങ്ങളെ പേങ്ങാട്ടിരിയില്‍ കാണാം. ഒരു നൂറ്റാണ്ടിലേറെ മണ്ണിനെ സ്‌നേഹിച്ച്‌ പ്രകൃതിയെ പരിലാളിച്ച്‌ മണ്ണിലേക്കു മടങ്ങിയയാളിന്റെ ഓര്‍മപ്പെടുത്തലുമായി പേങ്ങാട്ടിരി ഗ്രാമത്തിന്റെ മുക്കിലും മൂലയിലും ആ വളര്‍ത്തുമക്കള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
പ്രവീണ്‍ ലക്ഷ്‌മണ്‍
- See more at: http://www.mangalam.com/print-edition/sunday-mangalam/62593#sthash.XGV8ypi9.dpufവൈലോപ്പിള്ളി

വൈലോപ്പിള്ളി,

ജീവിതത്തിന്റെ പ്രസാദാത്മകവും, വിഷാദാത്മകവുമായ വശങ്ങളെ ഒരേസമയം കാണുന്ന കണ്ണുള്ളവനായിരുന്നു. ജീവിതത്തിന്റെ സൗന്ദര്യാത്മകതയ്ക്കൊപ്പം വികൃതാവസ്ഥയെയും അദ്ദേഹം കാണുകയും തിരിച്ചറിയുകയും ചെയ്തിരുന്നു എന്ന് അദ്ദേഹത്തിന്റെ കവിതകള്‍ തെളിയിക്കുന്നുണ്ട്. യാഥാര്‍ത്ഥ്യബോധത്തില്‍ ഊന്നിനില്‍ക്കുന്ന കാല്പനികന്‍ എന്ന വിശേഷണം മാത്രം മതി മലയാളകവിതയില്‍ വൈലോപ്പിള്ളിയുടെ സ്ഥാനം എന്തായിരുന്നു എന്ന് മനസ്സിലാക്കാന്‍. സൂക്ഷ്മമായ എല്ലാ മാനസികഭാവങ്ങളും കവിതകളിലേക്കാവാഹിക്കാന്‍ കഴിയും എന്ന് തെളിയിച്ചത് ചങ്ങമ്പുഴയായിരുന്നു. എന്നാല്‍ വൈലോപ്പിള്ളിക്കവിതകള്‍ അതിസൂക്ഷ്മമായ മാനസികവ്യാപാരങ്ങളെയാണ് കവിതയിലേക്ക് കൊണ്ടുവന്നത്. അതിലൊരിക്കലും കാല്പനികതയുടെ പ്രകടസ്വഭാവങ്ങളായ അതിവൈകാരികതയും, വിഷാദാത്മകതയും ഉണ്ടായിരുന്നില്ല. അവയെല്ലാം തന്നെ വൈലോപ്പിള്ളി എന്ന കവിക്ക് അന്യമായിരുന്നു. മനുഷ്യമനസ്സിന്റെയും, മനുഷ്യപ്രകൃതിയുടെയും ആഴങ്ങളിലേക്ക് നോക്കുന്ന കവി, വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ സമൂഹസ്വാതന്ത്ര്യം ആഗ്രഹിക്കുന്ന കവി, സത്യസൗന്ദര്യങ്ങളുടെ പരിണയമാണ് കവിത എന്ന് പറഞ്ഞ കവി തുടങ്ങി ഒരുപാട് വിശേഷണങ്ങള്‍ ഈ കവിക്ക് ചാര്‍ത്തിക്കൊടുക്കാന്‍ കഴിയും.

ഭോഗലാലസവും,സ്ത്രീകേന്ദ്രീക്രിതവും, വര്‍ണ്ണനാപ്രധാനവുമായിരുന്ന മലയാളകവിതയ് ആത്മനിവേദനതലത്തിലേക്ക് പരിവര്‍ത്തിപ്പിച്ച കവിത്രയത്തിന്റെ കാലഘട്ടത്തില്‍ നിന്ന് ഊര്‍ജ്ജം കൊണ്ടതാണ് വൈലോപ്പിള്ളിക്കവിത. ഭാവാത്മകത,പ്രണയസങ്കല്പം,സ്തീസങ്കല്പം,ആത്മാലാപം,സ്വാതന്ത്ര്യസങ്കല്പം എന്നീ തലങ്ങളില്‍ പുതുചലനങ്ങള്‍ പകര്‍ന്നു തന്നവരാണ് കവിത്രയം. ഈ പുതുകാവ്യപാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരനായാണ് വൈലോപ്പിള്ളി കാവ്യലോകത്തേക്ക് കടന്നുവരുന്നത്. ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, ഇടശ്ശേരി, എന്നീ കവികളുടെ സമകാലികനായ വൈലോപ്പിള്ളിക്ക് കാവ്യപരിശ്രമങ്ങളില്‍ ഇടശ്ശേരിയോടാണ് ചായ് വ്.

'തുടുവെള്ളാമ്പല്‍ പൊയ്കയല്ല,ജീവിതത്തിന്റെ
കടലേ,കവിതക്ക് ഞങ്ങള്‍ക്ക് മഷിപ്പാത്രം' എന്ന് കവി ഉറക്കെ പ്രഖ്യാപിച്ചത് കാല്പനികതയ്ക്ക് എതിരായി തന്നെയായിരുന്നു. അവിടെ അദ്ദേഹം ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നീലക്കടലാണ് കവിതയ്ക്ക് അടിസ്ഥാനമായി കണ്ടത്.

വൈലോപ്പിള്ളിയുടെ ആദ്യസമാഹാരമാണ് 'കന്നിക്കൊയ്ത്ത്'. പാരമ്പര്യത്തെയും, പൈതൃകത്തെയും കുറിച്ചുള്ള കവിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന കൃതിയാണത്. ആ സമാഹാരത്തിലെ കന്നിക്കൊയ്ത്ത് എന്ന കവിത ജീവിതം വിളയിറക്കുകയും നിയതി കൊയ്തെടുക്കുകയും ചെയ്യുക എന്നതാണ് നിയമം എന്ന് സ്ഥാപിച്ചെടുക്കുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ ജീവിതപ്രേമവും,പ്രകൃതിയുടെ ക്രൗര്യവും എക്കാലത്തേയ്യും ദാര്‍ശനികപ്രശ്നമാണ്. ആ ക്രൗര്യത്തെ അതിജീവിക്കുന്ന ജീവിതം മഹത്തരമാണ്. ജീവിതത്തില്‍ അനശ്വരമായ എന്തെങ്കിലുമുണ്ടെങ്കില്‍ അത് ജീവിതത്തിന്റെ തുടര്‍ച്ചയാണ് എന്നെല്ലാം ആ കവിത നമുക്ക് കാണിച്ചുതരുന്നു.

'ഹാ വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍' എന്ന് ചോദിക്കുന്ന കവി, ശുഭപ്രതീക്ഷയോടെ മാത്രം ജീവിതത്തെ കാണുന്നവനാണ്. പ്രതിസന്ധി നിറഞ്ഞ ജീവിതത്തെ പ്രത്യാശയോടെ നേരിടാനും മൃതിയെ കീഴ്പ്പെടുത്താനുമാണ് കവി ശ്രമിക്കുന്നത്. മൃതി എപ്പോഴും ജീവിതത്തിനു മേല്‍ ചാടി വീഴാന്‍ ശ്രമിക്കുകയാണ് എന്ന് വൈലോപ്പിള്ളി പല കവിതകലിലും സൂചിപ്പിക്കുന്നുണ്ട്. 1962ല്‍ എഴുതിയ 'ചേറ്റുപുഴ' എന്ന കവിതയില്‍ ഇതേ ആശയം നമുക്ക് കാണാവുന്നതാണ്. 1961ല്‍ ഉണ്ടായ ചേറ്റുപുഴ ബസ്സപകടത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അതേവഴി ബസ്സില്‍ പോകുന്ന ചെറുപ്പക്കാരന്റെ ഫലിതം കലര്‍ന്ന വാക്കുകളിലൂടെ ഭീകരദുരന്തത്തെ കവി ഫലിതമായി ചിത്രീകരിക്കുന്നു. ഇതിലൂടെ കവി മൃത്യുവിനെ പരിഹസിക്കുകയായിരുനിരിക്കണം ചെയ്തിരിക്കുന്നത്. ബസ്സിലെ കാഴ്ചകളില്‍ ഉത്സാഹത്തിന്റെയും, ജീവിതാജയ്യതയുടെയും സൂചനകളുണ്ട്. അതിന്റെ പരകോടിയിലെത്തുമ്പോഴാണ് ബസ്സ് പാലത്തിനടുത്തെത്തുന്നത്.

'ചേറ്റുപുഴക്കൊലപ്പാലം, വേഗം
ചെറ്റു കുറയ്ക്കൂ ചങ്ങാതീ
ഇങ്ങോ മൃത്യു പതുങ്ങിയതിപ്പൊഴു
മങ്ങോരുണ്ടാമീമടയില്‍' എന്ന് ആ കവിതയിലെ യുവാവ് മരണത്തെത്തന്നെ ഫലിതവിഷയമാക്കിപ്പറയുന്നു. പുലിമടയിലെ പുലിയെപ്പോലെ, മ്രിത്യു ഒളിച്ചിരിക്കുകയാണെന്നും അവസരം നോക്കി ചാടി വീഴാന്‍ അത് കാത്തിരിക്കുകയാണെന്നും കവി സൂചിപ്പിക്കുന്നുണ്ട്.

മരണത്തിന്റെ തേര്‍ വാഴ്ചയുള്ള പാലത്തില്‍ പുതിയ ജീവിതം ചൂണ്ടലിട്ടിളകാതെയിരിക്കുന്ന കാഴ്ച കാണിച്ചുകൊണ്ടാണ് കവിത വര്‍ത്തമാനകാലത്തിലേക്ക് തിരിച്ചെത്തുന്നത്. മരണത്തെപ്പോലും ചൂണ്ടയിട്ട് ആഹാരമാക്കാന്‍ തയ്യാറായ ജീവിതം എന്ന് പാടാന്‍ ഇവിടെ വൈലോപ്പിള്ളിക്ക് മാത്രമേ കഴിയൂ.
 ജീവിതമരണങ്ങളുടെ സംഘര്‍ഷത്തിനു മുന്നിലും ഇളകാതിരുന്ന് മരണത്തെ കുടുക്കില്‍ പെടുത്താന്‍ ശ്രമിക്കുന്ന കാഴ്ച എത്ര മനോഹരമായാണ് കവി ചിത്രീകരിച്ചിരിക്കുന്നത്. ജീര്‍ണ്ണതയെ ചേറ്റിലാഴ്ത്തി പൂര്‍ണ്ണതയിലേക്ക് പായുകയാണ് ചേറ്റുപുഴ എന്ന് കവി ഒടുവില്‍ പ്രഖ്യാപിക്കുന്നതോടെ മരണത്തെ പുറകിലേക്ക് തള്ളി മുന്നോട്ട് കുതിക്കുകയാണ് ജീവിതത്തിന്റെ സ്വഭാവം എന്ന് വ്യക്തമാകുന്നു. ജീവിതത്തിന്റെ മുന്നേറ്റവും മരണത്തിന്റെ തിരിച്ചടിയും വേര്‍പിരിക്കാന്‍ പറ്റാത്ത വിധം ഇഴുകിച്ചേര്‍ന്നതാണെന്നും, ആ ഇഴുകിച്ചേരലാണ് ജീവിതത്തിന്റെ അപ്രതിഹത്വത്തിന്നാധാരം എന്നും കവി ഈ കവിതയിലൂടെ കണ്ടെത്തുന്നു.

മനുഷ്യവീര്യത്തെ പ്രകീര്‍ത്തിക്കുകയും,ജ്വലിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് കവിതകള്‍ വൈലോപ്പിള്ളി രചിച്ചിട്ടുണ്ട്. മല തുരക്കല്‍, പന്തങ്ങള്‍ എന്നിവ അതിന് ഉദാഹരണങ്ങളാണ്. എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്തുകൊണ്ട് കുതിച്ചു പായുന്ന മാനവവീര്യത്തിന്റെ അജയ്യതയില്‍ വിശ്വസിക്കുന്ന കവി, 'ഉയിരിന്‍ കൊലക്കുടുക്കാവും കയറിനെ ഉഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍' വെമ്പുന്നവനാണ്.

കാലത്തിന്റെ വെല്ലുവിളികള്‍ക്ക് നായകസ്ഥാനം ചാര്‍ത്തിക്കൊടുത്താണ് വൈലോപ്പിള്ളി ഇത്തരം കവിതകളുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കവിതയുടെ സ്വഭാവം നിരീക്ഷിക്കാനും അതില്‍ തന്റെ നിലപാടെന്തെന്ന് നിഷ്കൃഷ്ടമായി പരിശോധിച്ചറിയാനും കവി കാണിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിഷ്ഠയാണ് പല കാവ്യങ്ങള്‍ക്കും പ്രമേയമായി വികസിച്ച് വന്നിട്ടുള്ളത്. തന്റെയും സമുദായത്തിന്റെയും കാലത്തിന്റെയും നിലപാടുകളെ സ്വയം അതിലലിഞ്ഞും എന്നാല്‍ പിന്നീട് തികഞ്ഞ നിസ്സംഗതയോടെയും മൂല്യനിര്‍ണ്ണയം ചെയ്യാന്‍ ഈ കവി നടത്തുന്ന ശ്രമം മലയാളകാവ്യചരിത്രത്തില്‍ അസദൃശ്യമായി നിലകൊള്ളുന്നു. ഇതേപോലെത്തന്നെ നയവും അഭിനയവും കലര്‍ന്ന ദാമ്പത്യത്തിലെ ശീതസമരങ്ങളെയും വൈലോപ്പിള്ളി കവിതയിലേക്ക് ആവിഷ്കരിച്ചിട്ടുണ്ട്. കണ്ണീര്‍പ്പാടം, യുഗപരിവര്‍ത്തനം എന്നീ കവിതകള്‍ അതിന് ഉദാഹരണങ്ങളാണ്. ഫ്യൂഡല്‍ സൗന്ദര്യബോധത്തെ, അതിന്റെ സവിശേഷതയായ മരുമക്കത്തായത്തെ, ഇവിടെ നിലനിന്നിരുന്ന 'സംബന്ധ'രീതിയെ എല്ലാം യുഗപരിവര്‍ത്തനം എന്ന കവിതയില്‍ കവി പ്രതിപാദിക്കുന്നുണ്ട്.

വൈലോപ്പിള്ളിക്കവിതയുടെ മുഖമുദ്ര ദ്വന്ദ്വാത്മകതയാണ്. പാരമ്പര്യത്തെയും, പൈത്രികത്തെയും, ശാസ്ത്രബോധത്തെയും ഇഴചേര്‍ത്ത് രചിച്ച 'സര്‍പ്പക്കാട്' എന്ന കവിതയില്‍ സര്‍പ്പങ്ങള്‍ക്ക് പകരം ഞാഞ്ഞൂലുകളാണ് ആരാധ്യരെന്ന് കവി വ്യക്തമ്മാക്കുന്നു. അവരെ പുതിയ യുഗത്തിലെ നാഗത്താന്മാരായി അവതരിപ്പിക്കാനാണ് കവി ഈ കവിതയിലൂടെ ശ്രമിക്കുന്നത്.

വിശ്വാസങ്ങളും ആചാരങ്ങളും കെട്ടുപിണഞ്ഞ് പടര്‍ന്നു കിടക്കുന്ന സര്‍പ്പക്കാടാണ് ഭാരതീയസമൂഹം. കവിത സാമൂഹികവിമര്‍ശനമാണെന്ന് വിശ്വസിക്കുന്ന കവി പാരമ്പര്യത്തിലെ ജീര്‍ണ്ണതകളെ വെട്ടിയകറ്റാനും അതിന്റെ സത്ത നിലനിര്‍ത്താനും ബദ്ധശ്രദ്ധനാണ്. ശസ്ത്രീയബോധത്തിന്റെപിന്‍ബലത്തോടെയാണ് കവി ഇതിനെല്ലാം ശ്രമിക്കുന്നത്. അനന്തതയില്‍ വേരുകളാഴ്ത്തി പടര്‍ന്ന സര്‍പ്പക്കാട്, കവി വെട്ടിയെരിച്ച് അന്ധതയെ അകറ്റാനുള്ള വെളിച്ചമുണ്ടാക്കി. അങ്ങനെ പുതിയ തലമുറയോടായി അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.
'ഒട്ടും പേടിക്കേണ്ടെന്‍ മകനേ
മണ്ണറ പൂകിയ ഞാഞ്ഞൂളുകള്‍ തന്‍
പുറ്റുകളാണ് - ഇവയല്ലോ നമ്മുടെ
പുതിയ യുഗത്തിലെ നാഗത്താന്മാര്‍'
കര്‍ഷകബന്ധുവായ ഞാഞ്ഞൂളിനെയാണ് ആധുനിക മനുഷ്യന്‍ സര്‍പ്പങ്ങളായി ആദരിക്കേണ്ടത് എന്നൊരു ധ്വനി കൂടി കവി ഇതിലൂടെ നല്‍കുന്നു.

പാരമ്പര്യത്തിന്റെ മുള്‍പ്പടര്‍പ്പുകള്‍ വെട്ടിമാറ്റി മാത്രമെ പൈതൃകത്തിന്റെ സാരാംശങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ കഴിയൂ. അതുപോളെ സൗന്ദര്യബോധത്തോടൊപ്പം ശാസ്ത്രബോധവും ചേര്‍ന്നാലെ മനുഷ്യപുഓഗതിയിലേക്കെത്താനാവൂ എന്ന യാഥാര്‍ത്ഥ്യം കവി ഇവിടെ തിരിച്ചറിയുന്നു.

ആത്മകഥാപരമായ കവിതകളും വൈലോപ്പിള്ളി രചിച്ചിട്ടുണ്ട്. കവിയുടെ ജീവിതത്തിലെ ദയനീയമായ അനുഭവങ്ങളുടെ ശകലിതചിത്രങ്ങളാണ് ഗീതകവിഭാഗത്തില്‍ പെട്ട 'കുരുവികള്‍'. ഇതൊരു പ്രത്യേക കാലഘട്ടത്തിലെ തന്റെ ഡയറിക്കുറിപ്പുകളാണെന്ന് കവി തന്നെ പറയുന്നുണ്ട്. മുപ്പത്തിമൂന്നാം വയസ്സില്‍ രചിച്ച 'സഹ്യന്റെ മകന്‍' വ്യക്ത്യാനുഭവത്തിന്റെ വൈകാരിക സമ്മര്‍ദഫലമായുണ്ടായതാണെന്നും, 'മാമ്പഴം' കൊച്ചനുജന്റെ മരണം കവിയിലേല്പിച്ച ആഘാതമാണെന്നും കവി തന്റെ സ്വകാര്യസംഭാഷണത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് സൂചിപ്പിച്ച 'യുഗപരിവര്‍ത്തനം' എന്ന കവിത കവിയുടെ തികച്ചും വ്യക്തിപരമായ അനുഭവത്തില്‍ നിന്നും ഉടലെടുത്തതാണത്രെ. ദാമ്പത്യജീവിതം പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുമ്പോഴുള്ള നിലവിളിയാണ് ഈ കവിത. ദാമ്പത്യജീവിതത്തിന്റെ ഹൃദയരക്തം കൊണ്ടെഴുതിയ മറ്റൊരു കവിതയാണ് 'കണ്ണീര്‍പ്പാടം'. ഈ ദാമ്പത്യജീവിതത്തിന്റെ മറുപുറമാണ് 'ഉജ്ജ്വലമുഹൂര്‍ത്തം' എന്ന കവിത. സപ്തതിയോടടുത്ത് എഴുതിയ കവിതയാണ് 'സാവിത്രി'. വ്യക്തിസത്തയുടെയും സാമൂഹികസത്തയുടെയും പ്രസക്തിയും നിലനില്പും സംബന്ധിച്ച അന്വേഷണമാണ് ഈ കവിത. തീഷ്ണവൈരുദ്ധ്യങ്ങളുടെ പരസ്പര സമ്മര്‍ദ്ദവും സമന്വയവുമാണ് വൈലോപ്പിള്ളിക്കവിതയില്‍ കാണുന്നത്.

സാമൂഹികപരിവര്‍ത്തനത്തെ അനുകൂലിക്കുന്ന കവിയാണ് വൈലോപ്പിള്ളി. സാമൂഹികപരിവര്‍ത്തനത്തില്‍ വിപ്ലവത്തിന്റെ ആത്യന്തികത കണ്ടറിയുന്നതോടൊപ്പം അതിന്റെ സൃഷ്ട്യുന്മുഖതയെയും, നാശോന്മുഖതയെയും കുറിച്ച് ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രശസ്തകവിതയായ 'കുടിയൊഴിക്കല്‍' സാമൂഹികപരിണാമത്തിന്റെ നിര്‍ണ്ണായകഘട്ടത്തില്‍, ഒരനിവാര്യതയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇടതുപക്ഷചിന്താഗതിയും തൊഴിലാളി സംഘടനകളും രൂപം കൊണ്ട 1920കള്‍ക്ക് ശേഷം മാറി വരുന്ന കേരളസാമൂഹ്യപരിസരമാണ് ഇതിന്റെ പശ്ചാത്തലം. 1935ല്‍ കേരളകര്‍ഷകപ്രസ്ഥാനരൂപീകരണത്തോടെ വടക്കേ മലബാറില്‍ രൂപം കൊണ്ട കര്‍ഷകസമരങ്ങള്‍ സമൂഹത്തില്‍ വലിയ ചലനങ്ങളുണ്ടാക്കി. ഫ്യൂഡലിസത്തിന്റെ ആലസ്യത്തില്‍ നിന്ന് ജന്മിത്വത്തെ ഞെട്ടിപ്പിച്ചുണര്‍ത്തിയ ഒരു ഷോക്ട്രീറ്റ്മെന്റായിരുന്നു ഈ സമരങ്ങള്‍. സാമൂഹികപ്രതിബദ്ധതയുള്ള കവിക്ക് വിപ്ലവം അനിവാര്യമാണെന്ന യാഥാര്‍ത്ഥ്യബോധമുണ്ട്. ഉപരിവര്‍ഗ്ഗക്കാരനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുകയും തൊഴിലാളി വര്‍ഗ്ഗത്തോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന കവിക്ക് വിപ്ലവത്തോടുള്ള കാഴ്ചപ്പാടെന്താണെന്ന് വ്യക്തമാക്കുന്ന കവിതയാണ് 'കുടിയൊഴിക്കല്‍'.


വിപ്ലവത്തിന്റെ അനിവാര്യതയില്‍ വിശ്വസിക്കുമ്പോഴും ജന്മം കൊണ്ട് മധ്യവര്‍ഗ്ഗസംസ്കാരമുള്ള കവിയുടെ ധര്‍മ്മസങ്കടം, സംഘര്‍ഷം എന്നിവയാണ് ഇതില്‍ ആവിഷ്കരിക്കുന്നത്. വിപ്ലവത്തോടുള്ള തന്റെയും സമുദായത്തിന്റെയും കാലത്തിന്റെയും നിലപാടുകളെ വിപ്ലവത്തോട് ചേര്‍ന്നു നിന്നും നിസ്സംഗനായി നിന്നും മൂല്യനിര്‍ണ്ണയം ചെയ്യുകയാണ് കവി. വിപ്ലവത്തിന്റെ വിജയത്തില്‍ സന്തോഷിക്കുകയും അതിന്റെ രൂക്ഷതയെ ചൊല്ലി വിലപിക്കുകയും ചെയ്യുന്ന മനുഷ്യസ്നേഹാര്‍ദ്രനാണ് കവി. അതുകൊണ്ട് തന്നെയാണ് കവി ഇങ്ങനെ ചോദിക്കുന്നത്.


'വിശ്വസംസ്കാരപാലകരാകൂ
വിജ്ഞരേ യുഗം വെല്ലുവിളിപ്പൂ
ആകുമോ ഭവാന്മാര്‍ക്കു നികത്താന്‍
ലോകസാമൂഹ്യ ദുര്‍നിയമങ്ങള്‍
സ്നേഹസുന്ദര പാതയിലൂടെ?'

വൈലോപ്പിള്ളിക്കവിതയിലെ കേരളീയത :



കേരളീയപ്രകൃതിയേക്കാള്‍ കേരളീയസംസ്കൃതി നിറഞ്ഞു നില്‍ക്കുന്നുണ്ട് വൈലോപ്പിള്ളിക്കവിതയില്‍. കര്‍ഷകജീവിത പശ്ചാത്തലത്തിലാണ് ഗ്രാമജീവിതത്തിന്റെ വിശുദ്ധിയും ദൈന്യവുമെല്ലാം അദ്ദേഹം ചിത്രീകരിക്കുന്നത്. ഗ്രാമീണപ്രകൃതിയില്‍ നിന്ന് രൂപം കൊണ്ട ഇമേജറികളെക്കൊണ്ട് സമ്പന്നമാണ് ഈ കവിതകള്‍. കാല്പനികതയുടെ സ്വഭാവമായ ഗ്രാമസമ്രിദ്ധിയെ വാഴ്ത്തിപ്പാടല്‍ പല രൂപത്തില്‍ വൈലോപ്പിള്ളിക്കവിതയില്‍ കാണാം. ഗൃഹാതുരത്വമായും, ഗന്ധസ്മൃതികളായും, വെണ്മയുടെ വിശുദ്ധിയായും പല രൂപത്തില്‍ ഇത് പ്രകടമാണ്. കൊയ്ത്തുനെല്ലിന്റെ പുതുഗന്ധം, മാവിന്‍ ചുനയുടെ ഗന്ധം, പുന്നെല്ലിന്റെ പുതുമണം, ഓട്ടുകിണ്ണത്തില്‍ വിളമ്പിയ നെല്ലരിക്കഞ്ഞിയുടെ ഗന്ധം - ഇങ്ങനെ ഗന്ധബിംബങ്ങള്‍ ഗൃഹാതുരത്വത്തിന്റെ സ്വരഭേദങ്ങളായി വരുന്നു. കാലിമേക്കുന്നവരുടെ മദ്യശാലയായ കശുമാവിന്‍ തോപ്പ്, കീറത്തുണി പുതച്ച് ചവറടിച്ച് കൂട്ടി തീ കായുന്ന ഗ്രാമീണ ബാലര്‍, ശങ്കിച്ചും നീട്ടിയും ചിലയ്ക്കുന്ന കിളി, ചിരിയ്ക്കുന്ന വെള്ളില വള്ളികള്‍ നാണം കുണുങ്ങികളായ കുളക്കോഴികള്‍, കണ്മഷിയെഴുതിയ കുന്നിക്കുരു, കൂത്താടുന്ന പശുക്കുട്ടി, പുഴയില്‍ അലസമായി കണ്ണുചിമ്മിക്കിടക്കുന്ന എരുമകള്‍ തുടങ്ങിയവയുടെ കാഴ്ചപ്പുറങ്ങളിലൂടെ നാട്ടിന്‍പുറത്തിന്റെ സ്പന്ദമാപിനിയാകുന്നു ഈ കവിതകള്‍. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും വൈലോപ്പിള്ളിക്കവിതയില്‍ പ്രത്യക്ഷപ്പെടുന്നു. കാലടി പോലുള്ള തുമ്പപ്പൂ, കമ്മലിട്ട മുക്കുറ്റി, കിരീടം വച്ച ആമ്പല്‍, കാക്ക, കുളക്കോഴി, കാലന്‍ കോഴി, മാടത്ത, കരിയിലാം പീച്ചി, കുരുവി, മഞ്ഞക്കിളി, മാവ്,പ്ലാവ്, മുരുക്ക്, പുളി, നാട്ടിന്‍പുറത്തെ കൃഷിക്കാര്‍ എന്നിങ്ങനെ ജൈവവൈവിധ്യം മുഴുവന്‍ അദ്ദേഹത്തിന്റെ കാവ്യലോകത്ത് നിറഞ്ഞു നില്‍ക്കുന്നു. ഗ്രാമീണസംസ്കൃതിയുടെ ധ്വനികേന്ദ്രമായ ഓണം, വിഷു, തിരുവാതിര എന്നീ ആഘോഷങ്ങളും നാട്ടാചാരങ്ങളും ഉത്സവങ്ങളും കൊണ്ട് മുദ്രിതമാക്കപ്പെട്ടതാണ് ഈ കാവ്യവേദി. ഓണത്തെപ്പറ്റി ഏറെ എഴുതിയ കവിയാണ് വൈലോപ്പിള്ളി. ഓണത്തെക്കുറിച്ച് ധാരാളമായി എഴുതിയ മറ്റൊരു കവി പി.കുഞ്ഞിരാമന്‍ നായരാണ്. പി ക്ക് ഓണം സൗന്ദര്യവും ആഹ്ലാദവും മാത്രമാണ്. വൈലോപ്പിള്ളിക്കത് പൂര്‍ണ്ണതയുടെ സാക്ഷാത്കാരമാണ്.


 അതുകൊണ്ട് ഓണത്തെക്കുറിച്ച് നിരന്തരം പാടി, കവി സ്വന്തം കവിതയെ ഓണപ്പാട്ടുകളെന്നാണ് വിശേഷിപ്പിക്കുന്നത്. ഓണക്കവിത, ഓണക്കളിക്കാര്‍, ഓണക്കാഴ്ച, ഓണക്കിനാവ്, ഓണത്തല്ല്, ഓണപ്പാട്ടുകാര്‍, ഓണമുറ്റത്ത്, ഓണം, പൂക്കാലം, അഭിവാദനം, പൂവിളി, മാവേലി നാടു വാണീടും കാലം എന്നിങ്ങനെ ഓണത്ത് കേന്ദ്രവിഷയമാക്കിയ നിരവധി കവിതകള്‍ക്ക് പുറമെ ഓണം പരാമര്‍ശവിഷയമായ കവിതകളും ധാരാളമുണ്ട്.

'എത്ര പാട്ടുകള്‍ പാടീ നമ്മളെന്നാലോണത്തെ
പ്പറ്റി മൂളിയ പാട്ടിന്‍ മാധുരി വേറൊന്നല്ലേ' - എന്നാണ് കവി പ്രസ്താവിക്കുന്നത്. 


(എടുത്തു ചേർത്തത് മൂന്നാമിടം എന്ന ബ്ലോഗിൽ നിന്ന്..)

ऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽऽ
വൈലോപ്പിള്ളി..


ഒറ്റനോട്ടത്തില്‍തന്നെ തെളിഞ്ഞു കാണാവുന്ന ചില കാര്യങ്ങളുണ്ട്. വൈലോപ്പിള്ളിക്കവിതയാകെ ചേര്‍ത്തുവച്ചാല്‍ പരസ്‌പരവിരുദ്ധങ്ങളായ രണ്ട് പ്രവണതകള്‍ അതില്‍ പ്രബലമായിരിക്കുന്നതു കാണാനാവും. ഒരു ഭാഗത്ത്, മുകളിലൊരിടത്ത് സൂചിപ്പിച്ചതുപോലെ, പ്രസാദാത്മകവും പുരോഗമനപരവുമായ ലോകാവബോധത്തിന്റെ ആവിഷ്‌കാരപ്രകാരങ്ങളായ കവിതകള്‍. 'പന്തങ്ങളും' 'സര്‍പക്കാടും' മുതല്‍ 'ജലസേചന'വും 'മലതുരക്കലും' വരെ ഈ ഗണത്തില്‍പെടും. മറുഭാഗത്ത് സംഘര്‍ഷപൂര്‍ണവും സന്ദിഗ്ധവുമായ ജീവിതത്തിന്റെ ആഖ്യാനങ്ങളായി നിലകൊള്ളുന്ന രചനകള്‍. 'കണ്ണീര്‍പ്പാട'വും 'കുടിയൊഴിക്കലും' 'സഹ്യന്റെ മകനു'മെല്ലാം ഉള്‍പ്പെടുന്ന ഒരു ഗണം. ഈ രണ്ടുതരം കവിതകള്‍ രണ്ടുതരം ജീവിതസന്ദര്‍ഭങ്ങളോടുള്ള പ്രതികരണം പോലെയാണ് വൈലോപ്പിള്ളി രചിച്ചിട്ടുള്ളത് എന്ന വസ്‌തുതയും പരിഗണിക്കേണ്ടതാണ്. സംഘടിതവും സമരോല്‍സുകവുമായി ലോകനീതിയെയും സാമൂഹ്യവ്യവസ്ഥയെയും തിരുത്താന്‍ തുനിയുന്ന മാനവചേതനയോടുള്ള ഐക്യദാര്‍ഢ്യമാണ് ആദ്യവിഭാഗത്തിലെ കവിതകള്‍ പ്രകടിപ്പിക്കുന്നത്. ഇച്‌ഛാപൂര്‍ണമായ ഇടപെടലുകള്‍ കൊണ്ട് പുതിയൊരു ലോകം പണിതീര്‍ക്കാന്‍ പുറപ്പെട്ട മനുഷ്യവ്യൂഹങ്ങളുമായി കവി പുലര്‍ത്തുന്ന ഐക്യദാര്‍ഢ്യമാണത്.

വിശാലമായൊരര്‍ഥത്തില്‍ ആധുനികതയുടെ ലോകബോധവുമായി ഐക്യപ്പെടുന്ന കവിയെയാണ് നമ്മളവിടെ കാണുന്നത്. സ്വാതന്ത്ര്യത്തിലും പുരോഗതിയിലും വിശ്വസിക്കുന്ന, അതിനായുള്ള സംഘടിതയത്നങ്ങളെ സര്‍വാത്മനാ പിന്തുണയ്‌ക്കുന്ന ഒരാള്‍. ഈ കവിതകളിലെ കവികര്‍ത്തൃത്വം ഇങ്ങനെയൊന്നാണ്. അപ്പോള്‍ത്തന്നെ അത് പൊരുതുന്ന മനുഷ്യരോടുള്ള സഹഭാവമാണ് എന്നത് കാണാതെ പോകരുത്. ആധുനികതയുടെ വിമോചനസ്വപ്‌നങ്ങളെയാണ് ആ കവിതകള്‍ പിന്‍പറ്റുന്നത്. ഈ വിമോചന പ്രതീക്ഷകളാകട്ടെ, ആധുനികം തന്നെയായ ഭരണകൂടാധികാരത്തിനും മൂലധന വ്യവസ്ഥയ്‌ക്കും സാമ്രാജ്യത്വത്തിനും എതിരായ പോരാട്ടങ്ങളുടെ ഊര്‍ജസ്രോതസ്സായി നിലകൊള്ളുന്നതുമാണ്. ആ നിലയ്‌ക്ക് ആധുനികമായ വിമോചനാദര്‍ശങ്ങളെ മുന്‍നിറുത്തി, ആധുനികതയുടെ തന്നെ അധികാരവ്യവസ്ഥയോട് ഇടഞ്ഞുനില്‍ക്കുന്നവയാണ് ആ രചനകള്‍ എന്ന് പറയാനാകും. ആധുനികതയുടെ ഇനിയും പൂര്‍ത്തികരിക്കപ്പെട്ടിട്ടില്ലാത്ത വിമോചകദൌത്യങ്ങളെക്കുറിച്ച് നേബര്‍മാസിനെപ്പോലുള്ളവര്‍ പറഞ്ഞുവച്ച ആശയങ്ങളുമായി ചേര്‍ത്തുവച്ച് പരിശോധിച്ചാല്‍, ഈ കവിതയിലെ ആശയത്തിന് കൂടുതല്‍ മിഴിവ് കൈവരികയും ചെയ്യും.

മറുഭാഗത്തെ കവിതകള്‍ ഇതിന്റെ മറുപുറത്ത് നിലയുറപ്പിച്ചവയാണ്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ആധുനികതയുടെ സ്ഥാപനരൂപങ്ങളോടും ആദര്‍ശങ്ങളോടും പ്രയോഗമാതൃകകളോടുമുള്ള വിമര്‍ശനങ്ങളാണ് അവയുടെ കാതല്‍. കുടുംബവും ദാമ്പത്യവും, പ്രണയവും ദേശീയതയും ഉള്‍പ്പെടെയുള്ള ആധുനികസ്ഥാനങ്ങള്‍ ഒന്നൊന്നായി വിചാരണ ചെയ്യപ്പെടുന്ന ഇടങ്ങളാണ് ആ കവിതകള്‍. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഈ കവിതകളെല്ലാം വൈയക്തികമായ ഒരനുഭവലോകത്തെ ചൂഴ്ന്നുനില്‍ക്കുന്നവയാണ് എന്നതാണ്. ആധുനികത ജന്മം നല്‍കിയ ഏറ്റവും ബലിഷ്‌ഠമായ മഹാഖ്യാനം ഏകവും അഖണ്ഡവുമായ വ്യക്തിത്വവും അതിന്റെ ഉടമയായ മനുഷ്യനും എന്ന കല്‍പനയാണ്. ആധുനികതയുടെ ഈ മനുഷ്യഭാവനയാണ് എണ്ണമറ്റ അധിനിവേശങ്ങളുടെയും പ്രകൃതിചൂഷണങ്ങളുടെയും മറ്റും ആധാരമായി ഇന്ന് പരിഗണിക്കപ്പെടുന്നതും. 'ആരൊരാളെന്‍ കുതിരയെക്കെട്ടുവാന്‍' എന്ന് വിജൃംഭിത വീര്യത്തോടെ കുളമ്പടിച്ചു പാഞ്ഞ മര്‍ത്ത്യവീര്യം ഇത്തരമൊരു വീക്ഷണത്തിന്റെ ഉല്‍പന്നമാണ്. മനുഷ്യന്‍ എന്ന കേവലസത്തയെ ഉയര്‍ത്തിനിറുത്തുന്ന ഈ കാഴ്‌ചവട്ടത്തെ ആധുനികതയ്‌ക്കകത്തു നിന്നു തന്നെ മാര്‍ക്സും മറ്റും വിമര്‍ശനവിധേയമാക്കിയിട്ടുണ്ട് എന്നതും ഇവിടെ ഓര്‍മിക്കണം. സാമൂഹ്യബന്ധങ്ങളുടെ സമുച്ചയം എന്ന് മനുഷ്യനെ വിവരിക്കുന്നതിലൂടെ, സത്താപരമായ മനുഷ്യ - വ്യക്തിത്വകല്‍പനകളുടെ നിരാകരണം കൂടിയാണ് മാര്‍ക്‌സ് നടത്തിയത്. എങ്കിലും ആധുനികലോകം വ്യക്തികേന്ദ്രിതമായ മാനവവാദത്തിന്റെയും അതിനെ മുന്‍നിറുത്തുന്ന സ്ഥാപനരൂപങ്ങളുടേതുമായിരുന്നു. നാം ഇന്നു കഴിയുന്ന ലോകത്തിന്റെ കേന്ദ്രവും ഏറെക്കുറെ ഇതു തന്നെയാണ്.

മനുഷ്യന്‍ എന്ന അഖണ്ഡസത്തയെ മുന്‍നിറുത്തി പണിതുയര്‍പ്പെട്ട സ്ഥാപനരൂപങ്ങളോടും അതിന്റെ കേന്ദ്രമായ കേവല മനുഷ്യസങ്കല്‍പത്തോടുമാണ് തന്റെ ഒരു വിഭാഗം കവിതകളിലൂടെ വൈലോപ്പിള്ളി എതിരിട്ടു നടന്നത്. അതിപ്രബലമായ മാനവകേന്ദ്രിതത്വത്തിന്റെ കാഴ്‌ചവട്ടത്തിനകത്തു വച്ച് വായിച്ചതിനാല്‍ ഈ എതിരിടല്‍ നമ്മുടെ വായനാചരിത്രത്തില്‍ അത്ര വലിയ ഇടം പിടിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. തീര്‍ത്തും വ്യക്തിപരമായ അനുഭവങ്ങളിലേക്കെത്തുമ്പോള്‍ വൈലോപ്പിള്ളിക്കവിത സംഘര്‍ഷനിര്‍ഭരവും വൈരുധ്യപൂര്‍ണവുമായിത്തീരുന്നതും, അത് പിന്നാലെ കുടുംബവും ദാമ്പത്യവും പ്രണയവും പോലുള്ള സ്ഥാപനരൂപങ്ങളുമായി ഏറ്റുമുട്ടി അവയെ ഒരു പ്രശ്‌നമേഖലയായി പരാവര്‍ത്തനം ചെയ്യുന്നതും നമുക്ക് കാണാനാവും. ഈ സവിശേഷസ്വരഘടന നാം വേണ്ടത്ര വകവച്ചുകൊടുത്തിട്ടില്ല.

'എന്നുടെയൊച്ച കട്ടുവോ വേറിട്ട് ' എന്ന് വൈലോപ്പിള്ളിക്കവിതയുടെ അബോധം നമ്മെ നിരന്തരം അഭിസംബോധനചെയ്യുന്നുണ്ട്. നാമത് കേട്ടുതുടങ്ങുന്നതേയുള്ളൂ എന്നുമാത്രം.

ഇങ്ങനെ ഇരുപുറങ്ങിലേക്കും ഇരുലോകങ്ങളിലേക്കും കടന്നുനില്‍ക്കുന്ന കവിതകളുടെ രണ്ട് ധാരകളെ നിലനിറുത്തുമ്പോള്‍ തന്നെ ഈ ഇരുലോകങ്ങളും തമ്മിലിടയുന്ന ഒരാന്തരഘടനയും വൈലോപ്പിള്ളിയുടെ അധ്വാനപദ്ധതി നിലനിറുത്തിപ്പോരുന്നുണ്ട്. ആധുനികമായ ചിന്താരീതി ജന്മം നല്‍കിയ അപരലോകങ്ങളെ അസാധുവാക്കുന്ന ഒരു ഭാഷാവടിവും ജീവിതവീക്ഷണവുമായി ഇത് പലപ്പോഴും കവിതയില്‍ ഉണര്‍ന്നിരിക്കുന്നു. പ്രകൃതി /സംസ്‌കൃതി, ആത്മാവ് / ശരീരം, ഭൌതികം / ആത്മീയം, പാശ്ചാത്യം / പൌരസ്‌ത്യം എന്നിങ്ങനെയുള്ള എണ്ണമറ്റ വിപരീതദ്വന്ദ്വങ്ങളിലൂടെ യാഥാര്‍ഥ്യത്തെ വിശദീകരിക്കുകയും മനസ്സിലാക്കുകയുമാണ് ആധുനികത ചെയ്‌തത്. വൈലോപ്പിള്ളിക്കവിതയിലെ വിപരീതബിംബങ്ങളെന്ന് വിവരിക്കപ്പെട്ടത്, ഈ ദ്വന്ദ്വകല്‍പനയെ മറികടക്കുന്ന വാങ്മയങ്ങളെയാണ്.

'നിഗ്രഗോല്‍സുകം സ്നേഹവ്യഗ്രമെങ്കിലും ചിത്തം'

എന്നും

'വിരുന്നുകാര്‍ക്കമര ദേഹമി
അരുവി ഞങ്ങള്‍ക്ക് നരകദേശം'

എന്നുമെല്ലാം വൈലോപ്പിള്ളിക്കവിത വീപരിതങ്ങളായി വകഞ്ഞുമാറ്റപ്പെട്ട ലോകങ്ങളെ ചേര്‍ത്തു നിറുത്തി. ഇതിനുമപ്പുറം കവിതയുടെ ആന്തരഘടനയില്‍ത്തന്നെ വിപരീതദ്വന്ദ്വങ്ങളെ മറികടന്നു പോകാനും അത് ചിലപ്പോള്‍ സന്നദ്ധമായി.
വൈലോപ്പിള്ളിയുടെ പ്രശസ്‌തകവിതയായ 'സഹ്യന്റെ മകന്‍' ഇത്തരമൊരു ആന്തരപ്രകൃതിയെ നിലനിറുത്തുന്നതെങ്ങനെയെന്ന് പരിശോധിക്കാനാണ് ഈ പ്രബന്ധം തുടര്‍ന്ന് ശ്രമിക്കുന്നത്. ഭാവനയുടെ ചരിത്രപരതയെ ഭാവനാബന്ധങ്ങളെ നിര്‍ണയിക്കുന്ന വിചാരക്രമങ്ങള്‍ക്ക് കുറുകെ സഞ്ചരിച്ചുകൊണ്ടും അടയാളപ്പെടുത്താനാവുമെന്നതിനെ 'സഹ്യന്റെ മകന്‍' സാക്ഷ്യപ്പെടുത്തുന്നുണ്ട്.

രണ്ട്

അബോധത്തില്‍ ദമനം ചെയ്യപ്പെട്ട വാസനാവേഗങ്ങള്‍ പരിഷ്‌കൃതിയുടെ ലോകനീതിക്കെതിരെ നടത്തുന്ന പടപാച്ചിലുകളുടെ കഥയായാണ് 'സഹ്യന്റെ മകന്‍' പൊതുവേ മനസ്സിലാക്കപ്പെട്ടുവരുന്നത്. ഇങ്ങനെയൊന്നാണീ കവിത എന്ന് വൈലോപ്പിള്ളി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

'പരിഷ്‌കൃതജീവിതത്തിന്റെ ചട്ടവട്ടങ്ങള്‍ക്കു വഴങ്ങി അണിഞ്ഞൊരുങ്ങിനില്‍ക്കുന്ന മഹിമയേറിയ മനുഷ്യന്‍ ചില പ്രതിസന്ധിഘട്ടങ്ങളില്‍ പ്രബലമായ ഒരു പ്രാഥമിക വികാരത്തിന് വിധേയനായി, സംസ്‌ക്കാരപാരമ്പര്യങ്ങളെ വകവയ്‌ക്കാതെ സ്വന്തം ഹൃദയപ്രേരണയ്‌ക്കനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുകയും അയാളെക്കൊണ്ടു പരിഭ്രമവും അപായവും അനുഭവിക്കുന്ന സമുദായം അയാളെ പകയോടെ ഞെരിച്ചുതകര്‍ക്കുകയും ചെയ്യുന്നതിന്റെ ഛായ ഈ കഥയുടെ പിന്നിലുണ്ട് ' എന്നാണ് ഈ കവിതയ്‌ക്കുള്ള വൈലോപ്പിള്ളിയുടെ പ്രശസ്‌തമായ അടിക്കുറിപ്പ്.


(സുനില്‍ പി. ഇളയിടം, കടപ്പാട് : ഗ്രന്ഥാലോകം ജൂണ്‍ 2010)

................................................................................




ഓര്‍മ്മകള്‍ കൊണ്ട്‌ ഒരു ഓണക്കോടി
മഹാകവി പിയോട് മഹാകവി അക്കിത്തം സംസാരിക്കുന്നു
വാക്കുകളുടെ മഹാബലി മഹാകവി പി.കുഞ്ഞിരാമന്‍ നായരുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാകവി അക്കിത്തം നടത്തിയ അപൂര്‍വമായ അഭിമുഖം ചുവടെ. പിയുടെ കാവ്യവിചാരങ്ങളിലേക്കും ജീവിതത്തിലേക്കുമുള്ള സ്‌നേഹപൂര്‍ണ്ണമായ കടന്നുപോകലിനൊപ്പം രണ്ട് വലിയ കവികളുടെ കൂടിച്ചേരലിന്റെ അത്യപൂര്‍വ്വത കൂടിയുണ്ട് ഈ മുഖാമുഖത്തിന്. മഹാകവിയോടുള്ള സ്‌നേഹാഞ്ജലിയായി ഈ അഭിമുഖം സമര്‍പ്പിക്കുന്നു, ഒപ്പം അക്കിത്തം എന്ന ഇതിഹാസമെഴുത്തുകാരനോടുള്ള ധന്യതയും
അക്കിത്തം: നമസ്‌കാരം. വല്ലപ്പോഴുമൊരിക്കലേ കണ്ടുകിട്ടാറുള്ളു. കണ്ടാല്‍ത്തന്നെ രണ്ടാമത്തെ നോട്ടത്തിനുമുമ്പ് അങ്ങ് അപ്രത്യക്ഷനാകും. ഇന്നേതായാലും വിടാന്‍ ഭാവമില്ല. എന്റെ കൈയില്‍ ഏതാനും ചോദ്യങ്ങളുണ്ട്. കുഞ്ഞിരാമന്‍നായര്‍ ആ ചോദ്യങ്ങള്‍ക്ക് അര്‍ഥമുണ്ടാക്കിത്തരേണമെന്ന അപേക്ഷയുണ്ട്.
കുഞ്ഞിരാമന്‍നായര്‍: നമസ്‌കാരം. ഞാന്‍ സ്വതേ ഒരു അനര്‍ഥക്കാരനാണ്. എങ്കിലും ചോദിച്ചോളൂ.

കുഞ്ഞിരാമന്‍നായര്‍ക്ക് കവിതാരചന സുഖമാണോ?
ഈ ചോദ്യം ഞാന്‍ പലവട്ടം പനിനീര്‍മൊട്ടിനോട് ചോദിച്ചതാണ്. ധനുമാസത്തിലെ കുയിലിനോടു ചോദിച്ചതാണ്. ചന്ദ്രോത്സവത്തിലെ കടലിനോട് ചോദിച്ചതാണ്. ഈ വികാരം സുഖമാണോ? ഈ രാഗലഹരി സുഖമാണോ? ഈ പ്രേമവായ്പിന്റെ വേലിയേറ്റം സുഖമാണോ? അവരുടെ മറുപടി ഞാന്‍ ആവര്‍ത്തിക്കാം - ഇതു സുഖമാണ്. ഇതു മാത്രമാണ് സുഖം - ഈ സുഖം നേടാനുള്ള ദുഃഖവും സുഖമാണ്.

എന്നു തുടങ്ങി ഈ സുഖാന്വേഷണം എന്നറിഞ്ഞാല്‍ കൊള്ളാം.
ഒന്നുമറിയാത്ത, എല്ലാമറിയുന്ന, ശൈശവത്തില്‍. പന്ത്രണ്ടാം വയസ്സില്‍. ഇരുട്ടു കുത്തി, തോരാത്ത കര്‍ക്കടകപ്പേമാരിയുടെ ശ്രുതി. മുത്തശ്ശന്റെ രാമായണഭാരത പാരായണം. രാമചരിതം പാട്ട്. എന്നെ അലിയിച്ചു. മധുരം നിറച്ച ആ ശീലുകള്‍ മറ്റൊരു ലോകത്തിലെത്തിച്ചു. കവിത-സംഗീതം-കേള്‍ക്കുമ്പോള്‍ സ്വയം മറന്ന് അതില്‍ മുങ്ങാന്‍ മനസ്സാശിച്ചു. പിന്നീട്, പതിന്നാലാമത്തെ വയസ്സില്‍ പട്ടാമ്പി പരിസരത്തുവെച്ച്-കവിതയുടെ ഉറവു കിനിഞ്ഞു.

പന്ത്രണ്ടാമത്തെ വയസ്സെന്നു പറഞ്ഞുവല്ലോ. പ്രാഥമിക വിദ്യാഭ്യാസം നേടിയ നാളുകളെക്കുറിച്ചുള്ള ഓര്‍മകള്‍ എന്തെല്ലാമാണ്?
വളരെയൊന്നും ഓര്‍മയില്ല. എങ്കിലും ഒന്നോര്‍ക്കുന്നു. കണക്കു പീര്യഡ് അന്നെനിക്കൊരു പേടിസ്വപ്നമായിരുന്നു. പാഠപുസ്തകങ്ങളിലെ കവിതകള്‍ നീട്ടിപ്പാടി സ്വയം മറക്കാറുണ്ടായിരുന്നു. അതൊരു ആവേശം തന്നെയായിരുന്നു.

കുഞ്ഞിരാമന്‍നായരുടെ ആദ്യത്തെ കവിത ഏതാണ്? അതെഴുതിയത് എവിടെ വച്ചായിരുന്നു?
പ്രകൃതിഗീതം! അതാണെന്റെ ആദ്യത്തെ കവിത. അതെഴുതുകയല്ല ഉണ്ടായത്. ഏറെനാള്‍ അതിലെ ഈരടികള്‍ മൂളിപ്പാടി തന്നത്താന്‍ രസിച്ചുകൊണ്ടു നടന്നു. പിന്നീട് എത്രയോ കഴിഞ്ഞ്, കുറുവന്‍തൊടി ശങ്കരനെഴുത്തച്ഛന്റെ നിര്‍ബന്ധപ്രകാരം ഒരു കടലാസ്സില്‍ പകര്‍ത്തി, അദ്ദേഹം നടത്തിവന്നിരുന്ന 'പൈങ്കിളി' മാസികയില്‍ ചേര്‍ത്തു.

പട്ടാമ്പി പരിസരവും ഭാരതപ്പുഴയും അങ്ങയുടെ മിക്ക കവിതകളുടെയും പശ്ചാത്തലമായി വര്‍ത്തിച്ചതെന്തുകൊണ്ടാണ്? ഒന്നു വിശദീകരിക്കാമോ?
എന്തോ! പട്ടാമ്പി-പുന്നശ്ശേരി പരിസരം ഉറങ്ങുന്ന കവിതയെ തട്ടിയുണര്‍ത്തിവിട്ടു. ഭാരതപ്പുഴയും വെണ്‍മണല്‍ത്തിട്ടും ചെറുതോണികള്‍, പച്ച പുതച്ച ഈങ്ങയൂര്‍ കുന്ന്. സന്ധ്യയ്ക്ക് ഇത്തിരി നേരം അന്തിത്തിരി മിന്നിമറയുന്ന ആ ശിവക്ഷേത്രം, നിശ്ശബ്ദമായി കാലുവച്ചു വരുന്ന പ്രഭാതങ്ങള്‍, നീണ്ട പാത, പലതരം യാത്രക്കാര്‍ - എല്ലാം ഒരു മഹാകാവ്യത്തിലെ വരികളായി തോന്നി. അന്നത്തെ അനുഭൂതിയെക്കുറിച്ച് 'പുലരിയെന്നവളോട്' എന്ന കവിതയില്‍ കാണാം. ആ കവിത നഷ്ടപ്പെട്ടു.

ഒരു വിദ്യാര്‍ഥിയായി അങ്ങ് പട്ടാമ്പിയിലെത്തിച്ചേര്‍ന്നുവെന്നാണല്ലോ പറഞ്ഞത്. അന്ന് അങ്ങ് നേടിയ വിദ്യാഭ്യാസത്തിന്റെ സ്വഭാവം ഒന്നു വിവരിച്ചുതന്നാല്‍ തരക്കേടില്ല. ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ അങ്ങ് എന്തെല്ലാം നേടി?
ഒരു വ്യാഴവട്ടക്കാലത്തിലധികം സംസ്‌കൃതപഠനത്തിന്നായി ചെലവഴിച്ചിട്ടുണ്ട്. ആദ്യം പട്ടാമ്പിയില്‍, പിന്നീട് തഞ്ചാവൂരിലും. പട്ടാമ്പിയില്‍ വച്ച്, സാക്ഷാല്‍ മഹാവിദ്വാന്‍ പുന്നശ്ശേരി നമ്പി ഗുരുനാഥന്റെ കീഴിലായിരുന്നു. കാവ്യങ്ങള്‍, അലങ്കാരങ്ങള്‍ എന്നിവ പഠിച്ചു. ഏഴര വെളുപ്പിന് ഉറക്കം തൂങ്ങിക്കൊണ്ടുള്ള ആ ശ്ലോകം ചൊല്ലലും, ഗുരുനാഥന്റെ ഇടയ്ക്കുള്ള 'കുഞ്ഞിരാമാ' എന്നുള്ള വിളിയും 'ഉറങ്ങുകയാണോ?' എന്ന ചോദ്യവും ഇപ്പോഴും കാതിലുണ്ട്.

സാക്ഷാല്‍ പുന്നശ്ശേരി നമ്പിയെക്കുറിച്ച് അങ്ങ് പ്രസ്താവിച്ചുവല്ലോ. ആ പുണ്യശ്ലോകനെക്കുറിച്ച് അല്‍പ്പം കൂടി കേട്ടാല്‍ കൊള്ളാമെന്നുണ്ട്. അതും ഒരാപ്തശിഷ്യന്റെ മുഖത്തുനിന്നും.
ഭസ്മരുദ്രാക്ഷമാലകളണിഞ്ഞ ആ തേജോരൂപം, ഇപ്പോഴും ചുമര്‍ച്ചിത്രമായി ഉള്ളറയിലുണ്ട്. കാലത്തു മൂന്നുമണി തൊട്ട് എട്ടു മണിവരെയും വൈകുന്നേരം അഞ്ചുമണിമുതല്‍ എട്ടുമണിവരെയും അദ്ദേഹം തന്റെ ഉപാസനാമൂര്‍ത്തിയായ ദേവിയുടെ ക്ഷേത്രത്തിലായിരിക്കും. അതു കഴിഞ്ഞ് മറ്റു സമയങ്ങളിലാണ് അധ്യാപനം. ഒരേ സമയത്തു പത്തു ശിഷ്യന്മാരെ, പത്തു വിഷയങ്ങള്‍ - ദുര്‍ഗ്രഹശാസ്ത്രങ്ങള്‍-പഠിപ്പിച്ചിരുന്നു.

തഞ്ചാവൂര്‍ പരിസരം അങ്ങയെ എത്ര കണ്ടു സ്വാധീനിച്ചിട്ടുണ്ട്?
ഇവിടെ ഭാരതപ്പുഴ എന്നപോലെ അവിടെയും എന്നെ പിടികൂടാന്‍ ഒരുത്തിയുണ്ടായിരുന്നു. ഇളം നീലച്ചേലയുടുത്ത കാവേരി! കരിമ്പുതോട്ടങ്ങളില്‍ക്കൂടി മെല്ലെ മെല്ലെ അടിവച്ചടിവച്ച് ത്യാഗരാജകീര്‍ത്തനങ്ങളുടെ മധുരമൊഴുക്കി എങ്ങോ നടന്നകലുന്ന കാവേരി! കാവേരിയിലെ പ്രഭാതം! പാതിരാവിലെ ചന്ദ്രോദയം - കാവേരീനദിയിലേക്ക് കെട്ടിയിറക്കിയ ആ കൂറ്റന്‍ കെട്ടിടത്തിന്റെ, ഓളങ്ങളുരുമ്മുന്ന ഒരു മുറിയിലാണ് രണ്ടു കൊല്ലം ഞാന്‍ ജീവിച്ചിരുന്നത്. അവളെക്കുറിച്ച് മൂന്നാലു കവിതകള്‍ അന്നു മനസ്സിലെഴുതിവച്ചു.

അപ്പോള്‍ ഒരു ചോദ്യം - കവിതകള്‍ മനസ്സിലെഴുതിവെച്ചുവെന്ന് പറഞ്ഞല്ലോ. ആ ഏര്‍പ്പാട് ഇന്നുമുണ്ടോ?
ചങ്ങാതീ, ഇന്നത് സാധ്യമല്ല. കടലാസ്സും പേനയും എന്നും തുണയ്ക്കു വേണം എന്ന മട്ടാണിന്ന്: കിഴവന്നു വടിപോലെ.

തികച്ചും ബോധപൂര്‍വമായ ഒരു പ്രക്രിയയാണോ, ഈ കവിതാരചന?
ഓരോരുത്തരുടെയും കവിതാരചന ഓരോ മട്ടിലായിരിക്കും. എന്നെ സംബന്ധിച്ച് തുറന്നുപറയാം. തികച്ചും ബോധപൂര്‍വമല്ല ആ പ്രക്രിയ. ആകാശത്ത് പെട്ടെന്ന് എങ്ങുനിന്നോ മേഘമാലകള്‍ അടിഞ്ഞുകൂടുന്നു. പൂവില്‍ തനിയെ തേന്‍ കിനിയുന്നു. എട്ടുകാലി അവനറിയാതെ മനോഹരമായ വല നെയ്യുന്നു. മങ്ങിയ വെളിച്ചത്തില്‍ മങ്ങിയ ഇരുട്ടില്‍വെച്ച് ആ സര്‍ഗപ്രക്രിയ നടക്കുന്നു.

സാഹിത്യം-കവിത. ജീവിതഗന്ധിയാവണമെന്ന് പറയാറുണ്ട്. അങ്ങനെ വരുമ്പോള്‍, കവി തനിക്കു ചുറ്റുമുള്ള ജീവിതം നിരീക്ഷിക്കേണ്ടതല്ലേ? അതങ്ങനെത്തന്നെ പകര്‍ത്തിവെച്ചാല്‍ കവിതയാകുമോ?
വെറും ഫോട്ടോഗ്രാഫറല്ല കവി. കവി ചിത്രകാരനാണ്. മണ്ണ്, മനോഹരമായ മണ്‍കുടമാകുന്നു. പരുത്തി വെണ്മയേറിയ പൂന്തുകിലാകുന്നു. മുള്ളുള്ള കൈതയോല, മിനുമിനുത്ത തഴപ്പായാകുന്നു. പുതിയൊരു പ്രപഞ്ചസൃഷ്ടി തന്നെയാണത്. കവിയുടെ മൂലധനം ഭാവനാവിലാസംതന്നെ. ഉണക്കുവൈക്കോല്‍ തിന്നുന്ന പശു നറുംപാല്‍ ചുരത്തുന്നു. ഈ പ്രപഞ്ചം ഈ ഭാവനാശില്‍പ്പത്തില്‍ക്കൂടി, നിത്യസുന്ദരമായ ഭാവനാകാവ്യമായി ഉരുത്തിരിയുന്നു.

കവിയുടെ നിത്യനൂതനമായ പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് അങ്ങ് ഭംഗിയായി അപഗ്രഥിച്ചു. ഒരു കാര്യം കൂടി. ഈ സൃഷ്ടി നടത്തുന്ന കവിയുടെ ആന്തരാനുഭവങ്ങളെക്കുറിച്ച് വല്ലതും പറയാന്‍ പറ്റുമോ?
വെളിച്ചപ്പാടിന്റെ കാര്യം ഞാന്‍ പലതവണ പറഞ്ഞതാണ്. പോസ്റ്റുമേന്റെ കാര്യവും അതേപോലെതന്നെ. തന്നെ മറക്കുക എന്നതാണ് സുഖരഹസ്യം. കലാരഹസ്യവും അതുതന്നെ. സ്വന്തം മേല്‍വിലാസം നഷ്ടപ്പെടുമ്പോഴാണ് നേട്ടമുണ്ടാകുന്നത്. ഈ 'അഹ'ത്തില്‍നിന്ന് എത്രയ്ക്ക് അകന്നുപോകുന്നുവോ, അത്രയ്ക്ക് അവനുയരുന്നു. ആ നിമിഷങ്ങളില്‍ കവി വ്യക്തിയല്ല, മഹാശക്തിയാണ്. അനശ്വരമായ മഹാകാവ്യമാണ്. ശരിയായ നിയോഗം വരുമ്പോള്‍ അത് വെളിച്ചപ്പാടിന്റെ ശബ്ദമല്ല. മറ്റേതോ ശബ്ദമായിരിക്കും. അവന്‍ ഒരോടക്കുഴലായി മാറും. അനശ്വരമായ തൂലികയായി മാറും. ആദ്യം താങ്കള്‍ ചോദിച്ച ചോദ്യത്തിന്ന് ഇവിടെയാണ് ശരിയായ ഉത്തരം വരുന്നത്. കവിതാരചന സുഖമാണോ, എന്നു ചോദിച്ചുവല്ലോ - ഈ നിമിഷങ്ങളില്‍ കവിതാരചന സുഖമാണ്. ഫോട്ടോഗ്രാഫറുടെ ഡാര്‍ക്ക് റൂമാണ് കവിയുടെ പണിപ്പുര.

അപ്പോള്‍ കവിയുടെ അലൗകികാനുഭൂതികളില്‍ അങ്ങ് വിശ്വസിക്കുന്നു. അല്ലേ?
സാധാരണ മനുഷ്യര്‍ക്കില്ലാത്ത ചില അലൗകികാനുഭൂതി വിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടാണല്ലോ അവനെ കവിയെന്നു വിളിക്കുന്നത്. അവന്റെ ജീവിതവീക്ഷണം - ലോക വീക്ഷണം - ജീവിതവ്യാപാരം - ഇരിപ്പ്, നടപ്പ്, കിടപ്പ് - പോരാ, ഓരോ ചലനംപോലും വ്യത്യസ്തമായിരിക്കും. പ്രത്യേകതകള്‍ ഉള്ളതായിരിക്കും. ഈ അസാധാരണത്വം - അലൗകികത്വം - അവന്റെ മുദ്രയാണ്. അതു നിലനില്ക്കുമ്പോഴേ, അവന്നു കവിത എഴുതാന്‍ പറ്റൂ. ആര്‍ഷകാവ്യങ്ങള്‍ അതിനു തെളിവാണല്ലോ. കാളിദാസകാവ്യങ്ങള്‍ ഉള്‍പ്പെടെ. ഓരോ നിമിഷവും കവിതയ്ക്കുള്ള തപസ്യയായി മാറ്റാന്‍ വെമ്പുന്നു. ക്ഷണികവും നശ്വരവുമായ ഈ പ്രപഞ്ചജീവിതം അയാള്‍ അനശ്വരമായ കവിതയാക്കി മാറ്റുന്നു.

ഞാന്‍ നേരത്തെ ചോദിച്ച ചോദ്യം മറ്റൊരു സ്വരത്തില്‍ ഒന്നുകൂടി ആവര്‍ത്തിക്കുകയാണിവിടെ. സമകാലിക ജീവിതത്തിന്റെ ആശകളും നിരാശകളുമെല്ലാം ഒരു കവിക്കു കണ്ടില്ലെന്നു നടിക്കാന്‍ പറ്റുമോ? കവിയും സമൂഹത്തിലൊരു ഭാഗമല്ലേ? അത്തരം പ്രശ്‌നങ്ങളെ കവി നേരിട്ടില്ലെങ്കില്‍, കാലഘട്ടത്തിന്റെ ശബ്ദം ചെവിക്കൊള്ളാതിരിക്കലെന്ന മട്ടാവില്ലേ.
ഉത്തരം മുമ്പ് പറഞ്ഞതാണ്. കവി വ്യക്തിയല്ല, ശക്തിയാണെന്ന്. കവിയുടെ ആത്മാവ് വിശ്വാത്മാവാണെന്ന്, വിശ്വപ്രേമമാണെന്ന്. കവിയുടെ രൂപം - സത്യം പറയട്ടെ ചങ്ങാതീ! വിശ്വരൂപമാണെന്ന്! കവിയുടെ ഹൃദയസ്പന്ദനം വിശ്വത്തിന്റെ ഹൃദയസ്പന്ദനമാണെന്ന്. സര്‍വചരാചരങ്ങളുടെയും ഹൃദയസ്പന്ദനമാണെന്ന്. മര്‍ദനമേല്‍ക്കുന്ന തൊഴിലാളിയും ഭാരം വലിച്ച്, ചാട്ടയടിയേല്‍ക്കുന്ന വണ്ടിക്കാളയും - അയാളെ വേദനിപ്പിക്കുന്നു. പുഴ അറിയാതെ, പരിസരം അതില്‍ ബിംബിക്കുന്നു. ചുറ്റുമുള്ളതെല്ലാം അതില്‍ പ്രതിബിംബിക്കുന്നു. അത് അകൃത്രിമമാകണം. ആത്മാര്‍ഥമാകണം. അപ്പോഴതിന്ന് അഴകുണ്ട്. അനുഭൂതിയുണ്ട്. മറിച്ചാവുമ്പോള്‍ വിരൂപവും.

കവിതയ്ക്ക് - അല്ലെങ്കില്‍ കവിക്ക് എന്തെങ്കിലും ഒരു ലക്ഷ്യം വേണ്ടതുണ്ടെന്ന് കുഞ്ഞിരാമന്‍നായര്‍ക്ക് അഭിപ്രായമുണ്ടോ?
ഒറ്റ വാക്കില്‍ പറയാം. ആരും സ്വീകരിച്ചുകൊള്ളണമെന്നില്ല. ജീവിതത്തിനെന്നപോലെ, കവിതയ്ക്കും ഒരു ലക്ഷ്യമുണ്ട്. അതിതാണ്:
പൊട്ടിത്തകരാന്‍ മുഹൂര്‍ത്തമടുത്തൊരീ-
മൃത്യുപാത്രത്തിലമൃതു മോന്തുക,
ലോകത്തിന് മോന്താന്‍ കൊടുക്കുക.

കവി ഉപദേഷ്ടാവാകേണ്ടതുണ്ടോ? എന്ത് പറയുന്നു?
നേരിട്ട് ഉപദേശത്തിനൊരുങ്ങുമ്പോള്‍, കവി കവിയല്ലാതാകുന്നു. ആ പഴയ വരിയാണ് ഇതിനു പ്രമാണമെന്ന് എനിക്കു തോന്നുന്നു:
കാന്താസമ്മിതതയോ ഉപദേശയുജേ.
(സ്‌നേഹമുള്ള, സുന്ദരിയായ ഭാര്യയെപ്പോലെ പറയാതെ പറയുക).

പല കവികളും ഈ പ്രപഞ്ചത്തെ എങ്ങനെ വീക്ഷിക്കണമെന്നു പറഞ്ഞുവെച്ചു പോയിട്ടുണ്ട്. കുഞ്ഞിരാമന്‍നായര്‍ ഏത് നിലയ്ക്കാണ് ഈ ലോകത്തെ വീക്ഷിക്കുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം.
ആശ മുഴുവന്‍ ഫലിക്കാറില്ലല്ലോ. ഞാന്‍ ആശിക്കുന്നതിതാണ്. അജ്ഞാത രഹസ്യം - അജ്ഞാതസത്യം തിരയുന്ന ഒറ്റപ്പറവയായി, കണ്ണീരില്‍ക്കുതിര്‍ന്ന അലസ മേഘശകലമായി, വിദൂരനക്ഷത്രമായി, നിസ്സംഗനായി, നിര്‍ല്ലോപനായി പ്രകൃതിയെ വീക്ഷിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

അങ്ങയുടെ അഭിപ്രായത്തില്‍ സാക്ഷാല്‍ കവി ആരാണ്?
'കവി പുരാണം അനുശാസിതാരം' എന്ന് ഉപനിഷത്ത് വാഴ്ത്തുന്ന കവി തന്നെ സാക്ഷാല്‍ കവി. കണ്ടെഴുതുന്നവനല്ല, കാണേണ്ടതെഴുതുന്നവനാണ് കവി.

ഉത്തമകവിതയോ?
ഈ പ്രപഞ്ചത്തേക്കാള്‍ വലിയ ഉത്തമകവിത മറ്റെന്തുണ്ട്? രസാത്മകമായ ഉത്തമകവിത! ഇതിന്റെ നിര്‍ജീവമായ വിവര്‍ത്തനമല്ല മനുഷ്യസാഹിത്യം. പ്രഭാതവും പ്രഭാതത്തിന്റെ കടലാസു ചിത്രവും ഒന്ന് ഒത്തുനോക്കൂ!

അങ്ങേയ്ക്കു പ്രത്യേക ശീലങ്ങളുണ്ടോ?
ദുശ്ശീലങ്ങളാണേറെ! നല്ലതും ചിലത് ഉണ്ടെന്നു തോന്നുന്നു. അതിലൊന്ന് ഇതാണ്. താങ്കള്‍ എന്തു പറയും എന്നറിഞ്ഞുകൂടാ. പറയാം. എല്ലാവരും ഉറക്കമായാല്‍, വിളക്കണച്ച് തുറന്ന സ്ഥലത്ത്, ഇരുട്ടത്ത് ഒറ്റയ്ക്കിരുന്ന് നക്ഷത്രം നിറഞ്ഞ നീലാകാശം നോക്കിയിരിക്കുക. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗ്രന്ഥപാരായണമാണത്. മനുഷ്യനെ ഒറ്റയ്ക്കും ഒറ്റയായും പെരുപ്പിച്ചും കാണാനിഷ്ടമില്ല. പ്രപഞ്ചകുടുംബത്തിലെ ഒരംഗമായി, മഹാസമുദ്രത്തിലെ നുരയായി മനുഷ്യനെ കാണാനിഷ്ടപ്പെടുന്നു. പുറംകണ്ണടച്ച്, ഭാവന-ദൃഷ്ടി-ദിവ്യദൃഷ്ടി-യില്‍ക്കൂടി എല്ലാം കാണാനാശിക്കുന്നു. കുട്ടിയുടെ ലോകം ഭാവനാലോകമാണ്. കവിയുടേതും ഭാവനാലോകം തന്നെ. ഒരു ഇളംപൈതലിന്റെ കണ്ണില്‍ എല്ലാം സുന്ദരമാണ്, അത്ഭുതമാണ്. മുറ്റത്തെ പുല്‍ക്കൊടി, ഒരു ഉരുളന്‍കല്ല്, മണല്‍ത്തരി, കൊഴിഞ്ഞുവീണ പക്ഷിത്തൂവല്‍ - എല്ലാം അദ്ഭുതമാണ്. ഒരു ഇളംപൈതലിന്റെ ജിജ്ഞാസ - അടങ്ങാത്ത ജിജ്ഞാസ, അത്ഭുതം, ആനന്ദം - ഈ ഹൃദയമുള്ളവനേ കവിയാവാന്‍ കഴിയുള്ളൂ. അവന്‍ കല്ല് കല്‍ക്കണ്ടമാക്കുന്നു. തെങ്ങിന്‍മടലിനെ കാളയാക്കുന്നു, പൂച്ചക്കുട്ടിയെ ഉമ്മവെക്കുന്നു, തീക്കനല്‍ കടന്നെടുക്കുന്നു, പാമ്പിനെ വാരിയെടുക്കുന്നു - ഈ ഭാവനാവിലാസം നിലനിര്‍ത്തുന്നവന്‍ ആജീവനാന്തം കവിയാവുന്നു.

കുഞ്ഞിരാമന്‍നായരുടെ ലോകവീക്ഷണത്തെപ്പറ്റി മനസ്സിലായി. ഇത്തരമൊരു വീക്ഷണമുണ്ടായിത്തീരാന്‍ ഇതിഹാസങ്ങളും ഉപനിഷത്തുകളും ഏറെ സ്വാധീനം ചെലുത്തിയിരിക്കണമല്ലോ.
പുത്രരക്തത്തില്‍ പിതൃരക്തബിന്ദുക്കള്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടോ, എന്നാണല്ലോ ചോദ്യം. താങ്കള്‍ക്കറിയാവുന്ന സംഗതിയല്ലേ അത്. ഏതു കവിയുടെയും പ്രാണവായുവില്‍ അതാതു നാട്ടിലെ ഇതിഹാസവും സംസ്‌കാരവും ചരിത്രവും അവനറിയാതെ കൈ ചെലുത്തുന്നുണ്ട്.

കൂട്ടത്തില്‍ ഒരു ചോദ്യം -കുഞ്ഞിരാമന്‍നായര്‍ ആദ്യകാലത്ത്, ബംഗാളി നാടകങ്ങള്‍ ഒന്നാന്തരമായി തര്‍ജമ ചെയ്തിട്ടുണ്ടല്ലോ. പ്രത്യേകിച്ചും ദ്വിജേന്ദ്രലാല്‍ റോയിയുടെ. അങ്ങേയ്ക്ക് ബംഗാളി വശമുണ്ടോ? അറിയാവുന്ന, അവഗാഹമുള്ള മറ്റു ഭാഷകളേതെല്ലാമാണ്?
എന്റെ ജന്മദേശം കാഞ്ഞങ്ങാടാണെന്ന് അറിയുമല്ലോ. സ്‌കൂളില്‍ പഠിച്ചതു കര്‍ണാടകമാണ്. ബംഗാളി അറിയാവുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ, കര്‍ണാടകത്തില്‍നിന്നാണ് പ്രശസ്ത നാടകങ്ങള്‍ ഞാന്‍ മലയാണ്മയ്ക്കു കാഴ്ചവെച്ചത്.

അതു ശരി. ജന്മദേശം വിട്ട് മധ്യമലയാളത്തില്‍ത്തന്നെ ഏതാണ്ട് സ്ഥിരവാസമായത് എന്തുകാരണത്താലാണ്?
ഒരു സാഹിത്യകാരന് പറ്റിയ അന്തരീക്ഷമല്ല വടക്കുള്ളത് എന്നെനിക്കു തോന്നി. കാഞ്ഞങ്ങാട്ട് കൃഷിയുടെയും കച്ചവടത്തിന്റെയും കേന്ദ്രമാണ്. നല്ല പത്രമാസികകളോ പ്രസിദ്ധീകരണശാലകളോ ഇന്നും വടക്കില്ല. ഒരുദാഹരണം പറയട്ടെ. ഓണക്കാലത്തെപ്പറ്റി ഒട്ടേറെ കവിതകളുണ്ടല്ലോ? ഇതിന്റെയെല്ലാം പശ്ചാത്തലം മധ്യകേരളമാണ്. ഓണാഘോഷം മധ്യകേരളത്തിലാണ്. അതു നടന്നുകണ്ടാണ് കവിതയെഴുതിയത്. മധ്യകേരളത്തിലെ തിരുവാതിരയെപ്പറ്റിയും ഒട്ടേറെ കവിതയുണ്ട്. തിരുവാതിരയും കണ്ട് അനുഭവിച്ചതാണ്. ഒന്നിനുവേണ്ടി ജനിച്ച്, ഒന്നിനുവേണ്ടി ജീവിച്ചു മരിക്കണമെന്നു ഞാന്‍ പണ്ടേ ആശിച്ചു. ഇന്നും ആശിക്കുന്നു. മധ്യകേരളത്തില്‍ പല സ്ഥലങ്ങളിലുമുണ്ടായ ബന്ധങ്ങള്‍പോലും ഗ്രാമീണജീവിതം നേരില്‍ക്കണ്ടു കവിതയില്‍ പകര്‍ത്തുക എന്ന സ്വപ്നം വച്ചായിരുന്നു. സത്യം പറയട്ടെ ചങ്ങാതി! ഞാന്‍ ജീവിതത്തില്‍ ഒരു സ്ത്രീയെ മാത്രമേ സ്‌നേഹിച്ചിട്ടുള്ളു. ആത്മാര്‍ഥമായി! അവളുടെ പേരിതാണ് - കവിത!

സാഹിത്യജീവിതംകൊണ്ട് അങ്ങേക്കെന്തു നേട്ടമുണ്ടായി?
സാഹിത്യജീവിതത്തിനുവേണ്ടി, ഭൗതികമായതെല്ലാം നഷ്ടപ്പെടുത്തിയവനാണ് ഞാന്‍. അതെല്ലാം നീണ്ട കഥകളാണ്. അതിന്റെ ലാഭനഷ്ടങ്ങള്‍ നോക്കിയിട്ടില്ല.
പല വ്യാഖ്യാതാക്കളും നിരൂപകരും അങ്ങയുടെ കവിതകളുടെ അന്തര്‍ധാരയായി ഒഴുകുന്ന വിഷാദഭാവത്തെ, വ്യക്തിപരമായ വിഷാദമായി വിലയിരുത്തിയിട്ടുണ്ട്. അതേക്കുറിച്ച് വല്ലതും പറയാനുണ്ടോ?
ഏവര്‍ക്കും വ്യക്തിപരമായ വിഷാദങ്ങള്‍ കാണും. എന്നാല്‍ എന്റെ കവിതയില്‍ കാണുന്ന ആ വിഷാദം ഒട്ടും തന്നെ വ്യക്തിപരമല്ല. അതു സ്വതന്ത്രഭാരതത്തിന്റെ വിഷാദവും നിരാശയുമാണ്. ആത്മാവ് നഷ്ടപ്പെട്ട സ്വതന്ത്ര ഭാരതത്തിന്റെ... അതിന്റെ സ്വരൂപം വിഷാദമാണെന്ന് ചിലരെങ്കിലും അറിയും.

അപ്പോള്‍ ഒരു ചോദ്യം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഒട്ടനവധി കവിതകളിലൂടെ പോരാടിയ ഒരു കവിയാണല്ലൊ അങ്ങ്. സ്വാതന്ത്ര്യാനന്തര ഭാരതത്തെപ്പറ്റി എന്തു തോന്നുന്നു? ആശയോ, നിരാശയോ?
അതിനുത്തരം 'നരബലി', 'മാതൃചരണങ്ങളില്‍' തുടങ്ങിയ കവിതകള്‍ പറയും.

മലയാള കവിതാരംഗത്തെ പരീക്ഷണങ്ങളെന്ന പേരില്‍ അറിയപ്പെടുന്ന അത്യാധുനിക കവിതകളെക്കുറിച്ച്, പുതിയ എഴുത്തുകാരെപ്പറ്റി അങ്ങേയ്ക്കുള്ള അഭിപ്രായമെന്താണ്?
കവിത എന്നും കവിത തന്നെ. ഇന്നലെയുടെ തുടര്‍ച്ചയാണ് ഇന്നെന്ന പൂമൊട്ട്. അതിന്റെ തുടര്‍ച്ചയാണ് നാളെയെന്ന പൂവ്. ഒരു ചങ്ങലക്കണ്ണിയുടെ തുടര്‍ച്ച. മാറ്റമാണ് പ്രകൃതി. സ്വാഭാവികമായ വളര്‍ച്ച സുഖമാണ്. കരുത്തന്മാര്‍ എന്നുമുണ്ടാകും. ഒരിക്കലും പൂക്കളവസാനിക്കുന്നില്ല. എന്നാലൊന്നുണ്ട്. ഏതു കലയുടെയും ആത്മാവ് രസമാണ്. ഉടല്‍ സൗന്ദര്യവും.

അടുത്ത കാലത്തായി വളരെയധികം വിലയിരുത്തപ്പെട്ടിട്ടുള്ള ഒരു മലയാള കവിയാണ് അങ്ങ്. നിരൂപകര്‍ വിവിധ വീക്ഷണകോണുകളിലൂടെ അങ്ങയുടെ കവിതയെ നോക്കിക്കണ്ടിട്ടുണ്ട്. ഒരേ ഒരു ചോദ്യം - മലയാളത്തിലെ നിരൂപണത്തെക്കുറിച്ച് എന്താണഭിപ്രായം?
മലയാള നിരൂപണഗോദയിലെ പ്രമുഖഗുസ്തിവിദഗ്ധനായിരുന്ന നമ്മുടെ കുട്ടികൃഷ്ണമാരാരു പോലും, ഒറ്റയ്ക്കിരിക്കുമ്പോള്‍ തന്റെ പഴയ നിരൂപണ വിക്രിയകളെക്കുറിച്ച് ഓര്‍ത്തു പശ്ചാത്തപിക്കുന്നതായി ആരോ പറഞ്ഞു കേള്‍ക്കുകയുണ്ടായി. പലരും പശ്ചാത്തപിക്കുവാന്‍ ഇനിയും ബാക്കിയാണ്- മനസ്സാക്ഷിയുടെ കുത്തേറ്റ്.

ഭാവി പരിപാടിയെന്താണ്?
ഭാവി പരിപാടി ഇതു മാത്രമാണ്. മരണം! അവള്‍ക്കു വേണ്ടി - അതെ! കവിതയ്ക്കുവേണ്ടിയുള്ള മരണം. ആ നിത്യകന്യകയ്ക്കു വേണ്ടിയുള്ള നിരന്തര മരണം...! അനശ്വരമായ മരണo
(courtesy; mathrubhumi)




ഓര്‍മ്മകള്‍ കൊണ്ട്‌ ഒരു ഓണക്കോടി

വാക്കുകളിലെ വിസ്മയം; സാഹിത്യത്തിലെയും

എം.ടി / ലത്തീഫ് പറമ്പില്‍

താന്നിക്കുന്നിന്റെ നെറുകയില്‍നിന്നാല്‍ മെയില്‍വണ്ടി കരുണൂര്‍ പാലം കടക്കുന്നതു കാണാം. ഉച്ചതിരിയുമ്പോള്‍ കുറ്റിപ്പുറത്തുനിന്ന് തപാല്‍ കൂടല്ലൂരിലെ സ്ഥിരപ്പെടുത്താത്ത തപാലാപ്പീസില്‍ എത്തുമ്പോള്‍ നാലരമണിയാവും. കാലില്‍ ആണിപ്പുണ്ണുള്ള അഞ്ചല്‍ക്കാരനെയും കാത്ത് വൈകുന്നേരങ്ങളില്‍ തപാലാപ്പീസിന്റെ വരാന്തയില്‍ എന്നും ഒരു ബാലന്‍ ഉണ്ടാവും. കൂടല്ലൂരിലെ മാടത്തു തെക്കേപ്പാട്ട് വീട്ടില്‍ വാസു. ഓരോന്നു കുത്തിക്കുറിച്ച് അയയ്ക്കുന്നതൊക്കെയും തിരിച്ചുവരും. കവിത, ലേഖനം, കഥ എല്ലാം എഴുതിനോക്കി. ഒടുവില്‍ ഒരു ലേഖനം അച്ചടിച്ചുവന്നു. ഏട്ടത്തിയമ്മയെമാത്രമേ അത് കാണിച്ചുള്ളൂ. മറ്റുള്ളവര്‍ കണ്ടാല്‍ പറയും: ''കണ്ണില്‍ക്കണ്ട പെണ്ണുങ്ങടീം ആണുങ്ങടീം തോന്ന്യാസത്തരല്ലേ അവന്‍ എഴുത്ണ്...'' ജീവിതം ധന്യമായി എന്നു തോന്നിയ നിമിഷമായിരുന്നു വാസുവിനത്.

കാലം ഒരുപാട് മുന്നോട്ടുപോയി. കഥാകാരന്‍, ചലച്ചിത്രകാരന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ മാത്രമല്ല, 'തൊട്ടതെല്ലാം പൊന്നാക്കി'ക്കൊണ്ട് വാസു എന്ന അന്നത്തെ പയ്യന്‍ വളര്‍ന്നുവലുതായി. മഹോന്നത പുരസ്‌കാരമായ ജ്ഞാനപീഠമുള്‍പ്പെടെ നിരവധി ദേശീയ രാഷ്ട്രാന്തരീയ പുരസ്‌കാരങ്ങള്‍ എം.ടി.വാസുദേവന്‍ നായരെ തേടിയെത്തി. അങ്ങനെയങ്ങനെ എം.ടി. എന്ന രണ്ടക്ഷരം മലയാളികളുടെ മനസ്സില്‍ സൂര്യതേജസ്സായി. സംസാരത്തിനിടെ എം.ടി.തന്നെ പറഞ്ഞ വാക്കുകള്‍കൂടി അനുബന്ധമായി ചേര്‍ക്കട്ടെ: ''നമ്മളിങ്ങനെ എഴുതിക്കൊണ്ടിരിക്കുമ്പഴ് ഏതോ ഒരു ഘട്ടത്തില്‍ ഒരു അഞ്ച് സെക്കന്റ് അല്ലെങ്കില്‍ എ ഫ്യൂ സെക്കന്റ്‌സ് ഞാനിപ്പം എവിടെയാണ് എന്നുതോന്നും. ങ് ഹാ, ഈ മുറിയില്‍... കാരണം ബാക്കിയെല്ലാം നാം സ്വിച്ച്ഓഫ് ചെയ്തിട്ടുണ്ടാവും.'' ഏറ്റവും നല്ല അവസ്ഥ എന്ന് കഥാകാരന്‍ വിശേഷിപ്പിച്ച ആ ഒരു മുഹൂര്‍ത്തത്തില്‍ മഹാകഥാകാരന്റെ മുന്നിലിരിക്കുമ്പോള്‍ ഞാനും എത്തിപ്പെട്ടുവെങ്കില്‍ അതില്‍ ആശ്ചര്യപ്പെടാനെന്തിരിക്കുന്നു! തന്റെ സാഹിത്യജീവിതത്തെക്കുറിച്ചും എഴുത്തിന്റെ കാണാപ്പുറങ്ങളെക്കുറിച്ചും കഥാകാരന്‍ സംസാരിക്കുകയാണിവിടെ.

എഴുത്തിന്റെ ബാല്യം
സാഹിത്യത്തില്‍ എത്തിപ്പെട്ടത് യാദൃച്ഛികമാണ്. ഞാനൊരു ഒറ്റപ്പെട്ട കുട്ടിയായിരുന്നു. ഒരു കളിക്കൂട്ടുകാരന്‍ എന്നുപറയാന്‍ ഗ്രാമത്തില്‍ ആരുമുണ്ടായിരുന്നില്ല. ഞാനായിട്ട് കുറച്ചെങ്കിലും ഒരു ചങ്ങാത്തമൊക്കെ ഉണ്ടായിരുന്നത് എന്റെ നേരെ മൂത്ത ജ്യേഷ്ഠനുമായായിരുന്നു. ഞങ്ങള്‍ തമ്മില്‍ ചെറിയ പ്രായത്തിന്റെ വ്യത്യാസമൊക്കെയുണ്ട്. ബാല്യകാലത്ത് ഒറ്റയ്ക്ക് കളിക്കാവുന്ന കളി എന്ന നിലയിലാണ് ഈ വാക്കുകള്‍ ചേര്‍ത്തുവെച്ച് കവിതകളുടെ വരികള്‍ ഉണ്ടാക്കുക... അങ്ങനെ ചില വരികള്‍ ഉണ്ടായി. പുസ്തകം വായിച്ചുനോക്കി. അപ്പോഴൊന്നും വലിയ തൃപ്തിയൊന്നും തോന്നിയില്ല. എന്നാലും ആ വിനോദം തുടര്‍ന്നുകൊണ്ടേയിരുന്നു. കവിത വായിക്കുന്നത് അന്നും എനിക്ക് ഇഷ്ടമായിരുന്നു. ചില കവിതകള്‍ മനസ്സിലുണ്ട്. ഈ എഴുതിയുണ്ടാക്കുന്ന വരികളൊന്നും ശരിക്കും കവിതയൊന്നും ആകുന്നുണ്ടോ എന്ന് എനിക്കുതന്നെ തോന്നുന്നില്ല. എങ്കിലും ചെറുപ്പകാലത്ത് ഒരു മാനസികവിനോദം എന്നുള്ള നിലയ്ക്ക് ഇതിനൊരു രസമുണ്ടായിരുന്നു. അങ്ങനെയങ്ങനെയാണ് എഴുതിത്തുടങ്ങിയത്. കവിതകള്‍ എഴുതിനോക്കി, കഥകള്‍ എഴുതിനോക്കി. ഇടക്കാലത്ത് ചില ലേഖനങ്ങള്‍ എഴുതിനോക്കി. ഇതില്‍ ചിലതൊക്കെ ഓരോന്നിലായി പ്രസിദ്ധീകരിച്ചൊക്കെ വന്നു. എന്റെ സാഹചര്യങ്ങള്‍ ഒക്കെ നോക്കുമ്പോള്‍ - വായിക്കാന്‍ പുസ്തകങ്ങളില്ല - ഒരുപാട് നടന്ന് കുന്നും മലയുമൊക്കെ കയറി കുമരനെല്ലൂരില്‍ അക്കിത്തത്തിന്റെ വീട്ടിലൊക്കെ പോയിട്ടാണ് പുസ്തകങ്ങള്‍ വായിക്കുന്നത്. അങ്ങനെ എഴുതിയെഴുതി വന്നപ്പം ചിലതൊക്കെ കുറേശ്ശെ പ്രസിദ്ധീകരിച്ചു. കോളേജില്‍ എത്തിയപ്പോ (ഇടക്ക് ഫോണ്‍ റിങ് ചെയ്യുന്നു. എറണാകുളത്തുനിന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണെന്ന് സംസാരത്തിനിടെ മനസ്സിലായി.) ചില കഥകളൊക്കെ വന്നു. അന്നത്തെ ഒരു പ്രധാനപ്പെട്ട പ്രസിദ്ധീകരണമായിരുന്നു ജയകേരളം. മദ്രാസില്‍നിന്നിറങ്ങുന്നത്. അതില്‍ ബഷീറൊക്കെ അന്ന് സ്ഥിരം കോളമെഴുതിയിരുന്നതാണ്. നാഥനും പി.ഭാസ്‌കരനുമൊക്കെ എഡിറ്റര്‍ ആയിരുന്നു. അന്ന് കഥയൊക്കെ അയച്ച് മാസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം അങ്ങാടിയില്‍ നടക്കുമ്പോള്‍ ഒരു ജയകേരളം കിടക്കുന്നതു കണ്ടു. വെറുതെ മറിച്ചു നോക്കിയപ്പോള്‍ ഒരു കഥയുണ്ടായിരുന്നു. പിന്നെ അവര്‍ക്ക് സ്ഥിരം അയച്ചുകൊണ്ടിരുന്നു. അങ്ങനെ കുറേ കഥകള്‍ അതില്‍ വന്നു. അങ്ങനെ എഴുത്ത് എന്ന തൊഴിലില് എത്തിപ്പെട്ടു. കോളേജ് ലൈബ്രറിയില്‍നിന്നുള്ള പുസ്തകങ്ങളും കൊണ്ടുവന്നു. കൂട്ടുകാര്‍ പലരും ലൈബ്രറിയില്‍നിന്ന് പുസ്തകങ്ങള്‍ ഒന്നും എടുത്തിരുന്നില്ല. അവരുടെ കാര്‍ഡുകളൊക്കെ ശേഖരിച്ച് ഒരു കെട്ട് പുസ്തകവുമായി വരും. അതൊക്കെ വായിക്കും. അന്ന് ചില അധ്യാപകരോടൊക്കെ ഒരു കടപ്പാടുണ്ട്. അവരൊക്കെ വായനയെക്കുറിച്ച് പറയും. ചിന്നിച്ചിതറി വായിക്കരുത്. എന്തെങ്കിലും ഒരു സിസ്റ്റംവെച്ച് വായിക്കണം. ഒന്നുകില്‍ ക്ലാസിക്‌സ് വെച്ചു തുടങ്ങുക എന്നൊക്കെ പറഞ്ഞ് ചില ഉപദേശങ്ങള്‍ തരും.
അന്നത്തെ ഗുരുനാഥന്മാര്‍ ആരെല്ലാമായിരുന്നു? അന്ന് പ്രൊഫ. കെ.പി.നമ്പ്യാര്‍, പിന്നെ അദ്ദേഹം മരിച്ചുപോയി. കുശലന്‍ എന്നു പറഞ്ഞ ഒരു മലയാളം അധ്യാപകനുണ്ടായിരുന്നു. ഇവര്‍ക്കൊക്കെ വായനയിലുള്ള എന്റെ താല്‍പര്യത്തില്‍ സന്തോഷമായിരുന്നു. അന്ന് ഒരു ചിട്ടയില്‍ വായിക്കണം, ഒരു സിസ്റ്റത്തില്‍ വായിക്കണം എന്നൊക്കെ അവരോര്‍മിപ്പിക്കും. ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കുന്നത് ഒരു സിസ്റ്റത്തിലായിരിക്കണം-പത്തൊമ്പതാം നൂറ്റാണ്ടിലെ- ക്ലാസിക്‌സ് തുടങ്ങി പിന്നെ പതുക്കെ പതുക്കെ ഇതിലേക്ക് വരൂ എന്ന് പ്രൊഫ.നമ്പ്യാര്‍ പറഞ്ഞു. അതുപോലെ മലയാളത്തില്‍ വായിക്കേണ്ടതായ പുസ്തകങ്ങള്‍ എന്നുള്ള മട്ടില്‍ പലതും ഞാന്‍ വായിച്ചിരുന്നു. അതില്‍ കുശലന്‍മാഷൊക്കെ ഗൈഡ് ചെയ്തിരുന്നു. ചില കഥകളൊക്കെ വരികയും ചെയ്തു. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോഴാണ് എനിക്ക് തോന്നിയത് ഇതിനെക്കൊണ്ടുമാത്രം ജീവിക്കാന്‍ പറ്റില്ല. ഏതെങ്കിലും ഒരു മാഷ്‌ടെ പണിയോ മറ്റോ കിട്ടണം. പക്ഷേ, എന്നെ സംബന്ധിച്ച് മാനസിക ജീവിതത്തിന്റെ പ്രധാനഭാഗം എഴുത്തുതന്നെയായിരിക്കും എന്നുള്ള ഒരു തീരുമാനം അന്നേ ഉണ്ടായിരുന്നു. പിന്നെ കോളേജ് വിട്ട് പല ജോലികള്‍ക്കും പോയി. ട്യൂട്ടോറിയലില് പഠിപ്പിച്ചു. ചെറിയ ചെറിയ ജോലികള്‍ ചെയ്തു ഹൈസ്‌കൂളില് ടെംപററി അധ്യാപകനായിട്ട് പട്ടാമ്പിയിലും ചാവക്കാട്ടുമൊക്കെ ജോലി ചെയ്തു. അതൊക്കെ കഴിഞ്ഞിട്ടാണ് പത്രപ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുന്നത്. പക്ഷേ, അന്നും ഉള്ളിലുള്ളത് മുഖ്യമായിട്ടും എഴുത്തുതന്നെയായിരുന്നു. എന്റെ ഒരു കാര്യം എന്നുള്ള ഒരു തോന്നല് എഴുത്തിനെക്കുറിച്ചുണ്ടായിരുന്നു. ആദ്യ പ്രസാധകര്‍ അവിടുന്ന് കുറച്ചു കഴിഞ്ഞപ്പോഴേക്ക് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചത് കോളേജില്‍തന്നെയാണ്. കുട്ടികള്‍ എല്ലാവരുംകൂടി ചേര്‍ന്നിട്ടാണ്. അവരൊക്കെ അതില്‍ ഉത്സാഹമെടുത്തിരുന്നു. അതുകഴിഞ്ഞ് ജയകേരളത്തില്‍ എഴുതിയ കഥകള്‍- അവര്‍ക്കുതന്നെ പബ്ലിഷിങ് കമ്പനി ഉണ്ടായിരുന്നു- അവര് പ്രസിദ്ധീകരിച്ചു. അങ്ങനെ കുറേശ്ശെ പുസ്തകങ്ങളൊക്കെ വന്നു. കഥകളൊക്കെ ആളുകള്‍ അവിടെയും ഇവിടെയും ശ്രദ്ധിക്കുന്നു എന്നുവന്നു. വീട്ടഡ്രസ്സില്‍ കത്തുകളയക്കാറുണ്ട്. അങ്ങനെ ക്രമത്തില്‍ ക്രമത്തില്‍ പുസ്തകങ്ങള്‍ക്കൊക്കെ ചില അംഗീകാരങ്ങള്‍ കിട്ടി. തിരിഞ്ഞുനോക്കുമ്പോള്‍ ആദ്യംമുതല്‍ക്കേ എന്റെ ജീവിതം ഇതുതന്നെയായിരുന്നു. എന്നോട് എന്ത് ജോലിയില്‍ ഏര്‍പ്പെടണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് അന്ന് ആരെങ്കിലും ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ എഴുത്തുജോലി എന്നുപറയും. എഴുത്തുകൊണ്ട് ജീവിക്കാന്‍ പറ്റുമോ എന്നുള്ളത് അറിയാമായിരുന്നില്ല. പക്ഷേ, എഴുത്തുകൊണ്ടാണ് പൊറ്റക്കാടിനെപ്പോലെയുള്ള ആളുകള്‍ ജീവിച്ചിരുന്നത് എന്ന് അന്ന് എനിക്ക് ബോധ്യമുണ്ട്. എസ്.കെ. പൊറ്റക്കാടും ബഷീറുമൊക്കെ എഴുത്തുകൊണ്ട് മാത്രം ജീവിക്കുന്നവരാണ് എന്ന് തോന്നിയിരുന്നു. തകഴിക്ക് ആദ്യകാലത്ത് വക്കീല്‍പ്പണി ഉണ്ടായിരുന്നു. എഴുത്തായിരിക്കണം നമ്മുടെ മുഖ്യമായ- ചിലപ്പോള്‍ അതുകൊണ്ടുമാത്രം പറ്റിയെന്നു വരില്ല- തൊഴിലെന്ന് നിശ്ചയിച്ചു. അപ്പോള്‍ അതിന് വലിയ ശല്യം വരാത്ത നിലയില് ഒരധ്യാപകന്റെ എന്തെങ്കിലും ഒരു ജോലി. അങ്ങനെ കഴിഞ്ഞുകൂടണമെന്നായിരുന്നു ആഗ്രഹം. നോക്കുമ്പോള്‍ ആരോടൊക്കെയോ നന്ദി പറയണമെന്നുണ്ട്. അധ്യാപകരോട് മാത്രമല്ല, പലപ്പോഴായി എവിടെയൊക്കെയോ ഇരുന്ന് ഞാനറിയാതെ, ഞാനറിയാത്ത ആളുകള് എന്റെ കഥകളൊക്കെ വായിച്ച് എനിക്ക് നേരിട്ടും അല്ലാതെയും ഒരുതരം പ്രോത്സാഹനം നല്‍കിയിട്ടുള്ള ആളുകള്- ഇടയ്ക്ക് രണ്ടുവരി കത്ത് എവിടെനിന്നോ വരുന്നു. ഇന്ന് ഇതില് വന്ന ഇന്ന ഇത് വായിച്ചു. അപ്പോ അങ്ങനെ തിരിഞ്ഞുനോക്കുമ്പോ കുട്ടിക്കാലത്ത് എടുത്ത തീരുമാനത്തില്‍ ദുഃഖിക്കേണ്ടിവന്നിട്ടില്ല. എന്നാല്‍ കുറേ അംഗീകാരങ്ങള്‍ കിട്ടി. അതുകൊണ്ട് എല്ലാം നേടി എന്നു വിശ്വസിക്കുന്നുണ്ടോ- ഇല്ല. ഈ ലോകത്തിന്റെ പല ഭാഗങ്ങളില്‍ പല കാലഘട്ടങ്ങളിലായി എഴുതിയിട്ടുള്ള പല മഹത്തായ ഗ്രന്ഥങ്ങളും വായിക്കാനുള്ള അവസരം കിട്ടി. അതൊക്കെ മുമ്പില്‍ കാണുമ്പോള്‍- അതൊക്കെ മഹാഗോപുരങ്ങളാണ്. നമ്മളൊക്കെ നമുക്ക് കഴിയുന്ന നിലയില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യുന്നു. പക്ഷേ, അവരൊക്കെയും ഉള്‍പ്പെടുന്ന ആ മഹാലോകത്തിലെ ഒരു ചെറിയ അംഗമാണല്ലോ, ആയിത്തീരാന്‍ സാധിച്ചുവല്ലോ എന്നുള്ള ഒരു സന്തോഷവുമുണ്ട്. അക്കാലത്തെ ഏറ്റവും ഇഷ്ടപ്പെട്ട കഥാകാരന്മാര്‍? എല്ലാവരും പ്രിയപ്പെട്ട എഴുത്തുകാരായിരുന്നു. ഇവരുടെയൊക്കെ കഥാസമാഹാരങ്ങള് മിനക്കെട്ടിരുന്ന് വായിച്ചിട്ടുണ്ട്. കാശൊന്നും ഇല്ലാത്ത കാലത്ത് ചെറിയ സ്‌കോളര്‍ഷിപ്പ് കിട്ടിയപ്പം അതൊക്കെ വീതിച്ച് ഞാനും ജ്യേഷ്ഠനുംകൂടി ഇരുന്ന് തകഴിയുടെ കഥകള്‍, പൊറ്റക്കാടിന്റെ കഥകള്‍, ബഷീറിന്റെ കഥകള്‍, കാരൂരിന്റെ കഥകള്‍, പൊന്‍കുന്നം വര്‍ക്കിയുടെ കഥകള്‍- ഈ കഥകളെല്ലാം അക്കാലത്ത് വായിച്ചിരുന്നു. എല്ലാ കഥാകാരന്മാരോടും ഓരോ നിലയിലുള്ള ആദരവ് ഉണ്ടായിരുന്നു. പ്രത്യേകമായ ഓരോ നിലയ്ക്കുള്ളതാണ് ആ ആദരവ്. ചിലരുടെ ലാളിത്യംകൊണ്ട്, ചിലരുടെ തീക്ഷ്ണമായ ജീവിതാനുഭവംകൊണ്ട്. ബഷീറിന്റെ വിശപ്പൊക്കെ വായിക്കുമ്പം-അമ്മ ഒക്കെ - ഓ, ഈ മനുഷ്യന്‍ എന്തുമാത്രം ദുരിതക്കയങ്ങളിലൂടെ കടന്നുപോയി എന്നു തോന്നിയിട്ടുണ്ട്. ഒരു പ്രത്യേക ആള് എന്ന് എടുത്തുപറയാന്‍ പറ്റില്ല. കുറച്ചുകൂടി കഴിഞ്ഞപ്പോഴേക്ക് ഉറൂബിന്റെ കഥകള്‍, ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കഥകള്‍ അങ്ങനെ ആ കാലഘട്ടത്തിലെ എല്ലാവരുടെ കഥാസമാഹാരങ്ങളും നോവലുകളുമൊക്കെ ഞാനും ഏട്ടനുംകൂടി മിനക്കെട്ടിരുന്നു വായിച്ചിരുന്നു. കൂട്ടത്തില്‍ കവിതകളും. ജി.യുടെ കവിതകള്‍, ചങ്ങമ്പുഴയുടെ കവിതകള്‍, വൈലോപ്പിള്ളിയുടെ കവിതകളും കവിതാസമാഹാരങ്ങളും മുഴുവന്‍ ശേഖരിച്ചിരുന്നു. ഇവരോടെല്ലാവരോടും ആരാധനയായിരുന്നു. അവരുടെയൊക്കെ ലോകത്തിന്റെ എവിടെയെങ്കിലും ഒരു സ്ഥാനത്തൊക്കെ എത്തിപ്പെടുക എന്നുള്ളത് മനസ്സിലെ ഒരാഗ്രഹമായിരുന്നു. ലാളിത്യമുള്ള ഭാഷ ഭാഷ എന്നുപറയുന്നത് പ്രമേയത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആദ്യകാലത്ത് അത് ശ്രദ്ധിക്കില്ല. എഴുതിത്തുടങ്ങുന്ന കാലത്ത് ഒരു വിനോദംപോലെയാണ് എഴുതുന്നത്. ഞാനൊക്കെ ചെറുപ്പത്തില്‍ ആദ്യമൊക്കെ ദിവസം രണ്ടുവരി, മൂന്നുവരിയൊക്കെ എഴുതിയ കാലമുണ്ട്. കുറേ കഴിയുമ്പോഴേക്ക് ആണ് നമുക്കുതന്നെ ചിലത് വേണ്ട, ചിലത് ഉപേക്ഷിക്കണം, നല്ലതല്ല, ഒക്കെ നമ്മള്‍ തന്നെയാണ് തീരുമാനിക്കുന്നത്. അങ്ങനെ എഴുതി എഴുതി കുറേ കഴിയുമ്പോഴാണ് ഈ ഭാഷയുടെ പ്രാധാന്യം നമ്മള്‍ മനസ്സിലാക്കുക. ഭാഷ എന്നുള്ളത് ഒരന്യമായ വസ്തുവല്ല. ഒരു പുറമെയുള്ള ആവരണമല്ല. സാഹിത്യത്തെ ഒരു ശരീരമായി കാണാമെങ്കില്‍ അതിന്റെ ഭാഗംതന്നെയാണ് ഭാഷ; ചര്‍മ്മംപോലെത്തന്നെ. വിഷയത്തിനെ, പ്രമേയത്തിനെ ആശ്രയിച്ചിരിക്കുന്നു ഭാഷ. ചില കഥാപാത്രങ്ങളുടെ ചിന്താമണ്ഡലങ്ങള്‍- ഉദാഹരണത്തിന് ഗ്രാമത്തിലെ ഒരാളുടെ ചിന്താമണ്ഡലം- അത് വിവരിക്കുമ്പം ഉപയോഗിക്കുന്ന ഭാഷ സംസാരഭാഷ മാത്രമല്ല, അയാളുടെ ചിന്ത നമ്മള്‍ പകര്‍ത്തുമ്പോള്‍പോലും ഭാഷയില്‍ ചില്ലറ വ്യത്യാസങ്ങളുണ്ട്. പ്രമേയത്തിന് അനുകൂലമായ, അതിനോട് യോജിച്ചുപോകുന്ന, അറിയാതെതന്നെ അതിന്റെ ഭാഗമായിത്തീരുന്ന ഒരു ഭാഷ. അതാണ് രൂപപ്പെട്ടുവരുന്നത്. അത് ക്രമത്തില്‍ ക്രമത്തില്‍ വരുന്നതാണ്. ബോധപൂര്‍വ്വം ചെയ്യുന്നതല്ല. എന്നുവെച്ച് ഭാഷയെ കൃത്രിമമാക്കാന്‍ എനിക്കൊട്ടും താല്‍പര്യമില്ല. ഭാഷ എന്നുപറയുന്നത് അങ്ങോട്ട്, ആളുകളുടെ ഉള്ളിലേക്ക് കടന്നുചെല്ലണം. ഭാഷയിലൂടെ എല്ലാവരും ഉപയോഗിക്കുന്നത് വാക്കാണ്. വാക്കിനുമീതെ വാക്ക് വെച്ചിട്ടാണ് വാചകങ്ങള്‍ ഉണ്ടാവുന്നത്. മിക്കവാറും സാഹിത്യത്തിന് ഉപയോഗിക്കുന്ന വാക്കുകളൊക്കെ നിത്യജീവിതത്തില്‍ത്തന്നെയും ഉപയോഗിക്കുന്ന വാക്കുകളുടെ രൂപമായിരിക്കും. ഒരുതാളം ഇതിനുണ്ട് എന്നുതോന്നുന്നു. ഓരോ പ്രമേയത്തിനും അനുകൂലമായ രീതിയിലുള്ള ഭാഷ സ്വീകരിക്കേണ്ടിവരും. അസുരവിത്തിലൊക്കെയുള്ള കാലത്തിലെ ഭാഷയില്‍നിന്നും മാറിയിട്ടുള്ളൊരു ഭാഷയാണ് രണ്ടാമൂഴത്തില്‍ ഉപയോഗിച്ചത്. അതിലെ കഥാപാത്രങ്ങള് അങ്ങനത്തെ കഥാപാത്രങ്ങളാണ്. അതിലെ കാലഘട്ടം വൈദികകാലഘട്ടമാണ്. അതിന് അങ്ങനത്തെ കാളിദാസകൃതികളുടെ ഒക്കെ ഓരോര്‍മകളൊക്കെ ഉണ്ടാവുന്ന തരത്തിലുള്ള ഒരു ഭാഷ. അത് മിനക്കെട്ട് ഉണ്ടാക്കുന്നതല്ല. അതിന്റെ ഭാഗമായിട്ട് ഉരുത്തിരിഞ്ഞ് വരുന്നതാണ്. ഓരോ ഘട്ടം കഴിയുന്തോറും ഭാഷയിലും ചെറിയ മാറ്റങ്ങള്‍ വരും. അറിയാതെ വരുന്നതാണത്. മനഃപൂര്‍വ്വം ചെയ്യുന്നതല്ല. പക്ഷേ, ഇതെനിക്ക് നിര്‍ബന്ധമാണ്. ഭാഷ കഠിനമാവരുത്. ഒരു കട്ടിയുള്ള പുറന്തോട് ആകരുത്. അതിനെ പൊട്ടിച്ചുവേണം അകത്തേക്കു കയറാന്‍ എന്നുള്ള ഒരു അവസ്ഥ വരരുത്. ഞാനെഴുതിയത് ഒരാള്‍ക്ക് വായിച്ചുകഴിഞ്ഞാല്‍ പെട്ടെന്ന് എന്താണെന്നുള്ളത് മനസ്സിലാകണം. അതിന് വല്ല സാരസ്യവും ഉണ്ടെങ്കില്‍, കിട്ടിയാല്‍ നല്ലത്. പക്ഷേ, അവര്‍ക്കും എനിക്കുമിടയില്‍ വലിയൊരു ഭിത്തിയായിട്ട് ഭാഷ നില്‍ക്കരുത് എന്നും എനിക്ക് നിര്‍ബന്ധമുണ്ട്. എനിക്ക് കഠിനപദങ്ങളുപയോഗിച്ച് ഭാഷ ക്ലിഷ്ടമാക്കാന്‍ ഒരിക്കലും താല്‍പര്യമില്ല. പ്രമേയത്തിന് അനുയോജ്യമായ ഒരു ഭാഷ- അതാണ് പ്രധാനം. ആ പ്രമേയത്തിന്റെ ഭാഗമായിത്തീരുന്ന ഒരു ഭാഷ. അതുകൊണ്ടാണ് കഴിയുന്നതും ലാളിത്യമുള്ള ഭാഷ ഉപയോഗിക്കുന്നത്.
രണ്ടാമൂഴത്തിലെ ഭാഷ വ്യത്യസ്തമാണല്ലോ? വ്യത്യസ്തമായ ഭാഷ രണ്ടാമൂഴത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അത് കഠിനമല്ല. തീരെ കാഠിന്യമുള്ള ഒന്നുമില്ല. അതിലും ചില ഇമേജറികള്‍ ഒക്കെ ഉണ്ട്. പഴയ ക്ലാസിക്കല്‍ ഇമേജറികള്‍ ഉപയോഗിച്ചിട്ടുണ്ട് എന്നല്ലാതെ ഭാഷ അതില്‍ ക്ലിഷ്ടമാണ് എന്നൊന്നും പറയാന്‍ പറ്റില്ല. ഭാഷയില്‍ ചെറിയൊരു മാറ്റമുണ്ട്. പക്ഷേ, ഭാഷ കഠിനമല്ല. കുറച്ചുപേരുടെ മനസ്സിലേക്കിത് എത്തിക്കഴിയുമ്പോള്‍ ചിലപ്പോള്‍ കൂടുതലാവാം കുറച്ചാവാം - അവരുടെ മനസ്സില്‍ എത്തിക്കഴിയുമ്പോള്‍ മാത്രമാണ് നമ്മുടെയൊരു സര്‍ഗപ്രക്രിയ എന്നുപറയുന്നത് പൂര്‍ണമാവുന്നത്. നമ്മുടെ മനസ്സില്‍ എന്തോ രൂപംകൊള്ളുന്നു. നമ്മള്‍ ഇത് മനസ്സിലിട്ട് കൊണ്ടുനടന്നിട്ട് അതിന് ഏകദേശം ഒരു രൂപം കൊടുക്കുന്നു. അത് പിന്നെ കടലാസിലേക്ക് കൊണ്ടുവരുന്നു. ആ പ്രക്രിയ അവസാനിക്കുന്നത് ശരിക്ക് അതെവിടെയോ ചെന്ന് ചില ആളുകളുടെ മനസ്സില്‍ സെറ്റ് ചെയ്യുമ്പോള്‍ മാത്രമാണ്. ആ കാര്യത്തില്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടാണ് വായനക്കാര്‍ക്കും നമുക്കുമിടയില്‍ ഭാഷ ഒരു ഭിത്തിയാവരുത് അല്ലെങ്കില്‍ കട്ടിയുള്ള ഒരു പുറന്തോടാവരുത് എന്ന് പറയുന്നത്. കുട്ട്യേടത്തി, നിന്റെ ഓര്‍മയ്ക്ക്, വളര്‍ത്തുമൃഗങ്ങള്‍ പോലുള്ള കഥകള്‍ ഇന്ന് വായിക്കുമ്പോള്‍ എന്തെങ്കിലും മാറ്റങ്ങള്‍ വേണമെന്ന് തോന്നുമോ? കുട്ട്യേടത്തിയില്‍ മാറ്റങ്ങളൊന്നും എനിക്ക് തോന്നിയിട്ടില്ല. കാരണം, അടുത്തകാലത്തുകൂടി കുട്ട്യേടത്തി ഞാനൊന്ന് മറിച്ചുനോക്കുകയുണ്ടായി. ഇംഗ്ലീഷില് ആരോ ട്രാന്‍സ്‌ലേറ്റ് ചെയ്ത് വന്നപ്പോള്‍ അവര്‍ ചില സംശയങ്ങള്‍ എനിക്കെഴുതി. ഇത് മുമ്പും ഇംഗ്ലീഷില്‍ വന്നതാണ്. അപ്പോ, ഞാന്‍ വീണ്ടും മറിച്ചുനോക്കി. അത് ഇപ്പൊ ഞാന്‍ എഴുതുകയാണെങ്കിലും വിശേഷിച്ച് മാറ്റമൊന്നും തോന്നുന്നില്ല. സര്‍ക്കസില്‍ ചില മാറ്റങ്ങള്‍ വന്നേക്കാം. വളര്‍ത്തുമൃഗങ്ങള്‍- ഞാന്‍ കോളേജില്‍ ബി.എസ്‌സി ഫൈനലിയര്‍ പഠിക്കുമ്പോള്‍ എഴുതിയിട്ടുള്ളതാണ്. അതിന് ചില മാറ്റങ്ങള്‍ വന്നേക്കാം. അത് ഞാന്‍ വീണ്ടും വായിച്ചു നോക്കിയപ്പോള്‍ അങ്ങനെയല്ല എഴുതേണ്ടിയിരുന്നത് അതില്‍ കുറച്ചുകൂടി സംഗതികള്‍ ആവാമായിരുന്നുവെന്ന് തോന്നുന്നു. നേരെ മറിച്ച് കുട്ട്യേടത്തി ആ രൂപത്തില് തന്നെയേ എഴുതാന്‍ പറ്റുകയുള്ളൂ എന്നാണ് എനിക്ക് തോന്നിയത്. 'നിന്റെ ഓര്‍മയ്ക്കും' അങ്ങനെത്തന്നെ. എഴുത്തിന്റെ മുഹൂര്‍ത്തം ഞാന്‍ പഴയകാലത്ത് എഴുതിയിരുന്നത് രാത്രിയിലായിരുന്നു. അന്നൊക്കെ പകല് ജോലിയുണ്ടായിരുന്നു. പത്രപ്രവര്‍ത്തനത്തിലേര്‍പ്പെട്ട കാലത്തും ആപ്പീസിന്ന് വന്നുകഴിഞ്ഞാല്‍ രണ്ടു മണിക്കൂര്‍ ഞാന്‍ ട്യൂട്ടോറിയലില് പഠിപ്പിച്ചിരുന്നു. അതുകഴിഞ്ഞ് എട്ടുമണിയൊക്കെ കഴിഞ്ഞിട്ടാണ് എഴുതാനുള്ള സമയം കിട്ടുന്നത്. ആ കാലത്തൊക്കെ രാത്രി എഴുതിയിരുന്നു. ഇപ്പം രാത്രി എഴുതാറില്ല. ഒന്ന് എന്റെ ആരോഗ്യസ്ഥിതിയനുസരിച്ച് ഉറക്കമൊഴിക്കാന്‍ പറ്റില്ല. ഇപ്പം ഞാന്‍ എല്ലാം മാനസികമായിട്ട് തയ്യാറെടുപ്പ് വന്നുകഴിഞ്ഞാല് ഒരു എട്ടുമണി മുതല്‍ ഒരുമണിവരെ രാവിലെ വര്‍ക്ക് ചെയ്യും. പിന്നെ ഉച്ചയ്ക്കുശേഷം ഒരു മൂന്നരമുതല്‍ ആറര വരെ. ഇതാണ് ഇപ്പോഴത്തെ ഒരു പാറ്റേണ്‍. രാത്രി ഉറക്കമൊഴിച്ചിരുന്ന് എഴുതാന്‍ ഇപ്പം സാധിക്കില്ല. നമ്മുടെ ടൈമും ആരോഗ്യസ്ഥിതിയും കൊണ്ടാണ്. സമയം ഏത് എന്നത് പ്രശ്‌നമല്ല. നമുക്ക് ഈ ഡിസ്റ്റര്‍ബന്‍സുകള്‍ പാടില്ല എന്നുള്ളതേയുള്ളൂ. നമുക്ക് തുടര്‍ച്ചയായിട്ടുള്ള കുറേസമയം കിട്ടിയാല്‍. വേറെ ശല്യങ്ങളൊന്നുമില്ലാത്ത ഒരു സമയം കിട്ടിയാല്‍ ഏതുസമയത്തും പ്രശ്‌നമല്ല. ഡയബറ്റിസുള്ള ആളുകള്‍ക്കൊക്കെ രാത്രിയായാല് എനര്‍ജിയൊക്കെ പോവും. ഒന്നും ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് കുറച്ചുകാലമായിട്ട് രാത്രിയത്തെ എഴുത്തില്ല. വല്ലപ്പോഴും വല്ല ചെറിയ ഒരാര്‍ട്ടിക്കിള്‍ എഴുതേണ്ടിവരുന്നു. അതൊക്കെ ചെയ്യാം എന്നല്ലാതെ മറ്റൊരു നിവൃത്തിയുമില്ല. സമയമിതിന് ബാധകമല്ല. ഏതുസമയമായാലും ശരി നമുക്ക് ഡിസ്റ്റര്‍ബന്‍സില്ലാതെ കിട്ടണം എന്നുള്ളത് മാത്രമേയുള്ളൂ. കുടുംബജീവിതം എഴുത്തിനെ ബാധിക്കാറുണ്ടോ? ഇല്ല. അതിപ്പം പ്രശ്‌നമല്ല. അവര്‍ക്കൊക്കെ - വീട്ടുകാര്‍ക്കൊക്കെ- മനസ്സിലായിട്ടുണ്ടല്ലോ. എനിക്കിന്നൊരു ചെറിയ പണിയുണ്ട് എന്നുപറഞ്ഞ് നമ്മള്‍ എഴുതാല്‍ തുടങ്ങിയാല് കഴിയുന്നതും ഈ ഫോണിന്റെ ശല്യത്തിന്നൊക്കെ- അത്യാവശ്യമുള്ളത് മാത്രം തരികയും മറ്റും - അവിടെയും ചെറിയൊരു ഐഡന്റിറ്റി ഉണ്ടാക്കുന്നുണ്ട്. അതെപ്പോഴും സാധിച്ചെന്നു വരില്ല. അതുകൊണ്ട് ചിലപ്പോ മാറിയിരുന്ന് എവിടെയെങ്കിലും സ്ഥലം കണ്ടെത്തുന്നു. ഒരീസം രണ്ടുദിവസം മൂന്നുദിവസം ഇരുന്ന് ചെയ്യാവുന്ന ഒരു പണിയാണെങ്കില്‍ വീട്ടിലിരുന്നിട്ടും ചെയ്യാം. പക്ഷേ, തുടര്‍ച്ചയായിട്ട് കുറേ ദിവസം വേണ്ടിവരുന്നതാണെങ്കില് വേറെയെവിടെയെങ്കിലും മാറിയിരിക്കാനുള്ള കാരണം അതാണ്. വീടാവുമ്പോ വീടിന്റേതായ ബാധ്യതകളുണ്ട്. വീടിന്റെ പ്രശ്‌നങ്ങളൊന്നും എന്റെയടുത്ത് കൊണ്ടുവരാറില്ല. അതൊന്നും എന്നെ അലോസരപ്പെടുത്താത്ത നിലയില് വീട്ടുകാര് മാനേജ് ചെയ്യും. എന്നാലും ചിലപ്പം വീട്ടിലിരിക്കുമ്പം അപ്രതീക്ഷിതമായിട്ട് ചില സന്ദര്‍ശകര്‍ വരും. കളവ് പറയാന്‍ പറ്റില്ല. ഒന്നിറങ്ങിവന്ന് അവരുടെ കൂടെ ഇത്തിരിനേരമിരുന്ന് നേരം കഴിക്കേണ്ടിവരും. വീടിന് അതിന്റേതായ ചില പരാധീനതകളുണ്ട്. പക്ഷേ, വീട് എനിക്കൊരു ഡിസ്റ്റര്‍ബന്‍സല്ല. ഞാന്‍ ചിലപ്പം മാറിപ്പോവുന്നത്, അതവര്‍ക്കുകൂടി സൗകര്യമാണ്. ഞാനുണ്ടെങ്കില് അവിടെ ആളുകള്‍ കൂടുതല്‍ വരുന്നു. ഞാന്‍ മാറിയിരുന്ന് കഴിഞ്ഞാ അവര്‍ക്കും സന്തോഷാ. എവിടെയായിരുന്നാലും രാത്രിയില് വിളിച്ചുകഴിഞ്ഞാല്‍ പണിയൊക്കെ നടക്കുന്നുണ്ടോ എന്നു ചോദിക്കും. ഓ ഉണ്ട്. പണി നടക്കുന്നുണ്ട്. അവിടെന്താ വിശേഷമൊന്നുമില്ലല്ലോ. ഇല്ല. വിശേഷമൊന്നുമില്ല. രണ്ടു ദിക്കിലും വിഷമമില്ല. സന്തോഷം. നമ്മുടെ ജോലിയും നടക്കും. കുടുംബാന്തരീക്ഷത്തിലും എഴുത്തുകാരന്‍ ഒരേകാന്തത കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് മുമ്പെവിടെയോ പറഞ്ഞത് ഓര്‍ക്കുന്നു. അവിടെയും നമ്മള് വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നു. വായിക്കുക, എഴുതുക ഒക്കെ ചെയ്തുകൊണ്ടിരിക്കുമ്പം അവിടെയും നമ്മുടെ ചുറ്റും ഒരു ദ്വീപുണ്ടാകുന്നുണ്ട്. വീട്ടുകാര്‍ക്കതറിയില്ലെങ്കിലും കുറച്ച് കഴിയുമ്പം കുറേക്കാലം നമ്മുടെ കൂടെ ജീവിച്ച് കഴിയുമ്പം വീട്ടുകാര്‍ക്കും മനസ്സിലാവും ആ ഒരു ചെറിയ ദ്വീപിലാണ് ഇപ്പോ ഇരിക്കുന്നതെന്ന്. അവര്‍ നമ്മളെ അങ്ങനെ ശല്യപ്പെടുത്തില്ല. അതിനുള്ളിലും നമുക്കൊരു ഏകാന്തത, നമ്മളൊരു ചെറിയ വലയം നമുക്കു ചുറ്റും ഉണ്ടാക്കിയെടുക്കുന്നുണ്ട്. എന്നാല്‍, മാത്രമേ പറ്റൂ. മറ്റ് നമ്മുടെ ചെവി ഒരു വശത്തേക്ക് പോകും. അവിടെ നടക്കുന്ന സംഭാഷണങ്ങളിലേക്ക് പോകും. മറ്റ് ശബ്ദങ്ങളിലേക്കു പോവും. മുഴുവന്‍ അതില് തന്നെ ഉറച്ചിരിക്കണമെന്നുണ്ടെങ്കില്‍ - ഇതാണതിന്റെയൊരു അവസ്ഥ. ഏറ്റവും നല്ല അവസ്ഥ എന്നു പറയുന്നത് നമ്മളിങ്ങനെ എഴുതിക്കൊണ്ടിരിക്കുമ്പഴ് ഏതോ ഒരു ഘട്ടത്തില്‍ നമുക്ക് ഒരഞ്ച് സെക്കന്റ് എടുത്താല്‍ ഞാനിപ്പം എവിടെയാണ് എന്നു തോന്നും. ആ ഒരു നിലയിലേക്ക് ചിലപ്പം എത്തും. അപൂര്‍വ്വമായിട്ട് എത്താറുണ്ട്. എ ഫ്യൂ സെക്കന്റ്‌സ് - ഞാനിപ്പം എവിടെയാണ്. ഓ ഈ മുറീല്. കാരണം നാം ബാക്കിയെല്ലാം സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ടാവും. അങ്ങനത്തെ ഒരവസ്ഥ വരും. ഉത്കണ്ഠകള്‍ നമ്മുടെ സഹിഷ്ണുത തീരെ മാറിയിരിക്കുന്നു. ചിലതൊക്കെ ഇഷ്ടമായി. ചിലതെതിര്‍ത്തു- എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു എങ്കിലും ഇന്നത്തെ മാതിരി ദുസ്സഹമായ അവസ്ഥയില്‍ അസഹിഷ്ണുത അന്നില്ല- എന്നുള്ളതാണ്. അന്നും അസഹിഷ്ണുതകള് ഉണ്ടായിരുന്നു. ഇന്നത്തെ മാതിരിയത്തെ ഒരസഹിഷ്ണുത അന്നുണ്ടായിരുന്നില്ല. ഇന്ന് എന്തിനെയും വേറെ ഒരു നിലയില് കാണുന്ന ഒരവസ്ഥയുണ്ടല്ലോ. കുറേക്കാലമായിട്ട് നമ്മുടെ അയല്‍ക്കാരനെ, അടുത്തിടപഴകിയിരുന്നയാളെ എത്രയോ കാലമായിട്ട് കുടുംബമായി കഴിഞ്ഞിരുന്ന ആളുകളെയൊക്കെ, അന്യരായി കാണണം എന്നുള്ള ഒരവസ്ഥ ഉണ്ടായിട്ടുണ്ട്. സഹിഷ്ണുത എന്നുപറയുന്നത് ക്രമത്തില്‍ ക്രമത്തില്‍ പരിഷ്‌കൃതരായ മലയാളികള്‍ക്ക് നഷ്‌പ്പെട്ടിരിക്കുകയാണ്, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. എങ്ങനെ മാറ്റിയെടുക്കാം എന്നു ചോദിച്ചാല്‍ എനിക്ക് മറുപടിയൊന്നുമില്ല. ഞാനും അതില്‍ ഉത്കണ്ഠപ്പെടുന്നുണ്ട്. ഞാനും അതില്‍ ദുഃഖിക്കുന്നുണ്ട്. ഇതാണല്ലോ അവസ്ഥ. ഇതിനൊന്നും പരിഹാരങ്ങള്‍ നമുക്ക് പറയാന്‍ പറ്റുന്നില്ല. പലപല ദുസ്സഹായാവസ്ഥകള്‍ ലോകത്തിന്റെതന്നെ കാര്യമെടുക്കാം. വളരെയധികം 'മിസറി' കഷ്ടപ്പാടുകള്‍, ദുരിതങ്ങള്‍ പലേടത്തും കാണുന്നു. ജീവിതംതന്നെ വലിയ ദുരിതത്തിന്റെ കയമായി മാറിയിരിക്കുന്നുവെന്നു തോന്നുന്നു. ആ കയത്തിന്റെ തീരത്ത് നില്‍ക്കുമ്പഴ് ഇതിനൊന്നും ഒരു പരിഹാരം കാണാന്‍ പറ്റുന്നില്ലല്ലോ എന്നുള്ള ഉത്കണ്ഠയാണ്. ഇതാണവസ്ഥ. ഈ ദുരിതത്തിന്റെ കയത്തിന്റെയുള്ളില്‍ ഒരുപാട് മനുഷ്യരുണ്ട്. ആ ഒരു ബോധം ഉറച്ചുകഴിഞ്ഞാല്‍ നല്ലത്. നോക്കൂ, ഇവിടെയിതാ മനുഷ്യദുരിതങ്ങളുടെ അനേകം കയങ്ങള്‍. ലോകത്തിന്റെ പല ഭാഗങ്ങളിലും. അവരെ അറിയൂ. അത് മനസ്സിലാക്കൂ എന്ന് ദയനീയമായിട്ട് മനസ്സില്‍ നിലവിളിക്കാന്‍ മാത്രമേ സാധിക്കൂ. എഴുത്ത്, പ്രതിഫലം സാഹിത്യത്തെ മാത്രം ആശ്രയിച്ച് ജീവിക്കാന്‍ വലിയ പ്രയാസമാണ്. കേരളത്തില്, ഇന്ത്യയിലും എഴുത്തുകാര്‍ക്ക് ചിലര്‍ക്ക് പത്രപ്രവര്‍ത്തനത്തെ ആശ്രയിക്കേണ്ടി വരുന്നു. കോളമെഴുതേണ്ടിവരുന്നു. ഇന്ത്യയില്‍ത്തന്നെ സാഹിത്യത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന എഴുത്തുകാര്‍ വളരെ അപൂര്‍വമാണ്. ബംഗാളിലും ഇല്ല. ബംഗാളിലെത്തുമ്പോ ഗംഗോപാധ്യായക്കും 'ആനന്ദ്ബസാര്‍' പത്രികയുമായിട്ട് ഒരു ബന്ധമുണ്ട്. എഴുത്തിനെ മാത്രം ആശ്രയിച്ച് ജീവിക്കുക എന്നത് - ഇന്ത്യന്‍ സാഹചര്യത്തില്‍ മാത്രമല്ല പുറമെയും ഇതുതന്നെയാണ് സ്ഥിതി - സാധ്യമല്ല. എഴുത്തുകാര്‍ക്ക് വേറെയെന്തെങ്കിലും ചെറിയ പണിയുണ്ടാവും. ഒരു സ്ഥിരവരുമാനത്തിനുവേണ്ടിയിട്ട് ചിലരൊക്കെ ഇപ്പം കവികളൊക്കെ ചെയ്യുന്നത് പലേടത്തും അവര് ലക്ചറ് നടത്തുന്നു. യൂണിവേഴ്‌സിറ്റികളിലൊക്കെ കവിതാ പുസ്തകങ്ങള്‍ വിറ്റിട്ടുള്ള വരുമാനം മാത്രമല്ല, ലക്ചര്‍ നടത്തുന്നു. അതിനവര്‍ക്ക് പ്രതിഫലം കിട്ടുന്നു. വേറെയെന്തെങ്കിലും ചെറിയ വരുമാനം. അപൂര്‍വം ചിലരുടെ പുസ്തകങ്ങള്‍ ബെസ്റ്റ്‌സെല്ലേഴ്‌സ് ആവുന്നു. പുസ്തകം വിറ്റുകഴിഞ്ഞാല്‍ അഞ്ചുകൊല്ലം ജീവിക്കാനുള്ള, പത്തുകൊല്ലം ജീവിക്കാനുള്ള സമ്പാദ്യം കിട്ടുന്നു. കേരളത്തില്‍ത്തന്നെയെടുക്കാം. പൊറ്റക്കാട് മാത്രമാണ് സാഹിത്യംകൊണ്ട് ജീവിച്ചിരുന്നത്. ബഷീറും പറയാം. തകഴി കൃഷിക്കാരനൊക്കെയായിരുന്നു. പിന്നെ വക്കീല്‍പ്പണിയില്‍നിന്നുള്ള വരുമാനവും ഉണ്ടായിരുന്നു. കവികളാണെങ്കില് അധ്യാപകരും മറ്റുമായിരുന്നു. കുറുപ്പ്മാഷ്, വൈലോപ്പിള്ളി, ഇടശ്ശേരിയാവട്ടെ വക്കീല്‍ ഗുമസ്തനായിരുന്നു. കുഞ്ഞിരാമന്‍ നായര്‍ പിന്നെ കവിതകൊണ്ടുമാത്രം ജീവിച്ചയാളാണെന്നു പറയാം. അതുകൊണ്ടു മാത്രം ജീവിക്കാം. പക്ഷേ, കഷ്ടപ്പാടുകള്‍ കാണും. മറ്റു ഭാഷകളിലൊക്കെതന്നെ - ഒറിയ - വലിയ വലിയ എഴുത്തുകാരുണ്ട്. എഴുത്തുകൊണ്ട് മാത്രം അവര്‍ക്ക് കഴിഞ്ഞുകൂടാന്‍ പറ്റില്ല. അവര്‍ക്കൊക്കെ വേറെ പല ഉദ്യോഗങ്ങളും ഉണ്ട്. കണ്ടുമുട്ടുമ്പോഴൊക്കെ അവരൊക്കെ അത് പറയാറുണ്ട്. പ്രതിഫലം മറ്റ് മേഖലകളെ താരതമ്യം ചെയ്യുമ്പോള്‍ അര്‍ഹമായത് ലഭിക്കുന്നുണ്ടോ? പ്രതിഫലം നോക്കുമ്പം, നമുക്ക് പിന്നെ സ്ഥിരമായി എഴുതേണ്ടിവരും. ഇഷ്ടമില്ലെങ്കിലും എഴുതേണ്ടിവരും. എഴുതാനുള്ള ഒരു മനസ്ഥിതി ഇല്ല. ഒരു മാനസിക കാലാവസ്ഥ ഇല്ലെങ്കില്‍പോലും നമ്മള് വയറ്റുപ്പിഴപ്പിന് വേണ്ടീട്ട് എഴുതിക്കൊണ്ടിരിക്കേണ്ടിവരും. ആ ഒരു പ്രശ്‌നം ഉണ്ട്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ബാലകൃഷ്ണന്‍ എന്ന ഒരു നാട്ടുമ്പുറത്തുകാരന്‍ കാണാന്‍ വന്നത് എഴുതിയിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍? തീരെ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില് തീരെ പ്രതീക്ഷിക്കാത്ത ആളുകള്‍ വളരെ അടുപ്പം കാണിക്കുന്നു. അവര്‍ പറയുന്നു: ഞാന്‍ നിങ്ങളുടെ ഇന്ന കഥ വായിച്ചിട്ടുണ്ട്. നിങ്ങളെ അറിയാം. അങ്ങനെ തീരെ പ്രതീക്ഷിക്കാതെ സംഭവിക്കുന്നു. ബാലകൃഷ്ണന്റേത് ഒറ്റപ്പെട്ടൊരു വല്ലാത്ത സംഭവമായിരുന്നു. ബാലകൃഷ്ണന്‍ ഇപ്പോഴും? ഉണ്ട്. ഞാന്‍ കാണാറുണ്ട്. മകള്‍, മെഡിസിന്‍ കഴിഞ്ഞു. കുട്ടികളുടെ കല്യാണം കഴിഞ്ഞു. എപ്പോഴും കാണാറില്ലെന്നാലും വിവരങ്ങള്‍ എപ്പോഴും അറിയിച്ചുകൊണ്ടിരിക്കും. അത് ഞാന്‍ രോഗാവസ്ഥയില്‍ കിടക്കുമ്പോള്‍ സംഭവിച്ചതിനാലാണ് അതിനെക്കുറിച്ച് ഒന്ന് കുറിച്ചിടണമെന്ന് തോന്നിയത്. അതല്ലാതെ യാത്രക്കിടയിലും മറ്റു പലേടത്തും ഇങ്ങനെ ഓരോരുത്തര്‍ അടുത്തുവന്ന് സ്‌നേഹം പ്രകടിപ്പിക്കുകയും ചിലപ്പോ വലിയ തിക്കും തിരക്കും ഒക്കെയുള്ള സമയത്ത് ഏതെങ്കിലും ക്യൂവിലൊക്കെ നില്‍ക്കുമ്പോള്‍ അടുത്തുവന്ന് ഇന്നയാളല്ലേ ഞാന്‍ ക്യൂവില്‍ നിന്നോളാം എന്നൊക്കെ പറയുകയും ചെയ്യും. പ്രായമൊക്കെ പരിഗണിച്ചാവാം ചെറുപ്പക്കാര് നമ്മുടെ ടിക്കറ്റൊക്കെ എടുത്ത് കൊണ്ടുവന്നുതരികയും ചെയ്യും. വായനക്കാരന്‍ തിരിച്ചറിഞ്ഞ് ദൈവത്തിന്റെ രൂപത്തില്‍ സഹായവുമായി പ്രത്യക്ഷപ്പെട്ട ഒരു സംഭവം ഗള്‍ഫ് നാടുകളില്‍വെച്ച് തനിക്കുണ്ടായതായി ഗുരു നിത്യചൈതന്യയതി എഴുതിയിട്ടുണ്ട്. അത്തരം വല്ല അനുഭവങ്ങളും? യൂറോപ്യന്‍ പര്യടനം കഴിഞ്ഞ് ബോംബെയില്‍ രാത്രി ഒരു മണിക്ക് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പം എന്റെ പെട്ടി കാണുന്നില്ല. ഞാന്‍ ആകെ പരിഭ്രമിച്ച് നില്‍ക്കുകയാണ്. അധികൃതരെ സമീപിച്ചപ്പോള്‍ ഒരുപാട് ആളുകളുടെ പെട്ടി നഷ്ടപ്പെട്ടിട്ടുണ്ടെന്നും വിലാസം തന്നാല്‍ വീട്ടില്‍ എത്തിച്ചുതരുമെന്നും ഫോറം ഫില്ലപ്പ് ചെയ്തു കൊടുക്കണമെന്നും പറഞ്ഞു. അമേരിക്കയില്‍നിന്ന് വരുന്ന ഒരു ചെറുപ്പക്കാരന്‍ വന്നിട്ട് ഇന്നയാളല്ലേ എന്നു ചോദിച്ച്, ഞാന്‍ കഥയൊക്കെ വായിച്ചിട്ടുണ്ട് എന്നു പറഞ്ഞ് പരിചയപ്പെടുന്നു. ഫോറം ഫില്ലപ്പ് ചെയ്യാന്‍ ഒരു പാട് സമയം നില്‍ക്കേണ്ടിവരും. ഞാന്‍ പോയി നില്‍ക്കാം ഇവിടെ ഇരുന്നോളൂ എന്നുപറഞ്ഞ് ആ കുട്ടി ക്യൂവില്‍ പോയി നിന്നു. അപ്പോള്‍ ആരോ പറഞ്ഞു കുറച്ചു പെട്ടികള്‍ കൂടി വന്നിട്ടുണ്ട്. ചെറുപ്പക്കാരന്‍ എന്നെ പോകാന്‍ അനുവദിക്കാതെ അവിടെ പോയി പെട്ടി തിരഞ്ഞെടുത്ത് ഞാന്‍ തന്നോളാം എന്നു പറഞ്ഞു. അങ്ങനെയൊക്കെ നിത്യജീവിതത്തില്‍ ചില സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. ഗള്‍ഫ് നാടുകളില്‍ നമ്മള്‍ ചില മാര്‍ക്കറ്റുകളിലൊക്കെ പോകുമ്പം മലയാളികള്‍ അടുത്തുവരും. അതിലൊരു ചെറുപ്പക്കാരന്‍ അടുത്തുവന്നിട്ട് പറയുന്നു എനിക്ക് ഒന്നും തരാനില്ല കൈയില്‍. ഞാന്‍ പറഞ്ഞു: ഒന്നും വേണ്ട, കണ്ടു. സന്തോഷമായി. ''അല്ലേ എന്തെങ്കിലും എനിക്കൊന്ന്...'' എന്നുപറഞ്ഞ് അയാള്‍ പോക്കറ്റില്‍നിന്ന് ഒരു നെയില്‍കട്ടര്‍ എടുത്തു നീട്ടുന്നു. ഞാന്‍ വേണ്ടാ എന്നു പറഞ്ഞിട്ടും അയാള്‍ വിടുന്ന ലക്ഷണമില്ല. ''ഇതേ എന്റെ കൈയിലുള്ളൂ. ഇതു വാങ്ങണം.'' ഞാന്‍ അതു വാങ്ങി. എനിക്കാണെങ്കില്‍ ആ നെയില്‍കട്ടര്‍കൊണ്ട് വലിയ ഉപകാരമുണ്ടായി എന്നത് വേറെ കഥ. അങ്ങനെ പലേടത്തും വെച്ച് സ്‌നേഹം നമുക്ക് കിട്ടുന്നു. അത് ഈ എഴുത്തിന്റെ പേരിലുള്ളതാണ്. വേറെ നിലയ്‌ക്കൊന്നുമല്ല. അതു ചിലപ്പം തീവണ്ടിമുറിയില്‍ നിന്നാവാം. ചിലപ്പം എയര്‍പോര്‍ട്ടില്‍നിന്നാവാം. എവിടെയെങ്കിലും ഒരു അജ്ഞാതസ്ഥലത്ത് നമ്മള്‍ വെറുതെ ഒരു ടാക്‌സി കാത്തുനില്‍ക്കുമ്പോളാവാം. സുരഭിലമായ പഴയ ആ കാലത്തെക്കുറിച്ച് ഓര്‍ക്കാമോ? അക്കാലത്തൊക്കെ വൈകുന്നേരമായിക്കഴിഞ്ഞാല്‍ ഞങ്ങളെല്ലാവരും ഒത്തുകൂടിയിരുന്നു. എവിടെയെങ്കിലും ഒരു സ്ഥലത്ത് ഒരു ചായകുടി, കടപ്പുറത്തുകൂടെ ഒരു നടത്തം. കടപ്പുറത്തിരുന്ന് കുറേ സംസാരിക്കും. സാഹിത്യമൊന്നുമല്ല പറഞ്ഞിരുന്നത്. കൂട്ടത്തില്‍ ആരെങ്കിലും ഒരു പുതിയ പുസ്തകം വായിച്ചിട്ടുണ്ടെങ്കില്‍ അതിനെപ്പറ്റി പറയും. പുസ്തകം കൈമാറും. തമാശ പറയും. ചീട്ടു കളിക്കും. പട്ടത്തുവിളയുടെ വീട്ടിലാണ് ശീട്ടുകളി സാധാരണ. അന്ന് വൈകുന്നേരങ്ങളില്‍ അങ്ങനെ കൂട്ടായ്മയുണ്ടായിരുന്നു. പിന്നെപ്പിന്നെ ആളുകളൊക്കെ തിരക്കുള്ളവരായി. ഞാനും എന്‍.പിയും ഒക്കെ തമ്മില് ഇപ്പോ അധികം കാണാറില്ല. ഫോണില്‍ ബന്ധപ്പെടും. ഇന്നാള്‍ അസുഖമാണെന്നറിഞ്ഞപ്പോഴേക്കും പോയിക്കണ്ടു. അങ്ങനെ കുറേ സുഹൃത്തുക്കളുണ്ട്. അവരെയൊക്കെ ദിവസവും കണ്ടില്ലെങ്കിലും അത്രയും ഹൃദയത്തിന്റെ ഭാഗമായിട്ടുള്ളവരാണ്. അന്ന് എഴുത്തുകാര്‍ അവരുടെ കൃതികളെക്കുറിച്ചൊന്നുമല്ല സംസാരിക്കുക. നാട്ടുവര്‍ത്തമാനം പറയും. വായിച്ച കാര്യങ്ങള്. തമാശകള് ഒക്കെ പറയും. വല്ലപ്പോഴും വി.കെ.എന്നും എത്തിയിരുന്നു. ഈ ഭാഗത്താണ് വി.കെ.എന്‍ ജോലി ചെയ്തിരുന്നത്. ഉറൂബിനെയും തിക്കോടിയനെയുംപോലെയുള്ള സീനിയേഴ്‌സുണ്ട്. ഏറ്റവും പ്രായം കുറഞ്ഞത് ഞാനാണ്. പുതിയ മാസികകളെപ്പറ്റി - പട്ടത്തുവിളക്കൊക്കെ- അമേരിക്കയില്‍നിന്ന് അന്ന് ന്യൂയോര്‍ക്കറും തിയറ്റര്‍ ആര്‍ട്‌സും ഒക്കെ വന്നിരുന്നു. അതൊക്കെ കൈമാറിയിരുന്നു. അങ്ങനെ ഒരു നല്ല കാലഘട്ടം ഉണ്ടായിരുന്നു. സാഹിത്യത്തിന്റെ ഒരാതിഥേയത്വം എന്നു പറയാവുന്ന കാലഘട്ടം. ഒരു ദിവസം എസ്.കെ.പൊറ്റക്കാട് എല്ലാവരെയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ച് ഊണ്‍ ഏര്‍പ്പാട് ചെയ്തു. രസമുള്ളതായിരുന്നു ആ കാലഘട്ടം. ഞങ്ങള് തമ്മില് കാണുമ്പം പുതിയ രചനകളെന്തെങ്കിലും കണ്ടാല് അതിനെപ്പറ്റി വളരെ പുകഴ്ത്തിപ്പറയാനല്ല. തന്റെ ആ സാധനം വായിച്ചൂട്ടോ, തരക്കേടില്ല. ഇത്രയും പറഞ്ഞ് അവസാനിപ്പിക്കുന്നു. പക്ഷേ, അത് കേള്‍ക്കുന്നയാള്‍ക്കും- നമ്മുടെ കൂട്ടത്തിലുള്ള ആളുകള്‍ ശ്രദ്ധിച്ചു എന്നറിയുമ്പം അവര്‍ക്കും അതിലൊരു തൃപ്തിയുണ്ട്. ആളുകളെ പ്രശംസിക്കാനും ഒന്നുമല്ല. ഞാനതു കണ്ടൂട്ടോ. സാധനം നന്നായിരിക്കുന്നു എന്നൊക്കെയുള്ള ആ ഒരു സൗഹൃദം. പക്ഷേ, അത്രയും അടുപ്പത്തില്‍, സ്വന്തം ആളുകളാണ് എന്നുള്ള വല്ലാത്ത ഒരു സൗഹൃദഭാവമുണ്ടായിരുന്നു. കുറച്ചുകാലം അധ്യാപകനായും ജോലിനോക്കിയല്ലോ. എം.ബി.കോളേജിലെ ആ കാലഘട്ടത്തെക്കുറിച്ച്? എന്റെ ശിഷ്യന്മാരൊക്കെ മുതിര്‍ന്നവരായി. ചിലരെയൊക്കെ ഇപ്പഴും കാണാറുണ്ട്. ട്യൂട്ടോറിയല്‍ കോളേജിലൊക്കെ പഠിക്കുന്നവര് പല തവണ തോറ്റിട്ടൊക്കെ വരുന്നവരാണ്. അതുകൊണ്ട് ഞാനും വിദ്യാര്‍ഥികളും തമ്മില്‍ പ്രായത്തിന്റെ കാര്യത്തില് വലിയ വ്യത്യാസം കാണില്ല. പലേടത്തും കാണുമ്പം - ഈയിടെത്തന്നെ ഞാനൊരാളെ കണ്ടു. അയാള്‍ മദിരാശിയിലെ ഒരു ബിസ്‌നസുകാരനാണ്. കണക്കുകൂട്ടിയപ്പം ഞങ്ങള് തമ്മില് മൂന്നു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. അധ്യാപക-ശിഷ്യ ബന്ധത്തിലുള്ള ഒന്ന് എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ശരി കാണുമ്പം വലിയൊരു ബന്ധമുണ്ട്. ഇപ്പഴും അവര് മാഷ്‌ന്നേ വിളിക്കൂ. വളരെ ചെറിയ കാലഘട്ടമായിരുന്നെങ്കിലും അവിടെ പഠിപ്പിച്ച പലേ ആളുകളേയും പിന്നെ പലേടത്തുംവെച്ച് കണ്ടപ്പം അവര്‍ക്ക് അതില്‍ വലിയൊരു സന്തോഷമുണ്ട്. കോളേജ് അധ്യാപകനാവാന്‍ മോഹിച്ച് എത്തിപ്പെട്ടത് സാഹിത്യ പത്രപ്രവര്‍ത്തനത്തില്‍. ഒരു നിയോഗംപോലെ എത്തിപ്പെട്ട ജോലിയെക്കുറിച്ച് തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു? പത്രപ്രവര്‍ത്തനം എനിക്ക് ഇഷ്ടപ്പെട്ട ജോലിയായിരുന്നു. പക്ഷേ, ആ കാലത്ത് ഏതു ജോലിയും സ്വീകരിക്കുമായിരുന്നു. കാരണം ഞാനന്ന് വെറും ഡിഗ്രി മാത്രമുള്ള ഒരാളാണ്. ട്രെയിനിങ് കഴിക്കാനുള്ള സൗകര്യമുണ്ടായിരുന്നെങ്കില്‍ ചിലപ്പോ അധ്യാപകനായിപ്പോയേനെ. അല്ലെങ്കില്‍ ഒരു മാസ്റ്റര്‍ ഡിഗ്രി എടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ ചിലപ്പോ കോളേജ് അധ്യാപകന്‍. കോളേജായിരുന്നു എന്റെ ഒരു ലക്ഷ്യം. രണ്ടുമാസം വെക്കേഷന്‍, ലൈബ്രറി ഇതൊക്കെയാണ് മനസ്സിലുണ്ടായിരുന്നത്. എത്തിയത് ജേര്‍ണലിസത്തിലാണ്. അതില്‍ വിഷമമൊന്നും ഇല്ല. നല്ലൊരു പിരീയഡായിരുന്നു. കോഴിക്കോട് വന്നു. ഇവിടുത്തെ എഴുത്തുകാരുമായി സൗഹൃദത്തിന്റെ ഭാഗമായി ചേരാന്‍ പറ്റി. പത്രപ്രവര്‍ത്തനം ഒരു ബുദ്ധിമുട്ടുപിടിച്ച പണിയാണ്. എന്നാലും നമ്മള് അതില് ലയിച്ചുചേര്‍ന്നു. കുറേ വര്‍ഷങ്ങള്‍. അതായിരിക്കും നമുക്ക് വിധിച്ചിട്ടുള്ളത്. അതില് എനിക്ക് ചെയ്യാന്‍ കഴിയുന്ന കുറേ കാര്യങ്ങള്‍ ചെയ്തു എന്നുള്ള ഒരു 'സാറ്റിസ്ഫാക്ഷന്‍' ഉണ്ട്. പത്രപ്രവര്‍ത്തനം ജോലി എന്ന നിലയ്ക്കാണ് എടുത്തത്. താല്‍പര്യം കൊണ്ടല്ല? അല്ല. അന്നത് അപ്ലൈ ചെയ്തു. കിട്ടി. അന്ന് പലതിനും അപ്ലൈ ചെയ്തിരുന്നു. അസിസ്റ്റന്റ് കെമിക്കല്‍ എഞ്ചിനീയര്‍ എന്ന് പറഞ്ഞിട്ട് ഒരു പോസ്റ്റിന്, ഞാനൊരു കെമിസ്ട്രി ഗ്രാജ്വേറ്റാണ്. ചിലപ്പം അന്ന് അത് കിട്ടിയിരുന്നെങ്കില്‍ അതിലെയായിരിക്കും പോവുക. മാതൃഭൂമിയില്‍ കിട്ടിയതിനുശേഷം വേറെ ഒന്നുരണ്ട് സാധ്യതകള്‍ വന്നു. ഒന്ന് ഓള്‍ ഇന്ത്യാ റേഡിയോവിലായിരുന്നു. അന്നത്തെ എന്റെ ബോസ് ആയിരുന്ന കെ.പി.കേശവമേനോന്‍ പറഞ്ഞു. വേണ്ട. ഇവിടത്തെ ശമ്പളം ഒക്കെ സാരല്ല. കുറച്ച് കഴിഞ്ഞ് അതൊക്കെ ശരിയാവും. പിന്നെ റബ്ബര്‍ ബോര്‍ഡില്‍ അസിസ്റ്റന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍. അതിനും പോയില്ല. അന്ന് ഈ വേജ്‌ബോര്‍ഡൊന്നും വന്നിട്ടില്ല പത്രത്തില്. എന്നാലും അതിലങ്ങ് നിന്നുപോയി. രചനയിലെ കാവ്യാത്മകത? കവിത ഇപ്പോഴും ഞാന്‍ വായിക്കുന്നു. കവിതയോട് എനിക്ക് വലിയ ആരാധനയുണ്ട്. സൗകര്യം കിട്ടുമ്പോഴൊക്കെ കവിത വായിക്കാറുണ്ട്. നമ്മുടെ കവികളുടെ മാത്രമല്ല, പുറമെനിന്ന് യാത്രയൊക്കെ കഴിഞ്ഞ് വരുമ്പോഴും മറ്റു പുസ്തകങ്ങളുടെ കൂട്ടത്തില് കവിതയും വാങ്ങാറുണ്ട്. എഴുതിയാല്‍ ശരിയാവില്ല. പിന്നെ കഥയിലേക്ക് തിരിഞ്ഞു. കവിതയോട് ഇന്നും ആരാധനയാണ്. സംശയമൊന്നും ഇല്ല. സംതൃപ്തി എഴുത്തുമാത്രം? എഴുത്തുതന്നെയാണ് സംതൃപ്തി നല്‍കിയത്. കാരണം എഴുത്തില്‍ വേറെ ആരേയും ആശ്രയിക്കേണ്ടിവരില്ല. ചലച്ചിത്രം അങ്ങനെയല്ല. മറ്റു പലരെയും ആശ്രയിക്കണം. യന്ത്രങ്ങളെ ആശ്രയിക്കണം. ഒരുപാട് ആളുകളെ ഉള്‍ക്കൊള്ളണം. പത്രപ്രവര്‍ത്തനത്തില് എന്ത് നമ്മള് ചെയ്താലും ശരി. കുറ്റങ്ങള്‍ കേള്‍ക്കേണ്ടതായിവരും. പത്ത് കഥകള്‍ സ്വീകരിക്കുമ്പോള്‍ നൂറു കഥ ഉപേക്ഷിക്കേണ്ടതായി വന്നേക്കാം. അവര്‍ക്കൊക്കെ മനസ്സില് വൈരാഗ്യം തോന്നും. നമുക്ക് ഒരു മാനസികാവസ്ഥയുണ്ടെങ്കില്‍ ഇരുന്ന് എഴുതാം. എഴുതിക്കഴിഞ്ഞാല്‍ എത്ര കോപ്പി ചെലവാകും എന്നതും പ്രശ്‌നമല്ല. മനസ്സിനെ മഥിച്ചിരുന്ന ഒരു കാര്യം കടലാസിലാക്കുകയാണ് എഴുത്തില്‍ ചെയ്യുന്നത്. ഏകാന്തതയിലിരുന്ന് മറ്റാരെയും ആശ്രയിക്കാതെ ചെയ്യാവുന്ന തൊഴിലാണിത്. അത് ഗുണമോ ദോഷമോ എന്നതല്ല കാര്യം. എല്ലാ തെറ്റിനും നമ്മള്‍ തന്നെയാണ് ഉത്തരവാദി. എല്ലാ നന്മയ്ക്കും നമ്മള്‍തന്നെയാണ് ഉത്തരവാദി. അതുകൊണ്ട് എഴുത്ത് എന്നതിലാണ് പരിപൂര്‍ണമായിട്ടുള്ള സംതൃപ്തി എനിക്കു കിട്ടിയിട്ടുള്ളത്. കള്ളക്കര്‍ക്കിടകത്തിലെ വറുതിയെക്കുറിച്ചും തറവാട്ടിലെ കഷ്ടപ്പാടുകളെക്കുറിച്ചും ഏറെ എഴുതിയിട്ടുണ്ട്. ''ഇവനെയൊക്കെ വളര്‍ത്തി വലുതാക്കിയ നേരംകൊണ്ട് ഒരു തെങ്ങുവെച്ചാല്‍ കായ്ഫലം തരുമായിരുന്നു'' എന്ന അച്ഛന്റെ ശകാരം കേട്ട് വീടുവിട്ടിറങ്ങിയ എം.ടി. ഇന്ന് സാഹിത്യത്തിലും ജീവിതത്തിലും ഏറെ സമ്പന്നനാണ്. എല്ലാ കഷ്ടതകള്‍ക്കും ഒരു മറുപുറമുണ്ടെന്ന് പഴമക്കാര്‍ പറയാറുണ്ട്. തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു? ആ കാലഘട്ടത്തെപ്പറ്റി തിരിഞ്ഞുനോക്കുമ്പോ, അച്ഛനോടൊക്കെ വൈരാഗ്യം തോന്നിയിരുന്നു - എല്ലാവരുടെ മുന്നിലുംവെച്ച് എന്നെ ശകാരിക്കുമ്പം. ഞാനൊരു ഊണ് പകുതിയാക്കിയിട്ട് അവിടെനിന്നും പതുക്കെ എണീറ്റ് പോയി കിടന്ന് രാവിലെ എഴുന്നേറ്റ് കുന്ദംകുളം ബസ്സ്റ്റാന്റുവരെ നടന്ന് പാലക്കാട്ടെത്തി. അത് ചരിത്രത്തിന്റെ ഭാഗമാണ്. പക്ഷേ, കുറേ കഴിഞ്ഞപ്പം എനിക്കു തോന്നി ഞാനങ്ങനെ ഒരു രോഷംവെച്ച് നടക്കേണ്ടതില്ല. അച്ഛന്‍ പിന്നീട് രോഗാവസ്ഥയിലായപ്പോ ഞാന്‍ ഇവിടെ കൊണ്ടുവരികയും മദ്രാസില്‍ കൊണ്ടുപോവുകയും ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്. എനിക്കാദ്യം കിട്ടിയിട്ടുള്ള പ്രതിഫലം 'നാലുകെട്ടി'ന് കിട്ടിയ സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്. അഞ്ഞൂറുറുപ്പിക. അക്കാലത്ത് അതൊരു സംഖ്യയാണ്. ഞാനത് തൃശ്ശൂരില്‍നിന്ന് കാഷ് ചെയ്തിട്ട് നേരെ വന്ന് അച്ഛന്റെയടുത്തുകൊണ്ടുപോയി കൊടുത്തു. അച്ഛനന്ന് വലിയ ഒരു കടത്തിന്റെ കെണിയില് നില്‍ക്കുന്ന സമയമാണ്. അത് അച്ഛന് വലിയ കാര്യായി. അത് ഞാനൊരു പകവീട്ടലായിട്ട് ചെയ്തതല്ല. ആരും അറിയാതെ ഞാന്‍ മുകളില്‍ പോയി. ഞാന്‍ പോവുകയാണ്. ഇത് സ്വീകരിക്കണം. എന്നു പറഞ്ഞു. നാനൂറുറുപ്പികയുടെ ഒരു പണയത്തിന്റെ കേസുണ്ട്. അത് തീര്‍ക്കാമെന്ന് അച്ഛന്‍ പറഞ്ഞു. അന്ന് വിഷമം തോന്നിയിരുന്നു. അച്ഛനങ്ങനെയൊക്കെ പറഞ്ഞതില്‍. ചെറുപ്പത്തില്‍ ദാരിദ്ര്യം അനുഭവിച്ചിരുന്നു. പില്‍ക്കാലത്ത് എന്റെ ചെറിയമ്മക്കൊക്കെ അത് 'അഡ്മിറ്റ്' ചെയ്യാന്‍ തന്നെ മടിയായിരുന്നു. ഹേയ് അവന്‍ അത്രയൊന്നും കഷ്ടപ്പെട്ടിട്ടില്ല. അങ്ങനെയൊന്നും ഇല്ല എന്നൊക്കെ ഓരോ ആളുകളോടൊക്കെ പറഞ്ഞത് കേട്ടിട്ടുണ്ട്. പക്ഷേ, ഇതൊക്കെ സത്യമാണ്. അങ്ങനെ പലതും. വളരെ സ്‌ട്രൈക്കിങ് ആയതുമാത്രമേ എഴുതിയിട്ടുള്ളൂ. പിന്നീട് ജീവിതത്തില് സൗകര്യമൊക്കെ ഉണ്ടായപ്പോ അതിലൊന്നും തോന്നാറില്ല. പഠിക്കുന്ന കാലത്ത് നല്ല കുപ്പായമൊക്കെ ഇട്ടുനടക്കണമെന്ന് തോന്നി. അന്ന് പറ്റിയില്ല. പിന്നീട് നല്ല കുപ്പായങ്ങളൊക്കെ വാങ്ങാന്ന് വന്നപ്പോ നമുക്കതിലെ കമ്പമൊക്കെ നഷ്ടപ്പെട്ടു. അതേപോലെ പഠിക്കുന്ന കാലത്ത് കുട്ടികളുടെ കൂടെപ്പോയി നല്ല ആഹാരം കഴിക്ക, ആരെങ്കിലും ഒരാള്‍ വിളിക്കും. അതിന് ബദലായി നമ്മളും ഒരിക്കല്‍ വിളിക്കണം. അതിനുള്ള പൈസയുണ്ടാവില്ല. അതുകൊണ്ട് പലപ്പോഴും അതില്‍നിന്ന് ഒഴിഞ്ഞുമാറും. പിന്നീട് നമുക്ക് നല്ല ആഹാരമൊക്കെ കഴിക്കാവുന്ന സൗകര്യം വന്നപ്പം ആഹാരത്തില് താല്‍പര്യമില്ലാതായി. അതൊക്കെ ജീവിതത്തിന്റെ ഗതിവിഗതികളുടെ ഭാഗമായിട്ട് മാത്രമേ ഞാന്‍ കാണുന്നുള്ളൂ. അന്ന് കോളേജിലൊക്കെ പഠിക്കുമ്പം മറ്റുള്ളവരെപ്പോലെ നല്ല വസ്ത്രമോ ഫാഷനോ ഒന്നും ഇല്ല. പക്ഷേ, അതിലൊന്നും ഒരപകര്‍ഷബോധം തോന്നിയിട്ടില്ല. എന്റെ വീട്ടിലൊക്കെ പരിമിതമായ സൗകര്യങ്ങളേയുള്ളൂ എന്നുള്ളത് എനിക്കറിയാം. ഞാനാരോടും അത് പ്രഖ്യാപിച്ചിട്ടുമില്ല. അതേസമയം മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടുമില്ല. അക്കാലത്തും എന്റെ വീട്ടിലൊക്കെ ചില കൂട്ടുകാരൊക്കെ വന്നിട്ടുണ്ട്. ഇത്രയൊക്കെയേയുള്ളൂ ഇവിടത്തെ സൗകര്യം. ഞാനിങ്ങനത്തെ ചുറ്റുപാടില്‍നിന്നാണ് വരുന്നത് എന്ന് അവര്‍ക്കും മനസ്സിലായിരുന്നു. ഞാനും അവരുടെയൊക്കെ വീടുകളില്‍പോയി താമസിച്ചിട്ടുണ്ട്. വലിയ സൗകര്യങ്ങളുള്ള. അവര്‍ക്ക് എന്നോട് വേറെ ഒരു 'കോണ്ടിസെന്റിങ്- അതും തോന്നിയിട്ടില്ല. മൊത്തം തിരിഞ്ഞുനോക്കുമ്പം ഇതൊക്കെ ജീവിതത്തിന്റെ ചില ഗതിവിഗതികള്, ചില ഉയര്‍ച്ചയുണ്ടാവും, താഴ്ചകളുണ്ടാവും. എന്റെ കുടുംബംതന്നെ പഴയ കാലത്ത് ഇങ്ങനെയല്ല എന്നാണ് കേട്ടിട്ടുള്ളത്. അത്ര വലിയ പ്രതാപികളായിരുന്നുവത്രെ. പൂമാന്തോട് മുതല്‍ക്ക് കൈതക്കാട് വരെയുള്ള സ്ഥലമൊക്കെ ഞങ്ങളുടെ പൂര്‍വികരുടേതായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പഴയ ആധാരം ജ്യേഷ്ഠന്റെയടുത്ത് ഇപ്പഴും കാണണം. മൂത്ത ജ്യേഷ്ഠന് ഇന്റര്‍മീഡിയറ്റ് എഴുതിയപ്പം പഠിപ്പുമുടങ്ങി. ഒക്കെ ഓരോരോ ഗതിവിഗതികള്‍. ഋതുഭേദങ്ങള്‍പോലെ ജീവിതത്തിലും പലതും സംഭവിച്ചുകൊണ്ടിരിക്കുന്നു. അനിവാര്യമാണ് ചിലതൊക്കെ എന്നു പറയാം. (എംടിയുടെ ലോകം എന്ന പുസ്തകത്തില്‍


No comments:

Post a Comment