ഹയര്‍ സെക്കന്‍ഡറി മലയാളം



എന്‍റെ മലയാളം
എന്‍റെ മലയാളം

MALAYALAM KAVITHAKAL (lyrics) മലയാളം കവിതകള്‍

 കവിതകള്‍ 
മോഹം - ഒ.എന്‍.വിPDFPrint

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
       തിരുമുറ്റത്തെത്തുവാന്‍ മോഹം


   തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
          നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം 
         മരമോന്നുലുതുവാന്‍ മോഹം 
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം


തൊടിയിലെ കിണര്‍വെള്ളം കോരി
കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം
എന്ത് മധുരമെന്നോതുവാന്‍  മോഹം


ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം


വെറുതെയിരിന്നൊരു കുയിലിന്റെ
പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം


അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം


വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം


പക
Murukan Kattakkada 
(മുരുകന്‍ കാട്ടാക്കട)

ദുരമൂത്തു നമ്മൾക്ക്, പുഴ കറുത്തു
ചതി മൂത്തു നമ്മൾക്ക്, മല വെളുത്തു
തിരമുത്തമിട്ടോരു കരിമണൽ‌ തീരത്ത്-
വരയിട്ടു നമ്മൾ പൊതിഞ്ഞെടുത്തു
പകയുണ്ട് ഭൂമിക്ക്, പുഴകൾക്കു, മലകൾക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്

രാസതീർത്ഥം കുടിച്ചാമാശയം വീർത്ത്
മാത്രാവബോധം‌ മറഞ്ഞ പേക്കുട്ടികൾ‌
രാത്രികൾ‌ പോലെ കറുത്ത തുമ്പപ്പൂവ്
രോഗമില്ലാതെയുണങ്ങുന്ന വാകകൾ

മാനത്ത് നോക്കൂ കറുത്തിരിക്കുന്നു
കാർ‌മേഘമല്ല, കരിമ്പുകച്ചുരുളുകൾ‌
പൂക്കളെ നോക്കൂ വെളുത്തിരിക്കുന്നൂ
പിച്ചിയല്ല, വിഷം തിന്ന തെച്ചി.
കാറ്റിനെയൊന്ന് മണത്തു നോക്കൂ, മണം‌
ഗന്ധകപ്പാലപൂത്തുലയുന്ന മാദകം
പോക്കുവെയിലേറ്റൊന്നിരുന്നു നോക്കൂ
പുറം‌ തോലറ്റിറങ്ങുന്നതഗ്നി സർ‌പ്പം‌

മഴയേറ്റു മുറ്റത്തിറങ്ങി നിൽ‌ക്കൂ മരണ-
മൊരു തുള്ളിയായണുപ്രഹരമായി
ഉപ്പുകല്ലൊന്നെടുത്തുനോക്കൂ കടൽ
കണ്ണീരിനുപ്പിൻ‌ ചവർപ്പിറക്കൂ
പകയുണ്ട് ഭൂമിക്ക്, പുഴകൾക്കു, മലകൾക്കു,
പുകതിന്നപകലിനും ദ്വേഷമുണ്ട്

ഇരുകൊടുങ്കാറ്റുകൾ‌ക്കിടയിലെ ശാന്തിതൻ‌
ഇടവേളയാണിന്ന് മർത്യജന്മം
തിരയായി തീരത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക..
ഇതു കടലെടുത്തൊരാ ദ്വാരകാപുരിയിലെ
കൃഷ്ണപക്ഷക്കിനാവുള്ള ദ്വാപരർ
ആരുടേതാണുടഞ്ഞൊരീ കനവുകൾ‌?
ആരുടച്ചതാണീ കനൽചിമിഴുകൾ‌?
ആരുടേതീ നിരാലംബ നിദ്രകൾ‌?
ആരുറക്കിയീ ശാന്തതീരസ്മൃതി
നീ, ജലാദ്രി, തമോഗർ‌ത്ത സന്തതി
നീ, ജലാദ്രി, തരംഗരൂപിപ്പക!

അലറി ആർത്തണയുന്ന തിര തമോഗർ‌ത്തത്തില-
ടവച്ചു വിരിയിച്ച മൃതി വിളിച്ചു
അലമുറകളാർ‌ത്തനാദങ്ങൾ‌ അശാന്തികൾ‌
അവശിഷ്ടമജ്ഞാതമൃതചിന്തകൾ
അം‌ഗുലീയാഗ്രത്തിൽ‌‌ നിന്നൂർന്നു തിരതിന്ന
പുത്രനായ് കേഴുന്ന പിതൃസന്ധ്യകൾ
ഇനിയെത്ര തിരവന്നു പോകിലും
എന്റെ കനൽ‌മുറിവിൽ നിൻ‌മുഖം  മാത്രം
എന്റെ ശ്രവണികളിൽ‌ നിൻ‌ തപ്ത നിദ്രമാത്രം‌
തൊട്ടിലാട്ടുന്ന താരാട്ടുകയ്യുകൾ
കെട്ടി അമ്മിഞ്ഞ മുത്തുന്ന മാറുകൾ
കവിളിലാരാണു തഴുകുന്നൊതീ കുളിർ
കടൽ‌ മാതാവ് ഭ്രാന്തവേഗത്തിലോ..?
അരുത് കാട്ടിക്കുറുമ്പ് കാട്ടേണ്ടൊരീ
തരളഹൃദയത്തുടിപ്പസ്തമിച്ചുവോ?
നിഴലുകെട്ടിപ്പുണർന്നുറങ്ങുന്നുവോ
പുലരികാണാപ്പകൽ‌ക്കിനാച്ചിന്തുകൾ‌
ഇന്നലെ ഹിന്ദുവായ് ഇസ്ലാമിയായ് നാം
കൊന്നവർ‌ കുന്നായ്മ കൂട്ടാ‍യിരുന്നവർ‌
ഇന്നൊരേകുഴിയിൽ കുമിഞ്ഞവർ‌ അദ്വൈത –
ധർമ്മമാർ‌ന്നുപ്പു നീരായലിഞ്ഞവർ‌
ഇരു കൊടുങ്കാറ്റുകൾ‌ക്കിടയിലെ ശാന്തിതൻ‌
ഇടവേളയാണിന്നു മർത്യജന്മം
തിരയായി തീർത്തശാന്തിയായ് തേങ്ങലായ്
പതയുന്നു പുകയുന്നു പ്രകൃതിപ്പക

അരുമക്കിടാങ്ങളുടെ കുരലു ഞെക്കിക്കൊന്ന
സ്ഥിരചിത്തയല്ലാത്തൊരമ്മയെപ്പോൽ
കടലിതാ ശാന്തമായോർ‌മ്മകൾ‌ തപ്പുന്നു
ഒരു ഡിസംബർ‌ ത്യാഗതീരം കടക്കുന്നു.





എ.അയ്യപ്പന്‍റെ കവിത 







അമ്മമലയാളം (കുരീപ്പുഴ)
................................................................
കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍
ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു
വിറ്റുവോ നീ എന്റെ ജീവിതഭാഷയെ.
ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍
ആദിത്യനേത്രം തുറന്നു ചോദിക്കുന്നു
ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ.
ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട്
നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍
ചുട്ടുവോ നീ എന്റെ കേരളഭാഷയെ.
വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു
പ്രേമസംഗീത തപസ്സ് ചോദിക്കുന്നു
ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു
മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു
പാടും പിശാച് ശപിച്ചു ചോദിക്കുന്നു
പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു
കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു
കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു
പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്‍
പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു
എവിടെയെവിടെ സഹ്യപുത്രി മലയാളം
എവിടെയെവിടെ സ്നേഹപൂര്‍ണ്ണ മലയാളം.
മലിനവസ്ത്രം ധരിച്ച്, ഓടയില്‍ നിന്നെണീറ്റ്
അരുതരുത് മക്കളേയെന്ന് കേഴുന്നു
ശരണഗതിയില്ലാതെ അമ്മമലയാളം
ഹൃദയത്തില്‍ നിന്നും പിറന്ന മലയാളം.
ആരുടെ മുദ്ര, ഇതാരുടെ ചോര
ആരുടെ അനാഥമാം മുറവിളി
ആരുടെ നിലയ്ക്കാത്ത നിലവിളി
അച്ഛന്റെ തീമൊഴി, അമ്മയുടെ തേന്‍മൊഴി
ആരോമല്‍ ചേകോന്റെ അങ്കത്തിരുമൊഴി
ആര്‍ച്ചയുടെ ഉറുമിമൊഴി, ചെറുമന്റെ കനല്‍മൊഴി
പഴശ്ശിപ്പെരുമ്പടപ്പോരിന്‍ നിറമൊഴി
കുഞ്ഞാലി വാള്‍മൊഴി, തച്ചോളിത്തുടിമൊഴി
തോരാതെ പെയ്യുന്ന മാരിത്തെറിമൊഴി.
തേകുവാന്‍ ,ഊഞ്ഞാലിലാടുവാന്‍
പൂനുള്ളിയോടുവാന്‍ ,വിളകൊയ്തു കേറുവാന്‍
വിത്തിടാന്‍ ,സന്താപ സന്തോഷ-
മൊക്കെയറിയിക്കുവാന്‍
തമ്മില്‍ പിണങ്ങുവാന്‍ ,പിന്നെയുമിണങ്ങുവാന്‍
പാടുവാന്‍ ,പഞ്ചാര കയ്പ്പേറെ-
യിഷ്ടമെന്നോതുവാന്‍
കരയുവാന്‍ ,പൊരുതുവാന്‍ ,ചേരുവാന്‍
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മമലയാളം, ജന്മമലയാളം.
അന്യമായ് പോകുന്ന ജീവമലയാളം.
ഓര്‍ക്കുക,അച്ഛനും അമ്മയും
പ്രണയിച്ച ഭാഷ മലയാളം
കുമ്പിളില്‍ കഞ്ഞി വിശപ്പാറ്റുവാന്‍
വാക്കു തന്ന മലയാളം
പെങ്ങളോടെല്ലാം പറഞ്ഞു
തളിര്‍ക്കുവാന്‍ വന്ന മലയാളം
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്‍
ആയുധം തന്ന മലയാളം.
ഉപ്പ്, കര്‍പ്പൂരം, ഉമിക്കരി
ഉപ്പേരി തൊട്ടു കാണിച്ച മലയാളം.
പുള്ളുവന്‍ ,വീണ, പുല്ലാങ്കുഴല്‍
നന്തുണി ചൊല്ലു കേള്‍പ്പിച്ച മലയാളം.
പൊട്ടിക്കരഞ്ഞു കൊണ്ടോടി വീഴുന്നു
കഷ്ടകാലത്തിന്‍ കയത്തില്‍
രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു,
ഓണമലയാളത്തെ എന്തുചെയ്തു
ഓമല്‍മലയാളത്തെ എന്തുചെയ്തു.




പി.പി.രാമചന്ദ്രന്‍റെ കവിത 


ജി.ശങ്കരപ്പിള്ളയുടെ കവിത 





കുരീപ്പുഴയുടെ കവിത 







വയലാര്‍ കവിത



കുഞ്ഞുണ്ണിക്കവിതകള്‍


എനിക്കു ഞാന്‍ തെല്ലുമുപകരിക്കില്ലെ
ന്നതിനൊരു തെളിവുരച്ചീടുന്നു ഞാന്‍
ഒരുകരത്തിന്മേല്‍ ചൊറിയണമെന്നാ
ലതേ കരത്തിനു കഴിയില്ലല്ലോ


അയ്യോ എനിക്കെന്നെ വല്ലാതെ നാറുന്നുവല്ലോ

അയ്യോ എനിക്കെന്റെ മനസ്സില്‍നിന്നു
പുറത്തുകടക്കാനാവുന്നില്ലല്ലോ

അയ്യോ ഞാനെന്നെ എവിടെയോ
മറന്നുവച്ചുപോന്നിരിക്കുന്നുവല്ലോ


ഞാനൊരു കവിതക്കാരന്‍
കപട കവിതക്കാരന്‍
വികടകവിതക്കാരന്‍
എന്നാലും വിതക്കാരന്‍


ഞാനിനിയെന്നുടെയച്ഛനാകും
പിന്നെയമ്മയാകും
പിന്നെ മോനാകും മോളാകും
പിന്നെയോ
ഞാനെന്റെ ഞാനുമാകും


ഞാന്‍ വളയില്‍ വളയില്ല
വളപ്പൊട്ടില്‍ വിളയും


എനിക്കുതന്നെ കിട്ടുന്നൂ
ഞാനയയ്ക്കുന്നതൊക്കെയും
ആരില്‍നിന്നെതതേ നോക്കൂ
വിഡ്ഢിശ്ശിപ്പായിയീശ്വരന്‍

ഞാനുണര്‍ന്നപ്പോളെന്നെക്കണ്ടില്ല ഭാഗ്യം ഭാഗ്യം

പൊക്കമില്ലായ്മയാണെന്റെ
പൊക്കമെന്നറിയുന്നു ഞാന്‍

എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം

ഞാനാരുടെ തോന്നലാണ്‌

എന്നെപ്പെറ്റതു ഞാന്‍തന്നെ

ഇഞ്ഞാനിങ്ങനെയല്ലാതായാല്‍
ഇബ്രഹ്മാണ്ഡമിങ്ങനെയല്ലാതായീടും
അമ്പട ഞാനേ

എനിക്കു പൊക്കം കുറവാ
ണെന്നെപ്പൊക്കാതിരിക്കുവിന്‍
എനിക്കൂക്കു കുറവാ
ണെന്നെത്താങ്ങാതിരിക്കുവിന്‍



കക്കാടിന്‍റെ കവിത 

എന്റെഗുരുനാഥന്‍



                                   



ലോകമേ തറവാടു തനിക്കീ ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍
താരകാമണിമാല ചാര്‍ത്തിയാലതും കൊള്ളാം
കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊള്ളാം;
ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ-
മല്ലയോ വിഹായസ്സവ്വണ്ണമെന്‍ ഗുരുനാഥന്‍
ദുര്‍ജ്ജന്തുവിഹീനമാം ദുര്‍ല്ലഭതീര്‍ത്ഥഹ്രദം
കജ്ജലോല്‍ഗമമില്ലാത്തോരു മംഗളദീപം
പാമ്പുകള്‍ തീണ്ടീടാത്ത മാണിക്യമഹാനിധി,
പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യന്‍
ശസ്ത്രമെന്നിയേ ധര്‍മ്മസംഗരം നടത്തുന്നോന്‍,
പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്‍ത്തുന്നോന്‍
ഔഷധമെന്യേ രോഗം ശമിപ്പിപ്പവന്‍, ഹിംസാ-
ദോഷമെന്നിയേ യജ്ഞം ചെയ്‌വവനെന്നാചാര്യന്‍
ശാശ്വതമഹിംസയാണമ്മഹാത്മാവിന്‍ വ്രതം
ശാന്തിയാണവിടേയ്ക്കു പരദേവത പണ്ടേ
ഓതുമാറുണ്ടദ്ദേഹം, 'അഹിംസാമണിച്ചട്ട-
യേതുടവാളിന്‍ കൊടും വായ്ത്തല്‌ മടക്കാത്തൂ?'
ഭാര്യയെക്കണ്ടെത്തിയ ധര്‍മ്മത്തിന്‍ സല്ലാപങ്ങ-
ളാര്യസത്യത്തിന്‍ സദസ്സിങ്കലെസ്സംഗീതങ്ങള്‍
മുക്തിതന്‍ മണിമയക്കാല്‍ത്തളക്കിലുക്കങ്ങള്‍,
മുറ്റുമെന്‍ ഗുരുവിന്റെ ശോഭനവചനങ്ങള്‍

പ്രണയത്താലേ ലോകം വെല്ലുമീ യോദ്ധാവിന്നോ
പ്രണവം ധനുസ്സാ,ത്മാവാശുഗം, ബ്രഹ്മം ലക്ഷ്യം;
ഓംകാരത്തെയും ക്രമാലലിയിച്ചലിയിച്ചു
താന്‍ കൈക്കൊള്ളുന്നൂ തുലോം സൂക്ഷ്മമാമംശം മാത്രം
ക്രിസ്്തുദേവന്റെ പരിത്യാഗശീലവും സാക്ഷാല്‍
ക്കൃഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായവും
ബുദ്ധന്റെയഹിംസയും, ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും

ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍
സ്ഥൈര്യവു,മൊരാളില്‍ച്ചേര്‍ന്നൊത്തുകാണണമെങ്കില്‍
ചെല്ലുവിന്‍ ഭവാ?ാ‍രെന്‍ ഗുരുവിന്‍ നികടത്തില്‍
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍

ഹാ, തത്ര ഭവല്‍പ്പാദമൊരിയ്ക്കല്‍ദ്ദര്‍ശിച്ചെന്നാല്‍
കാതരനതിധീരന്‍, കര്‍ക്കശന്‍ കൃപാവശന്‍;
പിശുക്കന്‍ പ്രദാനോല്‍ക്കന്‍, പിശുനന്‍ സുവചനന്‍,
അശുദ്ധന്‍ പരിശുദ്ധന്‍, അലസന്‍ സദായാസന്‍!
ആതതപ്രശമനാമത്തപസ്വിതന്‍ മുന്നില്‍
ആതതായിതന്‍ കൈവാള്‍ കരിംകൂവളമാല്യം;
കൂര്‍ത്ത ദംഷ്ട്രകള്‍ കേസരിയൊരു മാന്‍കു-
ഞ്ഞാ,ര്‍ത്തേന്തിത്തടംതല്ലും വന്‍കടല്‍ കളിപ്പൊയ്ക!
കാര്യചിന്തനംചെയ്യുന്നേരമന്നേതാവിന്നു
കാനനപ്രദേശവും കാഞ്ചനസഭാതലം;
ചട്ടറ്റ സമാധിയിലേര്‍പ്പെടുമാ യോഗിക്കു
പട്ടണനടുത്തട്ടും പര്‍വ്വതഗുഹാന്തരം!
ശുദ്ധമാം തങ്കത്തെത്താനല്ലയോ വിളയിപ്പ-
തദ്ധര്‍മ്മകൃഷകന്റെ സല്‍ക്കര്‍മ്മം വയല്‍തോറും?
സിദ്ധനാമവിടുത്തെ തൃക്കണ്ണോ, കനകത്തെ-
യിദ്ധരിത്രിതന്‍ വെറും മഞ്ഞമണ്ണായിക്കാണ്മൂ
ചാമരചലനത്താലിളിച്ചുകാട്ടും പിശാ-
ചാ മഹാവിരക്തനു പൂജ്യസമാമ്രാജ്യശ്രീയും;
ഏതു പൂങ്കഴലിന്നുമഴല്‍ തോന്നായ്‌വാനാരീ
സ്വാതന്ത്ര്യദുര്‍ഗാദ്ധ്വാവില്‍ പട്ടുകള്‍ വിരിക്കുന്നൂ
അത്തിരുവടി വല്ല വല്‍ക്കലത്തുണ്ടുമുടു-
ത്തര്‍ദ്ധനഗ്നനായല്ലോ മേവുന്നൂ സദാകാലം!
ഗീതയ്ക്കു മാതാവായ ഭൂമിയേ ദൃഢമിതു
മാതിരിയൊരു കര്‍മ്മയോഗിയെ പ്രസവിക്കൂ
ഹിമവദ്വിന്ധ്യാചല മദ്ധ്യദേശത്തേ കാണൂ
ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ
ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര
മംഗളം കായ്ക്കും കല്‍പപാദപമുണ്ടായ്്‌വരൂ
നമസ്തേ ഗതതര്‍ഷ! നമസ്തേ ദുരാധര്‍ഷ;
നമസ്തേ സുമഹാത്മന്‍, നമസ്തേ ജഗല്‍ഗുരോ!


 (അയ്യപ്പന്‍ അവസാനം എഴുതിയ 
കവിത)



അമ്പ് ഏതു നിമിഷവും മുതുകില്‍ തറയ്ക്കാം
 പ്രാണനും കൊണ്ട് ഓ!ടുകയാണ് 
വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും 
എന്റെ രുചിയോര്‍ത്ത്
 അഞ്ചെട്ടുപേര്‍ കൊതിയോടെ 
ഒരു മരവും മറ തന്നില്ല 
ഒരു പാറയുടെ വാതില്‍ തുറന്ന് 
ഒരു ഗര്‍ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി..
 ******************************************************





4 comments:

  1. സേവകാ, തവ നന്മാനസം കാണ്മിതേന്‍
    സ്നേഹിതാ, ശുഭചിന്തകളും തഥാ
    വാക്കുകെള്‍ക്കെല്ലാമതീതമായ്‌ത്തീരുന്നു
    സന്തതംകര്‍മ്മങ്ങളീവിധമേവതും.
    ഓതുവാനാളല്ലയെങ്കിലും ചൊല്‍വതേന്‍
    മേലിലുംതുടരുവാനാകട്ടെയീരവം
    പാരിലുയര്‍ന്നുയര്‍ന്നീടട്ടെ കവിതപോല്‍
    താവക,നാമവുമൊരുകാലമീവിധം.
    _അന്‍വര്‍ ഷാ ഉമയനല്ലൂര്‍_
    9846703746

    ReplyDelete
    Replies
    1. നന്ദി സോദരാ നല്ല വാക്കുകള്‍ക്ക് ..

      Delete
  2. സേവകാ, തവ നന്മാനസം കാണ്മിതേന്‍
    സ്നേഹിതാ, ശുഭചിന്തകളും തഥാ
    വാക്കുകെള്‍ക്കെല്ലാമതീതമായ്‌ത്തീരുന്നു
    സന്തതംകര്‍മ്മങ്ങളീവിധമേവതും.
    ഓതുവാനാളല്ലയെങ്കിലും ചൊല്‍വതേന്‍
    മേലിലുംതുടരുവാനാകട്ടെയീരവം
    പാരിലുയര്‍ന്നുയര്‍ന്നീടട്ടെ കവിതപോല്‍
    താവക,നാമവുമൊരുകാലമീവിധം.
    _അന്‍വര്‍ ഷാ ഉമയനല്ലൂര്‍_
    9846703746

    ReplyDelete
  3. അന്‍വര്‍ സാര്‍ മനോഹരമായിട്ടുണ്ട്

    ReplyDelete